എൽ.ഐ.സി നിക്ഷേപത്തിൽ അനിൽ അംബാനിക്കെതിരെ സി.ബി.ഐ കേസ്

anil ambani

 വലിയ തുക നിക്ഷേപിച്ച എൽ.ഐ.സിക്ക് ഒടുവിൽ നഷ്ടമായത് 2,684.57 കോടി രൂപ. റിലയൻസ് ക്യാപിറ്റൽ പുറത്തിറക്കിയ കടപ്പത്രങ്ങളിൽ നടത്തിയ 3,900 കോടി രൂപയുടെ നിക്ഷേപവുമായി ബന്ധപ്പെട്ടാണ് വ്യവസായി അനിൽ അംബാനി, റിലയൻസ് ക്യാപിറ്റൽ എന്നിവർക്കെതിരെ സി.ബി.ഐ കേസ് രജിസ്റ്റർ ചെയ്തത്. എൽ.ഐ.സി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

2012 ഏപ്രിൽ 12 മുതൽ 2018 മാർച്ച് 9 വരെയുള്ള കാലയളവിൽ റിലയൻസ് ക്യാപിറ്റൽ പുറത്തിറക്കിയ അഞ്ച് നോൺ-കൺവേർട്ടിബിൾ ഡിബഞ്ചറുകളിലായാണ് എൽ.ഐ.സി ആകെ 3,900 കോടി രൂപ നിക്ഷേപിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾക്കും ഫണ്ടിങ് ആവശ്യങ്ങൾക്കും നിലവിലുള്ള കടങ്ങൾ പുനഃക്രമീകരിക്കുന്നതിനുമായിരുന്നു ഈ നിക്ഷേപങ്ങൾ നടത്തിയത്. എന്നാൽ നിക്ഷേപിച്ച തുകയുടെ ഒരു വലിയ ഭാഗം പിന്നീട് തിരികെ ലഭിക്കാതെ പോയതായാണ് പരാതി.

തെറ്റായ വിവരങ്ങളും വാഗ്ദാനങ്ങളും നൽകി എൽ.ഐ.സിയെ നിക്ഷേപത്തിന് പ്രേരിപ്പിച്ചെന്നും, പിന്നീട് തുക വകമാറ്റി ഉപയോഗിച്ചെന്നുമാണ് ആരോപണം. ക്രിമിനൽ ഗൂഢാലോചന, വഞ്ചന, വിശ്വാസവഞ്ചന, ക്രിമിനൽ ദുരുപയോഗം, ഫണ്ട് വകമാറ്റൽ, അക്കൗണ്ടുകളിൽ കൃത്രിമം തുടങ്ങിയ കുറ്റങ്ങളാണ് കേസിൽ ആരോപിച്ചിരിക്കുന്നത്. ഇതിലൂടെ എൽ.ഐ.സിക്ക് 2,684.57 കോടി രൂപയുടെ നഷ്ടവും പ്രതികൾക്കും മറ്റ് ഗുണഭോക്താക്കൾക്കും തത്തുല്യമായ അനധികൃത നേട്ടവും ഉണ്ടായെന്നാണ് പരാതി.

അനിൽ അംബാനിക്കൊപ്പം റിലയൻസ് ക്യാപിറ്റലിന്റെ മുൻ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ സതീഷ് സേത്തും തിരിച്ചറിയാത്ത ചില സർക്കാർ ഉദ്യോഗസ്ഥരും കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. നിക്ഷേപിച്ച പണം എവിടേക്ക് പോയി, ഫണ്ട് വകമാറ്റത്തിൽ ആരുടെയൊക്കെ പങ്കുണ്ടായിരുന്നു തുടങ്ങിയ കാര്യങ്ങളാണ് സി.ബി.ഐ പരിശോധിക്കുന്നത്. അതേസമയം, അനിൽ അംബാനി തെറ്റൊന്നും ചെയ്തിട്ടില്ലെന്ന നിലപാടാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് നേരത്തെ വ്യക്തമാക്കിയിട്ടുള്ളത്.

Tags