ബിസിനസില്‍ സുസ്ഥിരത കൈവരിക്കാന്‍ ചിന്താഗതിയില്‍ മാതൃകാപരമായ മാറ്റം ആവശ്യമാണെന്ന് വിദഗ്ധര്‍

google news
ssss

തിരുവനന്തപുരം: ബിസിനസില്‍ സുസ്ഥിരത കൈവരിക്കാന്‍ ചിന്താഗതിയില്‍ മാതൃകാപരമായ മാറ്റം ആവശ്യമാണെന്ന് വിദഗ്ധര്‍. ഹ്രസ്വകാല ലാഭത്തിനു പകരം സുസ്ഥിര വളര്‍ച്ച ലക്ഷ്യമിടണമെന്നും ട്രിവാന്‍ഡ്രം മാനേജ്മെന്‍റ് അസോസിയേഷന്‍റെ (ടിഎംഎ) ട്രിമ-2023 ദ്വിദിന കണ്‍വെന്‍ഷനില്‍ വിദഗ്ധര്‍ സംരംഭകരോട് അഭ്യര്‍ഥിച്ചു.

'എ ന്യൂ ഇറാ ഓഫ് റെസ്പോണ്‍സിബിള്‍ ബിസിനസ്' എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയില്‍ ഉത്തരവാദിത്തത്തോടെയുള്ള മാനേജ്മെന്‍റിന്‍റെയും ജീവനക്കാര്‍ക്ക് പരിശീലനം നല്‍കേണ്ടതിന്‍റെയും ആവശ്യകതയെക്കുറിച്ച് പ്രഭാഷകര്‍ ഊന്നിപ്പറഞ്ഞു. തലസ്ഥാന മേഖലയുടെ സമഗ്രവും സുസ്ഥിരവുമായ വികസനത്തിനായുള്ള മാര്‍ഗരേഖ തയ്യാറാക്കുന്നതിനായി 'ട്രിവാന്‍ഡ്രം 5.0- പ്രോസ്പിരിറ്റി ബിയോണ്ട് പ്രോഫിറ്റ്' എന്ന പ്രമേയത്തിലാണ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചത്.

സുസ്ഥിര വികസനത്തിന്‍റെ പ്രധാന അളവുകോലുകളായി പീപ്പിള്‍, പ്ലാനറ്റ്, പ്രോഫിറ്റ് എന്നിവയുടെ ആവശ്യങ്ങള്‍ സന്തുലിതമാക്കാന്‍ ബിസിനസ് സ്ഥാപനങ്ങള്‍ ശ്രമിക്കണമെന്ന് ഫെഡറല്‍ ബാങ്ക് ചെയര്‍മാന്‍ സി. ബാലഗോപാല്‍ പറഞ്ഞു. ബിസിനസ് പ്രവര്‍ത്തനങ്ങളുടെ സാമ്പത്തിക, സാമൂഹിക, പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ സ്ഥാപനങ്ങള്‍ പരിഗണിക്കണം. ഇപ്പോഴത്തെ ആവശ്യങ്ങള്‍ നടപ്പാക്കുന്നതിനൊപ്പം ഭാവിതലമുറയുടെ ആവശ്യങ്ങള്‍ കൂടി നിറവേറ്റുന്നതിലാണ് സുസ്ഥിര വികസനം ഊന്നല്‍ നല്‍കേണ്ടത്. ഓരോ ബിസിനസ് പ്രവര്‍ത്തനത്തെക്കുറിച്ചും അപ്പപ്പോള്‍ മനസ്സിലാക്കാന്‍ ശ്രമിക്കണം. സുസ്ഥിരത നേടുന്നതിനായി നമ്മുടെ ചിന്തയുടെയും ജോലിയുടെയും രീതിയില്‍ കാര്യമായ മാറ്റം വരുത്തേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പരിസ്ഥിതി, സാമൂഹിക, ഭരണനിര്‍വഹണ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് ദീര്‍ഘകാല സാമ്പത്തിക നേട്ടമുണ്ടാക്കാനാകുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നതായി ചെമ്മണൂര്‍ അക്കാദമി ആന്‍ഡ് സിസ്റ്റംസ് സ്ഥാപക ഡയറക്ടര്‍ അനിഷ ചെറിയാന്‍ പറഞ്ഞു. കമ്പനി ബോര്‍ഡുകളില്‍ സ്ത്രീകള്‍ കുറവാണെന്ന് ചൂണ്ടിക്കാട്ടിയ അനിഷ, പുരുഷډാരും സ്ത്രീകളുമുള്‍പ്പെടുന്ന ബോര്‍ഡിന്‍റെ തീരുമാനങ്ങളും ഫലങ്ങളും മികച്ചതായിരിക്കുമെന്ന് അഭിപ്രായപ്പെട്ടു. തീരുമാനമെടുക്കുന്നതില്‍ സ്ത്രീകള്‍ തികച്ചും വ്യത്യസ്തമായ കാഴ്ചപ്പാട് സ്വീകരിക്കാറുണ്ട്. 

വനിതാ സിഇഒമാരുള്ള കമ്പനികള്‍ കൂടുതല്‍ ലാഭകരമാണെന്ന് ഗവേഷണങ്ങള്‍ തെളിയിക്കുന്നു. ഉപഭോക്തൃ മൂല്യം, പാരിസ്ഥിതിക പരിപാടികള്‍, ഗുണനിലവാരമുള്ള ജീവനക്കാര്‍, ഉത്തരവാദിത്തബോധമുള്ള മാനേജ്മെന്‍റ്, ശക്തമായ സമൂഹം എന്നിവയാണ് ഉത്തരവാദിത്ത ബിസിനസിന്‍റെ അഞ്ച് തൂണുകളെന്നും ജീവനക്കാര്‍ക്ക് കൃത്യമായ പരിശീലനവും തൊഴിലിനോടുള്ള ധാര്‍മ്മികതയും ഉറപ്പാക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

യുഎസ്ടി സിഎസ്ആര്‍ ഗ്ലോബല്‍ പ്രോഗ്രാം മാനേജര്‍ സ്മിത ശര്‍മ്മ, ഓടക്കു ഓണ്‍ലൈന്‍ സര്‍വീസസ് സ്ഥാപകന്‍ സേവ്യര്‍ ലോറന്‍സ് എന്നിവരും സംരംഭക മേഖലയിലെ പുതിയകാല ഉത്തരവാദിത്തങ്ങളെക്കുറിച്ച് തങ്ങളുടെ അഭിപ്രായങ്ങള്‍ അവതരിപ്പിച്ചു. പാലിയം ഇന്ത്യ സിഇഒ രാജ് കാലടി മോഡറേറ്റര്‍ ആയിരുന്നു.

വ്യവസായപ്രമുഖര്‍, പ്രൊഫഷണലുകള്‍, ബിസിനസ് ഫ്രറ്റേണിറ്റി അംഗങ്ങള്‍, നയരൂപകര്‍ത്താക്കള്‍, മാനേജ്മെന്‍റ് വിദ്യാര്‍ഥികള്‍ എന്നിവരുള്‍പ്പെടെ 400 ലധികം പ്രതിനിധികളാണ് ട്രിമ-2023 ല്‍ പങ്കെടുത്തത്.ന്യൂഡല്‍ഹി ആസ്ഥാനമായുള്ള ഓള്‍ ഇന്ത്യ മാനേജ്മെന്‍റ് അസോസിയേഷനുമായി (എഐഎംഎ) അഫിലിയേറ്റ് ചെയ്ത രാജ്യത്തെ പ്രധാന മാനേജ്മെന്‍റ് അസോസിയേഷനാണ് ടിഎംഎ.

Tags