ബിയർ അടിച്ചാൽ കീശ കീറും! മദ്യത്തിനും ശീതളപാനീയങ്ങള്‍ക്കും വില കൂടിയേക്കും
മദ്യം, ബിയര്‍, ശീതളപാനീയങ്ങള്‍ എന്നിവയുടെ പാക്കേജിംഗ് ചെലവ് കുത്തനെ ഉയര്‍ന്നതിനാല്‍ വേനല്‍ക്കാലത്ത് വില കൂടാന്‍ സാധ്യതയുണ്ട്. കുപ്പികളുടെയും കാനുകളുടെയും നിര്‍മ്മാണച്ചെലവില്‍ 30 മുതല്‍ 40 ശതമാനം വരെ വര്‍ധനവുണ്ടായതാണ് കമ്പനികളെ വില വര്‍ധിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നത്. വേനല്‍ച്ചൂട് കടുക്കുന്ന സമയത്ത് മദ്യത്തിനും ശീതളപാനീയങ്ങള്‍ക്കും വില കൂടാന്‍ സാധ്യത. മദ്യം, ബിയര്‍, ശീതളപാനീയങ്ങള്‍ എന്നിവയുടെ പാക്കേജിംഗ് ചെലവ് കുത്തനെ ഉയര്‍ന്നതാണ് ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയാകുന്നത്. കുപ്പിയുടെയും ടിന്നിന്‍റെയും വിലയിലുണ്ടായ വര്‍ധനവ് മൂലം വരും ദിവസങ്ങളില്‍ പാനീയങ്ങള്‍ക്ക് ആറ് മുതല്‍ ഏഴ് ശതമാനം വരെ വില വര്‍ധിച്ചേക്കുമെന്നാണ് വിപണി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
കുപ്പിക്കും മൂടിക്കും പൊന്നും വില!
പാനീയങ്ങള്‍ നിറയ്ക്കുന്ന കുപ്പികളുടെയും കാനുകളുടെയും നിര്‍മ്മാണച്ചെലവില്‍ 30 മുതല്‍ 40 ശതമാനം വരെയാണ് വര്‍ധനവുണ്ടായിരിക്കുന്നത്. ഇതാണ് വില വര്‍ധിപ്പിക്കാന്‍ കമ്പനികളെ പ്രേരിപ്പിക്കുന്നത്. പ്രധാന കാരണങ്ങള്‍ താഴെ പറയുന്നവയാണ്:
ഗ്ലാസ് കുപ്പികള്‍: മദ്യക്കുപ്പികളുടെ നിര്‍മ്മാണത്തിന് 80 ശതമാനവും ഗ്ലാസാണ് ഉപയോഗിക്കുന്നത്. ഇതിന്‍റെ വിലയില്‍ 8 മുതല്‍ 12 ശതമാനം വരെ വര്‍ധനവുണ്ടായി.
ബിയര്‍ കാനുകള്‍: ബിയര്‍ പാക്കേജിംഗില്‍ ഉപയോഗിക്കുന്ന അലുമിനിയം അലോയ് കാനുകള്‍ക്ക് മാര്‍ച്ച് മാസത്തില്‍ മാത്രം എട്ട് ശതമാനം വില കൂടി.
പ്ലാസ്റ്റിക് കുപ്പികള്‍: ശീതളപാനീയങ്ങള്‍ക്കായി ഉപയോഗിക്കുന്ന പെറ്റ് കുപ്പികളുടെ വിലയില്‍ കഴിഞ്ഞ മാസം മാത്രം 40 ശതമാനത്തിന്റെ വന്‍ വര്‍ധനവാണുണ്ടായത്.
മൂടികള്‍ : കുപ്പികളുടെ മൂടി നിര്‍മ്മിക്കാനുപയോഗിക്കുന്ന പോളിപ്രൊപ്പിലീന്‍ നിരക്കിലും 30 ശതമാനത്തിലധികം വര്‍ധന രേഖപ്പെടുത്തി.
കൂടാതെ, സാധനങ്ങള്‍ എത്തിക്കുന്നതിനുള്ള ചരക്കുനീക്ക കൂലിയില്‍ 10 ശതമാനം വര്‍ധനവുണ്ടായതും കമ്പനികള്‍ക്ക് കനത്ത ബാധ്യതയാകുന്നുണ്ട്.
വിലക്കയറ്റ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രമുഖ കമ്പനികളായ യുണൈറ്റഡ് സ്പിരിറ്റ്‌സ് , യുണൈറ്റഡ് ബ്രൂവറീസ് , അലൈഡ് ബ്ലെന്‍ഡേഴ്‌സ്, വരുണ്‍ ബിവറേജസ് , റാഡിക്കോ ഖൈത്താന്‍ തുടങ്ങിയവരുടെ ഓഹരികളെ വിപണി ഉറ്റുനോക്കുകയാണ്.
വില കൂടുന്നത് എങ്ങനെ?
ശീതളപാനീയങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനികള്‍ക്ക് വിപണിയിലെ സാഹചര്യങ്ങള്‍ക്കനുസരിച്ച് നേരിട്ട് വില വര്‍ധിപ്പിക്കാനാകും. എന്നാല്‍ മദ്യക്കമ്പനികള്‍ക്ക് വില കൂട്ടണമെങ്കില്‍ സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി ആവശ്യമാണ്. പാക്കേജിംഗ് ചെലവ് താങ്ങാനാവത്ത സാഹചര്യത്തില്‍ പല ബിവറേജ് അസോസിയേഷനുകളും വില വര്‍ധിപ്പിക്കാനുള്ള ആലോചനയിലാണ്. വേനല്‍ക്കാലത്ത് ബിയറിനും സോഡയ്ക്കുമൊക്കെ ഡിമാന്‍ഡ് ഏറുന്ന സമയത്തെ ഈ വിലവര്‍ധന സാധാരണക്കാരുടെ പോക്കറ്റ് ചോര്‍ത്തുമെന്നുറപ്പാണ്.
.jpg)


