എടിഎം വഴി ഇനി ഗോൾഡ് ലോൺ അതിവേഗം നേടാം !

Now you can get a gold loan quickly through ATM
Now you can get a gold loan quickly through ATM

അത്യാവശ്യ ഘട്ടങ്ങളിൽ സ്വർണം ഈട് വച്ച് വായ്പ എടുക്കാത്തവർ കുറവാണ്. ഗോൾഡ് ലോൺ ഇനി ഉപഭോക്താക്കൾക്ക് എടിഎം വഴി അതിവേഗം നേടാം. പൊതുമേഖലാ ബാങ്കായ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയാണ് കൃത്രിമബുദ്ധി (എഐ) അധിഷ്ഠിതമായ ഗോൾഡ് ലോൺ എടിഎം അവതരിപ്പിച്ചത്. തെലങ്കാനയിലെ വാറങ്കലിൽ ആദ്യ എടിഎമ്മിന്റെ ഉദ്ഘാടനം ബാങ്കിന്റെ മാനേജിങ് ഡയറക്ടറും സിഇഒയുമായ എം.വി. റാവു നിർവഹിച്ചു.

money

സ്വർണപ്പണയ വായ്പാവിതരണ നടപടിക്രമങ്ങളിൽ വൻ മാറ്റത്തിന് വഴിവയ്ക്കുന്നതാണ് സെൻട്രൽ ബാങ്കിന്റെ പുത്തൻ സംരംഭം. ഗോൾഡ് ലോൺ നൽകാനുള്ള നടപടിക്രമങ്ങൾ 10-12 മിനിറ്റിനകം പൂർത്തിയാക്കാൻ എടിഎമ്മിന് കഴിയും. ഉപഭോക്താവ് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ, ആധാർ നമ്പർ എന്നിവ കൈയിൽ കരുതിവേണം എടിഎമ്മിലെത്താൻ.

എങ്ങനെ സ്വർണമിട്ട് വായ്പ നേടാം?

എഐ അധിഷ്ഠിത ഗോൾഡ് ലോൺ എടിഎമ്മിൽ ഒരു ബോക്സ് ഉണ്ട്. ഇതിലാണ് ഉപഭോക്താവ് സ്വർണം വയ്ക്കേണ്ടത്. തൂക്കവും പരിശുദ്ധിയും എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് എടിഎം പരിശോധിക്കും. തുടർന്ന്, നിലവിലെ വിപണിവില അധിഷ്ഠിതമായ പണം വായ്പയായി ലഭ്യമാക്കും.

സ്വർണപ്പണയ വായ്പ മാനണ്ഡപ്രകാരം ഈടുവയ്ക്കുന്ന സ്വർണത്തിന്റെ വായ്പാത്തുകയുടെ 10% വരെ മാത്രമേ എടിഎമ്മിൽ നിന്ന് പണമായി ഉപഭോക്താവിന് കിട്ടൂ. ബാക്കിത്തുക നേരിട്ട് ബാങ്ക് അക്കൗണ്ടിലാണ് വരുക. സ്വർണ വായ്പയ്ക്കായി ഉപഭോക്താവ് നേരിട്ട് ബാങ്കിലെത്തുന്നത് ഒഴിവാക്കാമെന്നതും ഉപഭോക്താവിനും ബാങ്ക് ഉദ്യോഗസ്ഥർക്കും സമയം ലാഭിക്കാമെന്നതും ഗോൾഡ് ലോൺ എടിഎം നൽകുന്ന നേട്ടമാണ്. സെൻട്രൽ ബാങ്കിന്റെ ഇടപാടുകാർക്ക് മാത്രമേ ഈ ഗോൾഡ് എടിഎം ഉപയോഗിക്കാനാകൂ.

പരീക്ഷണാടിസ്ഥാനത്തിലാണ് ബാങ്ക് വാറങ്കലിൽ ഗോൾഡ് ലോൺ എടിഎം സ്ഥാപിച്ചത്. പ്രവർത്തനം വിജയകരമായാൽ രാജ്യത്തിന്റെ കൂടുതൽ മേഖലകളിലും സ്ഥാപിക്കും. മറ്റു ബാങ്കുകളും വൈകാതെ ഇതേ പാത പിന്തുടർന്നേക്കും.

Tags