നിർമിത ബുദ്ധി 2030- ഓടെ 500 ബില്യൺ ഡോളറിലധികം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥക്ക് സംഭാവന ചെയ്യുമെന്ന് പഠനം
കൊച്ചി: രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ ശക്തിപ്പെടുത്തുന്ന ഒരു അടിസ്ഥാന ശക്തിയായി നിർമിത ബുദ്ധി നീങ്ങാൻ ഒരുങ്ങുന്നതിനാൽ ഇന്ത്യ അതിന്റെ സാമ്പത്തിക പരിവർത്തനത്തിൽ നിർണായക ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് ഐബിഎമ്മും ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബിസിനസ് വാല്യൂവും ഇന്ത്യ എഐയും നടത്തിയ പുതിയ പഠനം. 2030 ആകുമ്പോഴേക്കും ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയിൽ നിർമിത ബുദ്ധി 500 ബില്യൺ ഡോളറിലധികം സംഭാവന ചെയ്യുമെന്നും ലോകത്തിലെ ഏറ്റവും ചലനാത്മകമായ എഐ നയിക്കുന്ന സമ്പദ്‌വ്യവസ്ഥകളിൽ രാജ്യം സ്ഥാനം പിടിക്കുമെന്നും പഠനം വെളിപ്പെടുത്തുന്നു.
'വാഗ്ദാനത്തിൽ നിന്ന് അധികാരത്തിലേക്ക്: എഐ ഇന്ത്യയുടെ സാമ്പത്തിക ഭാവിയെ എങ്ങനെ പുനർനിർവചിക്കുന്നു' എന്ന തലക്കെട്ടിലുള്ള പഠനം ഡെൽഹിയിൽ കേന്ദ്ര ഇലക്ട്രോണിക്സ് & ഐടി സെക്രട്ടറി എസ് കൃഷ്ണൻ പുറത്തിറക്കി. എഐ നിക്ഷേപങ്ങൾ ഇന്ത്യയുടെ ജിഡിപി വളർച്ചയെ നേരിട്ട് സ്വാധീനിക്കുമെന്ന് പഠനത്തിന്റെ ഭാഗമായ അഞ്ചിൽ നാല് വ്യവസായ പ്രമുഖർ വിശ്വസിക്കുന്നു, 2030 ഓടെ ഇന്ത്യ ഒരു മുൻനിര ആഗോള എഐ രാഷ്ട്രമായി ഉയർന്നുവരുമെന്ന് 73% പേരും പ്രതീക്ഷിക്കുന്നു.
എഐ അവലംബിക്കുന്നതിൽ സമകാലികരായ ആഗോള കമ്പനികളെക്കാൾ പിന്നിലാണെന്ന് സർവേയിൽ പങ്കെടുത്ത 72% സ്ഥാപനങ്ങളും സമ്മതിക്കുന്നത് ഒരു പരിമിതിയായി പഠനം കണ്ടെത്തുന്നു. പ്രതികരിച്ചവരിൽ 57% പേർ ഡാറ്റ ഗുണനിലവാരത്തിലെ ഏറ്റകുറച്ചിലുകളും 77% പേർ ചെലവേറിയതും സുരക്ഷിതമായ ക്ലൗഡ് അടിസ്ഥാന സൗകര്യത്തിന്റെ അഭാവവും എഐ കുതിപ്പിന് പ്രധാന തടസ്സങ്ങളാണെന്ന് പറയുന്നു.
നിർമിത ബുദ്ധിയിൽ വിദഗ്ദരെ സൃഷ്ടിക്കുന്നതിൽ ഇന്ത്യ ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും നൈപുണ്യ വിടവിലേക്ക് പഠനം വിരൽ ചൂണ്ടുന്നു. നിലവിൽ 30% ജീവനക്കാർക്ക് മാത്രമേ വ്യാപാരങ്ങൾക്ക് ആവശ്യമുള്ള എഐ സാക്ഷരതാ നിലവാരം ഉള്ളൂ. എന്നാൽ 2030ൽ ഇത് 57% ആയി ഉയരുമെന്ന് പ്രതികരിച്ചവർ സൂചിപ്പിക്കുന്നു. 2030 ഓടെ ഇന്ത്യയിൽ ആവശ്യമായ മൊത്തം എഐ പ്രതിഭകൾ 350 ദശലക്ഷത്തിലധികമാകുമെന്ന് പഠനം വ്യക്തമാക്കുന്നു.
.jpg)

