ആപ്പിളിന്റെ സിഇഒ സ്ഥാനം ഒഴിഞ്ഞ് ടിം കുക്ക് ; ജോൺ ടെർനസ് ആപ്പിളിൽ പുതിയ സിഇഒ

jhon

 കാലിഫോർണിയ: ആപ്പിളിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ സ്ഥാനത്തുനിന്ന് ടിം കുക്ക് സ്ഥാനമൊഴിഞ്ഞു. 2011ൽ സ്റ്റീവ് ജോബ്‌സ് സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ടിം കുക്ക് ആപ്പിൾ മേധാവിയായി സ്ഥാനമേറ്റത്. നീണ്ട 15 വർഷത്തെ വിജയകരമായ സേവനത്തിന് ശേഷമാണ് ടിം കുക്ക് ആപ്പിളിന്റെ സിഇഒ സ്ഥാനമൊഴിയുന്നത്. ആപ്പിളിന്റെ പുതിയ സിഇഒ ആയി ജോൺ ടെർനസ് ചുമതലയേറ്റു. ടിം കുക്ക് സ്ഥാനമൊഴഞ്ഞതോടെയാണ് സെപ്റ്റംബർ ഒന്ന് മുതൽ ടെർനസ് സ്ഥാനമേൽക്കുന്നത്. ഇനി മുതൽ കമ്പനിയുടെ എക്‌സിക്യൂട്ടീവ് ചെയർമാൻ എന്ന പുതിയ ചുമതലയിലാവും ടിം കുക്ക് തുടരുക. ആപ്പിളിന്റെ ഹാർഡ്വേർ എൻജിനിയറിങ് സീനിയർ വൈസ് പ്രസിഡന്റായി പ്രവർത്തിച്ചുവരികയായിരുന്നു ടെർനസ്.

'ആപ്പിൾ കമ്മ്യൂണിറ്റിയിലെ എല്ലാവർക്കും എന്റെ സ്നേഹം. സിഇഒ എന്ന നിലയിൽ ഇതെന്റെ അവസാനത്തെ ദിവസമാണ്. നാളെ ചിലപ്പോൾ എന്റെ സ്ഥാനപ്പേര് മാറുമായിരിക്കും. പക്ഷേ ആപ്പിളിനോട് എനിക്കുള്ള സ്നേഹത്തിന് അതുകൊണ്ട് യാതൊരു മാറ്റവുമുണ്ടാകില്ല. എപ്പോഴും എന്നെ പ്രചോദിപ്പിച്ചുകൊണ്ടിരുന്നതിന് നന്ദി. പറഞ്ഞറിയിക്കാനാകാത്ത നന്ദിയാണ് എനിക്കുള്ളത്. പുതിയ അധ്യായം തുറക്കുമ്പോൾ ഞാൻ വളരെയധികം ആകാംഷയിലാണ്'. ടിം കുക്ക് തന്റെ വിടവാങ്ങൽ പ്രഖ്യാപിച്ചുകൊണ്ട് പങ്കുവച്ച കുറിപ്പ്. 1998ലാണ് ടിം കുക്ക് ആപ്പിൾ കമ്പനിയിൽ ചേരുന്നത്. ആപ്പിളിന്റെ നിർണായക ഘട്ടങ്ങളിൽ പ്രവർത്തിച്ച അനുഭവസമ്പത്ത് കുക്കിനുണ്ട്. 2011ൽ ആപ്പിളിന്റെ സഹസ്ഥാപകനായ സ്റ്റീവ് ജോബ്സ് ആരോഗ്യകാരണങ്ങളെ തുടർന്ന് മാറി നിന്നതിന് പിന്നാലെയാണ് സിഇഒ ആയി ടിം കുക്ക് ചുമതലയേൽക്കുന്നത്. ആപ്പിൾ വാച്ച്, എയർപോഡ്‌സ്, ഹോം പോഡ്, വിഷൻ പ്രോ, എയർ ടാഗ് തുടങ്ങിയ ഉത്പന്നങ്ങൾ കമ്പനി അവതരിപ്പിച്ചത് ടിം കുക്കിന്റെ കാലത്താണ്. ആപ്പിൾ മ്യൂസിക്, ആപ്പിൾ ടിവി പോലുള്ള സേവനങ്ങൾ വളർന്നതും ഇക്കാലത്ത് തന്നെ. 2011ൽ സിഇഒ ആകുമ്പോൾ ഏകദേശം 350 ബില്യൺ ഡോളർ മൂല്യമുണ്ടായിരുന്ന ആപ്പിളിന്റെ വിപണി മൂല്യം കുക്കിന്റെ കാലഘട്ടത്തിൽ 4.6 ട്രില്യൺ ഡോളറിലധികം ഉയർന്നു. ലോകത്തിലാദ്യമായി 1 ട്രില്യൺ ഡോളർ മൂല്യം കൈവരിച്ച കമ്പനിയായി ആപ്പിൾ മാറിയത് കുക്കിന്റെ നേതൃത്വത്തിലാണ്.

25 വർഷത്തിലധികമായി ആപ്പിളിൽ പ്രവർത്തിക്കുന്ന പ്രമുഖ എൻജിനീയറാണ് പുതിയ സിഇഒആയ ജോൺ ടേനസ്. 2001ലാണ് ജോൺ ടെർനസ് ആപ്പിളിന്റെ ഭാഗമാവുന്നത്. പ്രൊഡക്ട് ഡിസൈൻ വിഭാഗത്തിലായിരുന്നു ആദ്യ ജോലി. പിന്നീട് ഹാർഡ്വേർ എൻജിനിയറിങ്ങിൽ സീനിയർ വൈസ് പ്രസിഡന്റായി. തുടർന്നുള്ള രണ്ട് പതിറ്റാണ്ടുകളിൽ ഐഫോണുകൾ, ഐപാഡുകൾ, ആപ്പിൾ വാച്ച്, മാക് കമ്പ്യൂട്ടറുകൾ എന്നിവയുൾപ്പെടെ വിവിധ ഉത്പന്നങ്ങളുടെ വികസനത്തിൽ അദ്ദേഹം മുൻനിരയിലുണ്ടായിരുന്നു. ഇതോടെ സെപ്റ്റംബറിൽ നടക്കുന്ന പുതിയ ആപ്പിൾ ലോഞ്ച് ഇവന്റിന് നേതൃത്വം വഹിക്കുക പുതിയ സിഇഒ ആയിരിക്കും.

Tags