'ടോപ്പ് ജിബിഎസ് എംപ്ലോയേഴ്സ് 2025' അംഗീകാരം അലിയാൻസ് സർവീസസ് ഇന്ത്യയ്ക്ക്
തിരുവനന്തപുരം: ടെക്നോപാർക്കിൽ പ്രവർത്തിക്കുന്ന അലിയാൻസ് സർവീസസ് ഇന്ത്യയ്ക്ക് ആഗോള ഗവേഷണ സ്ഥാപനമായ എവറസ്റ്റ് ഗ്രൂപ്പിൻറെ ടോപ്പ് ഗ്ലോബൽ ബിസിനസ് സർവീസസ് (ജിബിഎസ്) എംപ്ലോയർ 2025 അംഗീകാരം. ഗ്ലോബൽ ബിസിനസ് സർവീസസ് (ജിബിഎസ്) സ്ഥാപനങ്ങൾക്കിടയിൽ നടത്തിയ സമഗ്ര പഠനത്തെ അടിസ്ഥാനമാക്കിയാണ് രാജ്യത്തെ ഏറ്റവും മികച്ച തൊഴിൽദാതാക്കളിലൊന്നായി അലിയാൻസ് സർവീസസ് ഇന്ത്യയെ തിരഞ്ഞെടുത്തത്.
tRootC1469263">യുകെയിൽ നടന്ന എൻഗേജ് 2025- ലണ്ടൻ കോൺഫറൻസിലാണ് അവാർഡ് പ്രഖ്യാപിച്ചത്.എല്ലാവരെയും ഉൾക്കൊള്ളുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന നൂതന തൊഴിലിട സംസ്കാരം കെട്ടിപ്പടുക്കുന്നതിനുള്ള അലിയാൻസ് സർവീസസ് ഇന്ത്യയുടെ പ്രതിബദ്ധതയെ ഈ അംഗീകാരം പ്രതിഫലിപ്പിക്കുന്നു. ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് നിരക്ക്, വളർച്ച, തൊഴിൽ സംതൃപ്തി തുടങ്ങിയ ഘടകങ്ങളും പ്രാദേശിക ടാലൻറ് പൂളുകളെ ഫലപ്രദമായി ഉപയോഗിച്ചതും എവറസ്റ്റ് ഗ്രൂപ്പിൻറെ പഠനത്തിൽ വിലയിരുത്തി.
സന്തുഷ്ട ജീവനക്കാർ സന്തുഷ്ട ഉപഭോക്താക്കളെ സൃഷ്ടിക്കുന്നു എന്ന അടിസ്ഥാന പ്രമാണമാണ് അലിയാൻസ് സർവീസസ് ഇന്ത്യയ്ക്കുള്ളത്. ഇന്ത്യ, ഫിലിപ്പീൻസ്, പോളണ്ട് എന്നിവിടങ്ങളിലെ 400 ലധികം ജിബിഎസ് കമ്പനികളുടെ ഇടയിൽ ഗ്ലോബൽ ബിസിനസ് സർവീസസിനെ വ്യത്യസ്തമാക്കുന്നത് അലിയാൻസ് സർവീസസ് ഇന്ത്യയുടെ ഈ സമീപനമാണ്. ജീവനക്കാരുടെ സംതൃപ്തി മുന്നിൽക്കണ്ടുള്ള അലിയാൻസ് സർവീസിൻറെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം കൂടിയാണിത്.
പ്രമുഖ ഗവേഷണ സ്ഥാപനമായ എവറസ്റ്റ് ഗ്രൂപ്പ് വിപണിയിലെ സങ്കീർണ്ണമായ വെല്ലുവിളികളെ നേരിടാൻ ഉപഭോക്താക്കളെ സഹായിക്കുന്നതിനൊപ്പം പ്രവർത്തനമികവും സാമ്പത്തിക വളർച്ചയും സാധ്യമാക്കുന്നു.
പരസ്പര വിശ്വാസം, കരുതൽ, സമഗ്രത, സഹകരണം എന്നിവയിൽ അധിഷ്ഠിതമായ തൊഴിലിട സംസ്കാരം സൃഷ്ടിക്കുന്നതിനായി ഒന്നിച്ചു പ്രവർത്തിക്കുന്ന ജീവനക്കാരെ അഭിനന്ദിക്കുന്നതായി അലിയാൻസ് സർവീസസ് ഇന്ത്യയുടെ എംഡിയും സിഇഒയുമായ ജിസൺ ജോൺ പറഞ്ഞു. കമ്പനിയ്ക്ക് കൂടുതൽ വളരാനും വിവിധ അവസരങ്ങൾ ഉപയോഗപ്പെടുത്താനും ഇത്തരം അംഗീകാരങ്ങൾ വഴിതുറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2025ലെ മികച്ച ജിബിഎസ് തൊഴിൽദാതാവായി തിരഞ്ഞെടുക്കപ്പെട്ടതിലൂടെ അലിയാൻസ് സർവീസസ് ഇന്ത്യയുടെ പ്രശസ്തി വർദ്ധിക്കുന്നതിനൊപ്പം മികച്ച പ്രതിഭകളെ ആകർഷിക്കാനും അവസരമൊരുങ്ങും.
ആഗോളതലത്തിൽ അലിയാൻസ് ഗ്രൂപ്പിന് സേവനങ്ങൾ ലഭ്യമാക്കുന്ന മികച്ച കേന്ദ്രങ്ങളിലൊന്നാണ് അലിയാൻസ് സർവീസസിൻറെ ഭാഗമായ അലിയാൻസ് സർവീസസ് ഇന്ത്യ. തിരുവനന്തപുരത്തെ ടെക്നോപാർക്ക്, മുംബൈ, പൂനെ എന്നിവിടങ്ങളിലെ ഓഫീസുകളിൽ നിന്നായി 4,800-ലധികം ജീവനക്കാർ അലിയാൻസ് സർവീസസിൻറെ ഭാഗമാണ്.
അതിവേഗം വളർന്നു കൊണ്ടിരിക്കുന്ന ഈ കമ്പനി ഉപഭോക്താക്കളുടെ ജീവിതവും കരിയറും മെച്ചപ്പെടുന്നതിനുള്ള മികച്ച സേവനങ്ങൾ ലഭ്യമാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇൻഷുറൻസ് ഓപ്പറേഷൻസ്, ബിസിനസ് കൺസൾട്ടിംഗ്, ബിസിനസ് അനലിറ്റിക്സ്, ആക്ച്വറിയൽ സർവീസസ്, ഓട്ടോമേഷൻ, പിഎംഒ സർവീസസ്, ബിസിനസ് ടെസ്റ്റിംഗ്, ഫിനാൻഷ്യൽ ബിസിനസ് സർവീസസ് തുടങ്ങിയ സേവനങ്ങൾ ഇതിൽ പ്രധാനപ്പെട്ടതാണ്. ഇന്ത്യയ്ക്ക് പുറമെ ഫ്രാൻസ്, ജർമ്മനി, ഇറ്റലി, മൗറീഷ്യസ്, മൊറോക്കോ, പോർച്ചുഗൽ, റൊമാനിയ, സിംഗപ്പൂർ, സ്പെയിൻ, അമേരിക്ക എന്നിവിടങ്ങളിലും അലിയാൻസ് സർവീസസ് പ്രവർത്തിക്കുന്നുണ്ട്.
.jpg)


