വില കുറയും മൈലേജ് കൂടും! 400 സിസിയിൽ നിന്നും 350 സിസിയിലേക്ക് ട്രയംഫ് ബൈക്കുകൾ

Triumph350

ബ്രിട്ടീഷ് പ്രീമിയം ബൈക്ക് നിർമ്മാതാക്കളായ ട്രയംഫ് തങ്ങളുടെ പുതിയ 350 സിസി ശ്രേണി ഏപ്രിൽ ആറിന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നു. പുതുക്കിയ സ്പീഡ്, സ്‌ക്രാംബ്ലർ, ത്രക്സ്റ്റൺ മോഡലുകളാണ് ഈ പുതിയ സെഗ്‌മെന്റിൽ ഉൾപ്പെടുന്നത്. നിലവിലുള്ള 400 സിസി ശ്രേണിക്ക് പിന്നാലെ കുറഞ്ഞ വിലയിൽ കൂടുതൽ കരുത്തുറ്റ ബൈക്കുകൾ ലക്ഷ്യമിട്ടാണ് കമ്പനിയുടെ ഈ നീക്കം.

എൻജിൻ കരുത്തും സാങ്കേതികവിദ്യയും

പുതിയ 350 ശ്രേണിയിൽ നിലവിലുള്ള 398 സിസി എൻജിന്റെ പരിഷ്കരിച്ച പതിപ്പായിരിക്കും ഉപയോഗിക്കുക. എൻജിൻ സിലിണ്ടറിന്റെ വ്യാസമായ ബോറിൽ കുറവ് വരുത്തിയാണ് ഇത് 349 സിസിയിൽ എത്തിച്ചിരിക്കുന്നത്. ഇതിലൂടെ ടോർക്ക് ഡെലിവറി മെച്ചപ്പെടുത്താനുള്ള പ്രത്യേക സാങ്കേതികവിദ്യയും കമ്പനി പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ഔദ്യോഗിക കണക്കുകൾ പുറത്തുവിട്ടിട്ടില്ലെങ്കിലും, ഈ എൻജിൻ 35 ബിഎച്ച്പി വരെ പവറും 32-33 എൻഎം ടോർക്കും ഉത്പാദിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.


പ്രതീക്ഷിക്കുന്ന മാറ്റങ്ങൾ

ഡിസൈനും ഹാർഡ്‌വെയറും: 400 ശ്രേണിയിലെ അതേ സ്‌റ്റൈലും ഹാർഡ്‌വെയർ സവിശേഷതകളും പുതിയ ബൈക്കുകളിലും തുടരാൻ സാധ്യതയുണ്ട്.

പുതിയ ഫീച്ചറുകൾ: നിലവിലെ മോഡലുകളിൽ ഇല്ലാത്ത TFT ഡാഷ്, റൈഡ് മോഡുകൾ, ക്വിക്ക്-ഷിഫ്റ്റർ തുടങ്ങിയ ആധുനിക സവിശേഷതകൾ പുതിയ 350 സിസി പതിപ്പുകളിൽ കമ്പനി ഉൾപ്പെടുത്തിയേക്കും.

വിലക്കുറവ്: പുതിയ എൻജിൻ അളവ് പ്രകാരം 18 ശതമാനം ജിഎസ്ടി നിരക്കിലേക്ക് മാറുന്നത് ബൈക്കുകളുടെ വില കുറയാൻ സഹായിക്കും. നിലവിലുള്ള മോഡലുകളെ അപേക്ഷിച്ച് 15,000 മുതൽ 20,000 രൂപ വരെ വിലക്കുറവ് ഈ ശ്രേണിയിൽ പ്രതീക്ഷിക്കാം.

റോയൽ എൻഫീൽഡ് പോലുള്ള എതിരാളികൾ ശക്തമായ 350 സിസി സെഗ്‌മെന്റിൽ വലിയ ചലനം സൃഷ്ടിക്കാൻ ട്രയംഫിന്റെ ഈ പുതിയ നീക്കം സഹായിക്കുമെന്നാണ് വിപണിയിലെ വിലയിരുത്തൽ.
 

Tags