കിയ ഇന്ത്യയ്ക്ക് രാജ്യവ്യാപകമായി 150 ഗ്രീൻ വർക്ക്‌ഷോപ്പുകൾ

kia

രാജ്യവ്യാപക ഡീലർ ശൃംഖലയിൽ 150 ഗ്രീൻ വർക്ക്‌ഷോപ്പുകൾ എന്ന നേട്ടം മറികടന്ന് കിയ ഇന്ത്യ. നിലവിൽ 151 വർക്ക്‌ഷോപ്പുകളിൽ സൗരോർജ സംവിധാനങ്ങൾ സ്ഥാപിച്ചതോടെ ആകെ സ്ഥാപിത ശേഷി 11.8 മെഗാവാട്ടിലധികമായി. സർവീസ് പ്രവർത്തനങ്ങളിൽ പുനരുപയോഗ ഊർജം, ജലസംരക്ഷണം, ഉത്തരവാദിത്ത മാലിന്യസംസ്‌കരണം എന്നിവ ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പദ്ധതി വിപുലീകരിക്കുന്നത്. 2023ൽ മൂന്ന് വർക്ക്‌ഷോപ്പുകളും 165 കിലോവാട്ട് സൗരോർജ ശേഷിയുമായി ആരംഭിച്ച പദ്ധതി 2024ൽ 60 കേന്ദ്രങ്ങളിലേക്കും 2025ൽ 106 കേന്ദ്രങ്ങളിലേക്കും വളർന്നു. 2026ൽ പുതുതായി 45 വർക്ക്‌ഷോപ്പുകൾ കൂടി ചേർത്തതോടെയാണ് ആകെ എണ്ണം 151 ആയത്.

ഗ്രീൻ വർക്ക്‌ഷോപ്പ് പദ്ധതിയുടെ ഭാഗമായി പരമ്പരാഗത വാഹനവാഷിങ്ങിന് പകരം ഡ്രൈ വാഷിങ്, സ്റ്റീം വാഷിങ് തുടങ്ങിയ ജലസംരക്ഷണ രീതികൾ പ്രോത്സാഹിപ്പിക്കുന്നു. ഡ്രൈ വാഷിങ്ങിൽ വെള്ളം ഉപയോഗിക്കേണ്ടതില്ല; സ്റ്റീം വാഷിങ്ങിന് ഒരു വാഹനത്തിന് സാധാരണയായി 4–5 ലിറ്റർ വെള്ളം മതിയാകും. പരമ്പരാഗത വാഷിങ്ങിൽ ഏകദേശം 100–120 ലിറ്റർ വെള്ളം ആവശ്യമായി വരാം. 2026ൽ സർവീസിനിടെ ലഭിച്ച ഏകദേശം 2,269 ബാരൽ ഉപയോഗിച്ച എൻജിൻ ഓയിലും കാര്യക്ഷമമായി കൈകാര്യം ചെയ്തു. പ്രകൃതിദത്ത വെളിച്ചം, മലിനജല ശുദ്ധീകരണ പ്ലാന്റുകൾ, മോഷൻ സെൻസർ ലൈറ്റുകൾ, ജലരഹിത യൂറിനലുകൾ, മാലിന്യങ്ങൾ വേർതിരിച്ച് ശേഖരിക്കുന്ന സംവിധാനം എന്നിവയും പദ്ധതിയുടെ ഭാഗമാണ്. നിലവിലെ ശൃംഖലയിൽ ഉത്തരേന്ത്യയിൽ 53 ഉം ദക്ഷിണേന്ത്യയിൽ 43, പശ്ചിമേന്ത്യയിൽ 45 ഉം കിഴക്കൻ ഇന്ത്യയിൽ 10 വർക്ക്‌ഷോപ്പുകളുമുണ്ട്.

Tags