കരുതലേകാൻ പൊലീസിന്റെ ‘സിറ്റി ടസ്കേഴ്സ്' രംഗത്ത്

തൃശൂർ: നഗരത്തിൽ ക്രമസമാധാന പാലനം ഉറപ്പുവരുത്താനും സുഗമമായ വാഹന ഗതാഗത ക്രമീകരണത്തിനുമായി പൊലീസിന്റെ ‘സിറ്റി ടസ്കേഴ്സ് രംഗത്ത്. സിറ്റി പൊലീസിന്റെ ഇരുചക്ര വാഹന പട്രോളിങ്ങ് സംഘമാണിത്. വാഹനങ്ങൾ ശനിയാഴ്ച നിരത്തിലിറങ്ങും.
കമീഷണർ അങ്കിത് അശോകന്റെ ആശയം ഉൾക്കൊണ്ട് അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ചാണ് ഇരുചക്രവാഹനങ്ങളുടെ രൂപകൽപന നിർവഹിച്ചിരിക്കുന്നത്.
പത്ത് വാഹനങ്ങളാണ് ആദ്യഘട്ടത്തിൽ നിരത്തിലിറക്കുക. പരിശീലനം ലഭിച്ച പൊലീസ് ഉദ്യോഗസ്ഥരെയാണ് ഇതിൽ നിയോഗിച്ചിരിക്കുന്നത്. ക്രമസമാധാന പാലനം, ട്രാഫിക് ക്രമീകരണങ്ങൾ, അപകടസ്ഥലത്തേക്ക് ഉടനടി എത്തിച്ചേർന്ന് പരിക്കേറ്റവരെ സഹായിക്കുക, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ തടയുക തുടങ്ങിയ ചുമതലകൾ ഇവർക്കുണ്ടാകും.
വിവിധ മേഖലകളായി തിരിച്ച് രാവും പകലും സേവനമെത്തിക്കുന്ന തരത്തിലാണ് ഇവരെ വിന്യസിക്കുക. വൈകീട്ട് ആറിന് കമീഷണർ ഓഫിസിന് മുൻവശത്ത് കമീഷണർ അങ്കിത് അശോകനും സൗത്ത് ഇന്ത്യൻ ബാങ്ക് സീനിയർ ജനറൽ മാനേജർ ആന്റോ ജോർജും ചേർന്ന് ഫ്ലാഗ്ഓഫ് ചെയ്യും.
അന്താരാഷ്ട്ര ഡിസൈൻ
അന്താരാഷ്ട്ര നിലവാരത്തിലുള്ള ഡിസൈനാണ് പൊലീസ് പട്രോളിങ് വാഹനത്തിന്റേത്. റിഫ്ലക്ടീവ് ജാക്കറ്റുകളാണ് ഉദ്യോഗസ്ഥർ ധരിക്കുക. ആശയവിനിമയം നടത്താൻ വയർലെസ് സംവിധാനം, അത്യാഹിത സേവനങ്ങൾ നടത്താൻ ബീക്കൺ ലൈറ്റുകൾ, അലാം സംവിധാനം, പ്രഥമ ശുശ്രൂഷ കിറ്റുകൾ, ട്രാഫിക് ലൈറ്റുകൾ, ടോർച്ച് ലൈറ്റ് തുടങ്ങിയവയെല്ലാം ബൈക്കിൽ സജ്ജീകരിച്ചിരിക്കുന്നു.
കരുതലേകാൻ ‘സിറ്റി ടസ്കേഴ്സ്’
ശനിയാഴ്ച പുറത്തിറങ്ങുന്ന ബൈക്കുകളൊന്നും പുതുതായി വാങ്ങിയവയല്ല. പലതും പത്തുവർഷത്തിലധികം പഴക്കമുള്ളവയാണ്. സാധാരണ പൊലീസ് വാഹനങ്ങൾ ഉപയോഗിച്ച് പഴകുമ്പോഴും കാലാവധി തീരുമ്പോഴും ലേലം വിളിച്ച് വിൽക്കുകയാണ് പതിവ്. എന്നാൽ, കമീഷണറുടെ ആശയപ്രകാരം ഉപയോഗിച്ചുപഴകിയ വാഹനങ്ങൾ പുനർ നിർമിച്ചെടുത്തിരിക്കുകയാണ്. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധതാ ഫണ്ടിൽനിന്നാണ് ഇതിനായി പണം ചെലവഴിച്ചത്.