വാഹന കയറ്റുമതിയില്‍ ജപ്പാനെ പിന്തള്ളി ചൈന ഒന്നാമത്

google news
vehicle

ആഗോളതലത്തിലെ വാഹന കയറ്റുമതിയില്‍ ഈ വര്‍ഷത്തെ ആദ്യ പാദത്തില്‍ ജപ്പാനെ പിന്തള്ളി ചൈന ഒന്നാമത്. റഷ്യന്‍ വിപണിയിലെ വില്‍പന വര്‍ധനവും വൈദ്യുത വാഹന രംഗത്തെ സ്വാധീനവുമാണ് ചൈനക്ക് ഗുണമായത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ആറു ശതമാനം വര്‍ധനവാണ് ജപ്പാന്‍ വാഹന കയറ്റുമതിയില്‍ രേഖപ്പെടുത്തിയത്. എന്നാല്‍ 2022ലെ ആദ്യ പാദത്തെ അപേക്ഷിച്ച് 2023 ആദ്യ പാദത്തിലെത്തുമ്പോഴേക്കും 58 ശതമാനമെന്ന വന്‍ കുതിപ്പാണ് ചൈന സ്വന്തമാക്കിയിരിക്കുന്നതെന്ന് നിക്കെയ് ഏഷ്യ റിപ്പോര്‍ട്ടു ചെയ്യുന്നു.

ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ 10.7 ലക്ഷം വാഹനങ്ങളാണ് ചൈന വിദേശത്തേക്ക് കയറ്റുമതി ചെയ്തത്. ഇതേ കാലത്ത് ജപ്പാന് 9.50 ലക്ഷം വാഹനങ്ങളാണ് കയറ്റുമതി ചെയ്യാന്‍ സാധിച്ചത്. റഷ്യന്‍ വാഹന വിപണിയില്‍ ചൈനീസ് സ്വാധീനം വര്‍ധിച്ചതും ജപ്പാന്‍ പിന്മാറിയതും അവര്‍ക്ക് വലിയ തോതില്‍ ഗുണം ചെയ്തു. അമേരിക്കയുമായി സഖ്യത്തിലുള്ള രാജ്യങ്ങള്‍ യുക്രെയ്ന്‍ അധിനിവേശത്തിന് പിന്നാലെ റഷ്യന്‍ വിപണിയില്‍ നിന്നു പിന്‍മാറിയിരുന്നു. ഈ അവസരം മുതലാക്കി റഷ്യയിലേക്കുള്ള വാഹന കയറ്റുമതി ചൈന മൂന്നിരട്ടി വര്‍ധിപ്പിക്കുകയും ചെയ്തു.

വൈദ്യുത വാഹന നിര്‍മാണത്തിന് പിന്തുണ നല്‍കുന്ന ചൈനീസ് സര്‍ക്കാര്‍ നയവും ഈ നേട്ടത്തിന് അവരെ സഹായിച്ചിട്ടുണ്ട്. ഈ വര്‍ഷം ആദ്യ പാദത്തില്‍ 3.80 ലക്ഷം വൈദ്യുത വാഹനങ്ങളാണ് ചൈന കയറ്റുമതി ചെയ്തത്. ചൈനയുടെ ആകെ വാഹന കയറ്റുമതിയുടെ 40 ശതമാനം ഈ വൈദ്യുത വാഹനങ്ങളായി മാറുകയും ചെയ്തു. അതേസമയം വൈദ്യുത വാഹന നിര്‍മാണത്തില്‍ മെല്ലെപ്പോക്കിലായ ജപ്പാന് അവരുടെ ശക്തി മേഖലകളായ തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ പോലും തിരിച്ചടി ഏല്‍ക്കുകയും ചെയ്തു.

ബെല്‍ജിയവും ആസ്‌ട്രേലിയയുമാണ് ചൈന ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ കയറ്റുമതി ചെയ്ത രാജ്യങ്ങളില്‍ ആദ്യ സ്ഥാനങ്ങളിലുള്ളത്. മൂന്നാം സ്ഥാനം തായ്‌ലാന്‍ഡിനാണ്. പരമ്പരാഗതമായി ജാപ്പനീസ് വാഹനങ്ങള്‍ക്ക് മുന്‍തൂക്കമുള്ള തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്ക് കടന്നുവരാന്‍ ചൈനയെ സഹായിച്ചത് വൈദ്യുത വാഹന മേഖലയിലെ കരുത്താണ്. തദ്ദേശീയ കമ്പനികളുടെ മാത്രം കരുത്തിലല്ല ചൈന ഈ നേട്ടത്തിലെത്തിയതെന്നതും കൂട്ടിവായിക്കേണ്ടതാണ്. അമേരിക്കന്‍ കമ്പനിയായ ടെസ്‌ല അവരുടെ ഷാങ്ഹായിലെ ഫാക്ടറിയില്‍ നിര്‍മിക്കുന്ന വാഹനങ്ങളാണ് കാനഡ അടക്കമുള്ള രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നത്.

Tags