ഡ്രൈവിങ്ങിനിടെ കാറിന്റെ ടെമ്പറേച്ചർ കൂടുന്നുണ്ടോ? പേടിക്കേണ്ട, ആദ്യം ചെയ്യേണ്ട കാര്യങ്ങൾ അറിയാം
ട്രാഫിക് ബ്ലോക്കിൽ പെടുന്നതും കടുത്ത ചൂടും ദീർഘനേരത്തെ യാത്രയും കാറിന്റെ എൻജിൻ തകരാറിലാക്കാൻ പോന്ന കാരണങ്ങളാണ്. ഡാഷ്ബോർഡിലെ ടെമ്പറേച്ചർ സൂചകം റെഡ് സോണിലേക്ക് നീങ്ങുന്നതോ മുന്നറിയിപ്പ് ലൈറ്റ് പ്രകാശിക്കുന്നതോ ഒരിക്കലും അവഗണിക്കരുത്. എഞ്ചിൻ ഹീറ്റാകുമ്പോൾ പരിഭ്രാന്തരായി പെട്ടെന്ന് തെറ്റായ തീരുമാനങ്ങളെടുക്കുന്നത് വലിയ അപകടങ്ങൾക്കും കാറിന് ഗുരുതരമായ കേടുപാടുകൾക്കും വഴിവെച്ചേക്കാം.
എസി ആദ്യം ഓഫ് ചെയ്യണോ?
എൻജിൻ ചൂടാകുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ ആദ്യം കാറിന്റെ എസി ഓഫ് ചെയ്യാം. ഇത് എൻജിനിലെ അധികഭാരം കുറയ്ക്കാൻ സഹായിക്കും. തുടർന്ന് റോഡിലെ സാഹചര്യം കണക്കിലെടുത്ത് സുരക്ഷിതമായ സ്ഥലത്തേക്ക് വാഹനം മാറ്റുക. എന്നാൽ താപനില അമിതമായി ഉയരുകയോ മുന്നറിയിപ്പ് ലൈറ്റ് തെളിയുകയോ പുക പുറത്തുവരികയോ ചെയ്താൽ യാത്ര തുടരരുത്. സുരക്ഷിതമായി വാഹനം നിർത്തി എൻജിൻ ഓഫ് ചെയ്യണം. റോഡിന്റെ നടുവിലോ അപകടസാധ്യതയുള്ള സ്ഥലത്തോ പെട്ടെന്ന് വാഹനം നിർത്തുന്നത് ഒഴിവാക്കുക.
ചൂടായ എൻജിൻ ഉടൻ ഓഫ് ചെയ്യാമോ?
എൻജിൻ ചെറുതായി ചൂടാകുന്നതും അമിതമായി ചൂടാകുന്നതും തമ്മിൽ വ്യത്യാസമുണ്ട്. Temperature Warning ഉണ്ടാവുകയാണെങ്കിൽ വാഹനം സുരക്ഷിതമായി നിർത്തി എൻജിൻ ഓഫ് ചെയ്യുന്നതാണ് ഉചിതം. പുക ഉയരുകയോ അസാധാരണമായ ശബ്ദം കേൾക്കുകയോ ചെയ്യുന്ന സാഹചര്യത്തിലും യാത്ര തുടരരുത്. ചില വാഹനങ്ങളിൽ എൻജിൻ ചൂട് കുറയ്ക്കാൻ ഹീറ്റർ ഉപയോഗിക്കുന്നത് സഹായിച്ചേക്കാം. എന്നാൽ അമിതമായി ചൂടായ എൻജിനുമായി യാത്ര തുടരാനുള്ള മാർഗമായി ഇതിനെ കാണരുത്. വാഹനത്തിന്റെ താപനില നിയന്ത്രണവിധേയമാകുന്നില്ലെങ്കിൽ സുരക്ഷിതമായി വണ്ടി നിർത്തി സഹായം തേടണം.
ബോണറ്റ് തുറക്കുമ്പോൾ ശ്രദ്ധിക്കണം
എൻജിൻ ചൂടായിരിക്കുമ്പോൾ ബോണറ്റ് തുറക്കുന്നത് അപകടകരമായേക്കാം. ഉള്ളിൽനിന്ന് ചൂട് പുറത്തേക്ക് വരാനും പൊള്ളലേൽക്കാനും സാധ്യതയുണ്ട്. അതിനാൽ വാഹനം നിർത്തിയ ഉടൻ ബോണറ്റ് തുറക്കാതെ എൻജിൻ തണുക്കാൻ സമയം നൽകുക. പ്രത്യേകിച്ച് റേഡിയേറ്ററിന്റെ അടപ്പോ കൂളന്റ് ടാങ്കിന്റെ അടപ്പോ ചൂടുള്ളപ്പോൾ തുറക്കരുത്. കൂളിങ് സംവിധാനത്തിനുള്ളിൽ സമ്മർദം നിലനിൽക്കുന്നതിനാൽ ചൂടുള്ള ദ്രാവകം പുറത്തേക്ക് തെറിച്ച് ഗുരുതരമായി പൊള്ളലേൽക്കാം.
ചൂടായ എൻജിനിലേക്ക് തണുത്ത വെള്ളം ഒഴിക്കരുത്
എൻജിൻ അമിതമായി ചൂടായിരിക്കുമ്പോൾ അതിലേക്ക് പെട്ടെന്ന് തണുത്ത വെള്ളം ഒഴിക്കുന്നത് ഒഴിവാക്കണം. താപനിലയിലുണ്ടാകുന്ന പെട്ടെന്നുള്ള മാറ്റം ചില ഭാഗങ്ങൾക്ക് കേടുപാടുകൾ വരുത്താൻ സാധ്യതയുണ്ട്. എൻജിൻ പൂർണമായി തണുത്തശേഷം വാഹനത്തിന്റെ നിർദേശങ്ങൾ അനുസരിച്ച് കൂളന്റ് നില പരിശോധിക്കാം. കൂളന്റ് വീണ്ടും വീണ്ടും കുറയുന്നുണ്ടെങ്കിൽ അത് ചോർച്ചയുടെയോ കൂളിങ് സംവിധാനത്തിലെ മറ്റേതെങ്കിലും തകരാറിന്റെയോ സൂചനയായിരിക്കാം. ഇത്തരം സാഹചര്യങ്ങളിൽ മെക്കാനിക്കിന്റെ സഹായം തേടണം.
എൻജിൻ വീണ്ടും ചൂടായാൽ അവഗണിക്കരുത്
ഒരിക്കൽ താപനില സാധാരണ നിലയിലെത്തിയതുകൊണ്ട് പ്രശ്നം പൂർണമായി പരിഹരിച്ചുവെന്ന് കരുതരുത്. റേഡിയേറ്റർ, കൂളന്റ്, വാട്ടർ പമ്പ് തുടങ്ങിയ ഭാഗങ്ങളിലെ തകരാറുകൾ എൻജിൻ ആവർത്തിച്ച് ചൂടാകാൻ കാരണമാകാം. അതുകൊണ്ട് ഇത്തരം പ്രശ്നങ്ങൾ തുടർച്ചയായി അനുഭവപ്പെടുന്നുണ്ടെങ്കിൽ വാഹനം വീണ്ടും വീണ്ടും ഓടിച്ച് പരീക്ഷിക്കാതെ സർവീസ് സെന്ററിൽ പരിശോധന നടത്തണം. കൃത്യസമയത്ത് തകരാർ കണ്ടെത്തുന്നത് വലിയ അറ്റകുറ്റപ്പണികളും അനാവശ്യ ചെലവുകളും ഒഴിവാക്കാൻ സഹായിക്കും.
.jpg)


