വീടിനായി മരം മുറിക്കുമ്പോൾ ഇവ ശ്രദ്ധിച്ചോളൂ

woodcutting
woodcutting

മരം മുറിക്കുന്നതിനെക്കുറിച്ച് പറയുമ്പോൾ സാധാരണ ഇന്നയിന്ന മരങ്ങൾ ഇന്നയിന്ന കാലത്താണ് മുറിക്കേണ്ടതെന്നൊരു കണക്ക് സൂചിപ്പിക്കുന്നുണ്ട്. വൃക്ഷത്തിന്റെ വളർച്ചാകാലത്ത് അതിനെ വെട്ടാൻ പാടില്ല. ഓരോന്നിനും വളർച്ച നിൽക്കുന്ന ഘട്ടമുണ്ട്. അത് ഓരോ മരങ്ങൾക്കും ഓരോ തരത്തിലും സമയത്തുമാണ്. ആ സമയത്തു മുറിച്ചാലാണ് അതിന്റെ മുഴുവൻ പ്രയോജനവും കിട്ടുക.

മരം മുറിക്കുന്നതിനു മുമ്പ് അതിനെ പൂജിക്കണം എന്നാണ് ശാസ്ത്രം. ആ മരം ഞങ്ങൾ മുറിക്കുകയാണ്, അതുകൊണ്ട് അതിന്മേലുള്ള ജീവജാലങ്ങളൊക്കെ ഒഴിഞ്ഞുപോയി വേറെ സ്ഥലം കണ്ടുപിടിക്കണം, ഇത് ഞങ്ങളുടെ ആവശ്യത്തിനെടുക്കേണ്ടതായുണ്ട് എന്നു പറഞ്ഞ് തലേന്നു രാത്രി പൂജ ചെയ്ത് ആ രാത്രി അവിടെയുറങ്ങി പുലരുമ്പോഴേ മുറിക്കാൻ പാടുള്ളൂ എന്നാണ്. അതിലെ ജീവജാലങ്ങൾക്ക് പുനരധിവാസത്തിന് 24 മണിക്കൂർ സമയം കൊടുക്കണം. എന്നിട്ട് പിറ്റേ ദിവസം മുറിച്ചു കൊണ്ടു വരണം.

മരം എങ്ങനെയാണ് ഭൂമിയിൽ നിന്നിരുന്നതെന്നുവച്ചാൽ അങ്ങനെ തന്നെ വേണം വീടിന്റെ ഭാഗങ്ങളിലും ഉപയോഗിക്കുവാൻ. അപ്പോൾ ഒരു ജനൽ പണിയുമ്പോൾ വൃക്ഷത്തിന്റെ കട ചുവട്ടിലും തല മുകളിലും തന്നെയാവണം. കട–തല നമുക്കൊന്നും നോക്കിയാൽ അറിയാൻ പ്രയാസമാണ്. പഴയ ആശാരിമാർക്കൊക്കെയാണെങ്കിൽ മുറിച്ചു കഴിഞ്ഞ മരത്തിന്റെ ഭാഗം കണ്ടാൽ ഇന്നത് കട, ഇന്നഭാഗം തല എന്നൊക്കെ തിരിച്ചറിയാൻ കഴിയും.

അതുകൊണ്ടാണ് ഉത്തമന്മാരായ ആശാരിമാരെ പണിക്കായി കണ്ടെത്തണം എന്നു പറയുന്നത്. ശാസ്ത്രം നോക്കിയേ അവർ പണിയൂ. തെക്കുവടക്കു വയ്ക്കുന്ന ഉത്തരത്തിന്റെയോ മോന്തായത്തിന്റെയോ ഒക്കെ തല വടക്കോട്ടാവണം. കിഴക്കുപടിഞ്ഞാറ് വയ്ക്കുകയാണെങ്കിൽ അതിന്റെ തല കിഴക്കാവണം. ഉത്തരം കൂട്ടുമ്പോൾ അതെല്ലാം മനസ്സിലുണ്ടാവണം.

ഏതു തടി വേണം എന്ന് ചിലർ ചോദിക്കാറുണ്ട്. തടിയുടെ കാര്യത്തിലും ഗൃഹത്തിന്റെ നിർമാണസാധനങ്ങളുടെ കാര്യത്തിലും പറയുമ്പോൾ രണ്ടുദ്ദേശ്യമേ ശാസ്ത്രം പറയുന്നുള്ളൂ; കല്പാന്തകാലത്തോളം നിലനിൽക്കാൻ ഉറപ്പുള്ള മരം, കല്ല് മുതലായവകൊണ്ടു പണിയണം ഗൃഹം.

Tags