ഭർത്താവിന്റെ ആയുസ്സിനും യശസ്സിനും ഈ വ്രതം അനുഷ്ഠിക്കാം

vratham
vratham

സ്ത്രീ പുരുഷഭേദമന്യേ എല്ലാ ഭക്തരും വ്രതങ്ങൾ എടുക്കാറുണ്ട്. എന്നാൽ  സ്ത്രീകൾ മാത്രമാണ് തിങ്കളാഴ്ച വ്രതം അനുഷ്ഠിക്കുന്നത്. പെൺകുട്ടി ഋതുമതിയാകുന്ന സമയം മുതൽ ഇഷ്ടവര പ്രാപ്തിക്കായി ആചരിക്കുന്ന ഈ വ്രതം വൈധവ്യകാലം വരുമ്പോൾ മാത്രമാണ് മുടക്കുന്നത്. സതീദേവി ജീവത്യാഗം ചെയ്തശേഷം അത്യന്തം കോപാകുലനായ ദക്ഷിണാമൂർത്തിയെക്കൊണ്ട് തന്റെ ഭർതൃപദം പാർവതി സ്വീകരിപ്പിച്ചത് കൃത്യമായി സോമവാര വ്രതം ആചരിച്ചിട്ടാണ്. അതിന്റെ തുടർച്ചയെന്നോണം ശിവപ്രീതിക്കായി സ്ത്രീകൾ തിങ്കളാഴ്ചകളിൽ വ്രതം എടുക്കുകയും ക്ഷേത്ര ദർശനം നടത്തുകയും ചെയ്യുന്നു.

12 തിങ്കളാഴ്ചകളിൽ തുടർച്ചയായി വ്രതം എടുക്കുന്നത് വിവാഹം നടക്കാൻ സഹായിക്കുന്നു എന്നാണ് വിശ്വാസം. പലകാരണങ്ങളാൽ മുടങ്ങി പോകുന്ന വിവാഹം ഉത്തമനായ വരനെ കണ്ടെത്തി നടക്കുവാൻ ശിവൻ അനുഗ്രഹിക്കുന്നു. തിങ്കളാഴ്ച വ്രതം എടുക്കുമ്പോൾ ഏറ്റവും പ്രധാനം മനശുദ്ധിയാണ്‌. മേടം, ഇടവം, വൃശ്ചികം, ചിങ്ങം എന്നീ മലയാള മാസങ്ങളിലെ തിങ്കളാഴ്ച വ്രതാനുഷ്ഠാനം ഏറെ ഗുണകരമാണ്. 

ഇതുപോലെ തിങ്കളാഴ്ചയും രോഹിണി നക്ഷത്രവും ചേര്‍ന്നു വരുന്ന ദിവസത്തെ വ്രതം ഏറെ വിശിഷ്ടമാണ്. ഈ ദിവസങ്ങളിൽ വ്രതമെടുക്കുന്നത് കൊണ്ട് ദാമ്പത്യജീവിതത്തിൽ എന്ത് ആഗ്രഹിച്ചാലും ലഭ്യമാകും എന്നാണ് പറയുന്നത്. ദാമ്പത്യ പ്രശ്‌നങ്ങള്‍ തീര്‍ക്കുന്നതിനും ഭര്‍ത്താവും സന്താനങ്ങളും കാരണം കുടുംബത്തിന് ഉന്നതിയുണ്ടാകാനുമെല്ലാം തിങ്കളാഴ്ച വ്രതം ഗുണകരമാണ്.

vratham
അതിരാവിലെ ശരീരശുദ്ധിവരുത്തി ഭസ്മം തൊടുന്നത്, പ്രത്യേകിച്ചും നനച്ചു തൊടുന്നത് ഏറെ നല്ലതാണ്. ശേഷം, ശിവക്ഷേത്ര ദർശനം നടത്തി, ശിവന് കൂവളത്തിലയും, ശ്രീപാർവ്വതി ദേവിക്ക് വെളുത്ത പുഷ്പങ്ങളും അർപ്പിക്കുക. ഇത് ഭർത്താവിന്റെ ഐശ്വര്യത്തിനും സന്താന ഭാഗ്യത്തിനും മംഗലഭാഗ്യത്തിനും ഉത്തമമായി കരുതുന്നു. സാധാരണ തിങ്കളാഴ്ച ഒരിക്കലായിട്ടാണ് വ്രതം ആചരിക്കുന്നത്.

 അതായത് അന്നേ ദിവസം ഒരു പ്രാവശ്യം മാത്രമേ അരി ആഹാരം കഴിക്കൂ. മറ്റ് നേരങ്ങളിൽ അരിയാഹാരം പാടില്ല. വ്രതം എടുക്കുന്നവർ ശിവക്ഷേത്രത്തിലെ നേദ്യചോറ് കഴിക്കാറുണ്ട്. അതിനു സാധിക്കാത്തവർ വീടുകളിൽ ശുദ്ധമായി വച്ചുണ്ടാക്കി അരിയാഹാരം കഴിക്കുന്നു. തുടർന്ന് അന്നേ ദിവസം ശിവ ഭജനവുമായി മുന്നോട്ട് പോകുന്നു.

ജീവിതത്തിൽ എല്ലാവിധ സൗഖ്യങ്ങളും ഉണ്ടാകുന്നതിനായി തിങ്കളാഴ്ച ദിവസത്തെ ശിവഭജനം സഹായിക്കുന്നു. ശിവന്റെ മന്ത്രങ്ങൾ ഉരുവിട്ട് ശിവക്ഷേത്രം വലം വയ്ക്കുന്നതും വിളക്ക് കൊളുത്തി ശിവഭജനം നടത്തുന്നതും പൂജ നടത്തുന്നതിനു തുല്യമായി കണക്കാക്കിപ്പോരുന്നു. 

എന്നാൽ വ്രതമെടുക്കുമ്പോൾ ശിവപാർവ്വതി മന്ത്രങ്ങൾ ചേർത്ത് വേണം ശിവനെ ഭജിക്കാൻ. കാരണം, ദാമ്പത്യ സൗഖ്യത്തിനായാണ് ഈ വ്രതം, പരമശിവന്റെ പകുതി ശരീരം ശ്രീപാർവതി വസിക്കുന്നിടമായി കണക്കാക്കപ്പെടുന്നു. ആയതിനാൽ ശിവപാർവതിമാരെ ഒരുമിച്ച് ഭജിക്കണം. ഇത് ഇരട്ടി ഫലം നൽകും.
 

Tags