എന്താണ്‌ തറവാട് ?

tharavad
tharavad

എന്താണ്‌ തറവാട്‌ , എന്താണ്‌ അവയ്ക്കുള്ള പ്രാധാന്യം എന്ന് പലർക്കും ഉള്ള സംശയമാണ്..ഓരോ തറവാടും ക്ഷേത്രതുല്യമാണ്‌ .തച്ചൻ എന്ന വാസ്തുവിദഗ്ദ്ധൻ തന്റെ സകല കഴിവുകളും പുറത്ത്‌ എടുത്ത്‌ മനോഹരമായ വീട്‌ നിർമ്മിക്കുന്നു. വീട്‌ എന്ന ക്ഷേത്രം നിർമ്മിക്കുന്നത്‌ അവരാണ്‌ . മണ്ണിനെയും പ്രകൃതിയെയും വന്ദിച്ച്‌, താമസിക്കാൻ പോകുന്നവരുടെ മനസ്സറിഞ്ഞ്‌ , അവർ വീട്‌ നിർമ്മിക്കുന്നു. അവർക്ക്‌ അതൊരു തപസായിരുന്നു. 

പണം സമ്പാദിക്കാൻ ഉള്ള മാർഗ്ഗം അല്ലായിരുന്നു അവർക്കത്‌. അന്ന് നിർമ്മിച്ച പല തറവാടുകളും അടുത്തിടെ ഉണ്ടായ പ്രളയങ്ങളെ പോലും അതിജീവിച്ചത്‌ അവർ ഭാവി മുന്നിൽ കണ്ട്‌ , പ്രകൃതിയുടെ താളം മനസിലാക്കി വീടുകൾ നിർമ്മിച്ചത്‌ കൊണ്ടാണ്‌.അതിന്‌ മേൽനോട്ടം കൊടുക്കുന്ന ഊരാളന്മാരായി തറവാട്ട്‌ കാരണവരെയും കാണാം . 

പണി കഴിഞ്ഞ വീടിന്‌ ജീവൻ വയ്ക്കണെൽ അവിടെ ഒരു നല്ല കുടുംബം താമസിക്കണം. പിന്നെ അവരാണ്‌ ദേവന്റെ നിത്യനിദാനം നിർവ്വഹിക്കുന്ന ശാന്തിക്കാരൻ എന്ന പോലെ വീട്‌ കാത്തു സംരക്ഷിച്ച്‌ പോരേണ്ടത്‌. പലരും നിസാരമായി ഇന്ന് തറവാടുകൾ പൊളിച്ച്‌ കളയുന്നതോ, വിൽക്കുന്നതോ കാണാം . 

പക്ഷെ അവർ ഒരിക്കലും മനസിലാക്കുന്നില്ലാ ഈ തറവാട്‌ നിർമ്മിക്കാൻ പൂർവ്വികർ എടുത്ത പരിശ്രമങ്ങളും, അവിടെ ഇത്രം കാലം താമസിച്ചവരുടെ ഊർജ്ജവും അതിൽ ഉണ്ടെന്ന് . പണ്ട്‌ കൂട്ടുകുടുംബം ആയിരുന്നുവല്ലോ . കൂട്ടുകുടുംബം എന്ന് പറയുന്നതല്ലാ ശരി അതായിരുന്നു കുടുംബം . ചില മനുഷ്യർ അണുകുടുംബമായി മാറിയപ്പോൾ വലിയ കുടുംബത്തെ കൂട്ടുകുടുംബം എന്ന് വിളിച്ചതാണ്‌ . ഓരോ തറവാടും  കൊതിക്കുന്നുണ്ട്‌ അതിൽ മനുഷ്യവാസം ഉണ്ടാവണെ എന്ന് ..

പഴയ ഭൂരിഭാഗം തറവാട്ടിലും പുറത്ത്‌ നിന്ന് വാതിലിൽ പൂട്ടാനുള്ള താഴ്‌ ഇടാനുള്ള സൗകര്യം ഉണ്ടായിരുന്നില്ലാ . വീടിന്റെ  ഉള്ളിൽ നിന്ന് മാത്രമെ ചീർപ്പ്‌ ഇട്ട്‌ പൂട്ടാൻ സാധിക്കൂ . അത്‌ പൂർവ്വികരുടെ ഒരു നിർബന്ധം  കൂടിയായിരുന്നു . വീട്‌ ഒരിക്കലും അനാഥമാകരുത്‌.ആരെലും ഒരാൾ പുറത്ത്‌ പോയവർക്ക്‌  വീട്‌ തുറന്ന്  കൊടുക്കാൻ ആയി ഉള്ളിൽ വേണം എന്നത്‌ . ഇന്ന് പലരും പഴയ വാതിലിൽ പുറത്ത്‌ നിന്ന് പൂട്ടിടാനുള്ള സൗകര്യം  ഒക്കെ വച്ചൂട്ടോ . 

വീട്ടിലെ മച്ചിൽ പൂർവ്വികർ ദേവതകളെ കുടിയിരുത്തി . അവരെ നിത്യേന വണങ്ങാൻ അവർ കുടുംബാംഗങ്ങളെ പഠിപ്പിച്ചു. ആ ദേവതകൾ നമ്മുടെ ജീവിതത്തിന്റെ  ഭാഗമാണെന്നും , അവരെ നന്നായി പരിപാലിച്ചാൽ അവർ നമ്മെ  കൈവിടില്ലാ എന്നും പറഞ്ഞു മനസിലാക്കി. മൂന്നാലു അടുക്കളയും ,
കുറെ മുറികളും  ആയി ആ തറവാടുകളിൽ ധാരാളം പേർ കഴിഞ്ഞു വന്നു. ചെറിയ തട്ടുമുട്ടലും പിണക്കങ്ങളും ഒക്കെ ഉണ്ടാവാമായിരുന്നു എങ്കിലും അവരെ നയിക്കാൻ കാരണവരും, ഞങ്ങൾ എല്ലാരും ഒന്നാണെന്ന് ബോധവും ഉള്ളതിനാൽ അവർ ഒക്കെ സുഖമായി തന്നെ വാണു.

പൂർവ്വികർ അവരെ പ്രകൃതിയെ സ്നേഹിക്കാൻ പഠിപ്പിച്ചു. കൃഷിയാണ്‌ നമ്മുടെ അന്നം എന്നും അവരെ പഠിപ്പിച്ചു. തൊഴുത്തുകൾ നിർമ്മിച്ച്‌ അതിൽ കന്നുകാലികളെ വളർത്താൻ തുടങ്ങുകയും അവ ജീവിതത്തിന്റെ ഭാഗമാക്കുകയും ചെയ്തു. തൊടിയിൽ സർപ്പങ്ങളെയും , കരിങ്കുട്ടി പോലെ ഉള്ള മൂർത്തികളെയും പ്രതിഷ്ഠിച്ച്‌ ആരാധിച്ച്‌ വണങ്ങാൻ പഠിപ്പിച്ചു.

അപ്പോഴും പൂർവ്വികരുടെ ഉള്ളിൽ ഒരു ചിന്ത ഉണ്ടായിരുന്നു , മൂർത്തികൾ ഉണ്ടെൽ ഇവർ ഒരിക്കലും തറവാടും , തൊടിയും ഒന്നും കുളം തോണ്ടില്ലല്ലോ എന്ന് . ഒരിക്കലും വറ്റാത്ത കിണറുകൾ ആ തറവാടുകൾക്ക്‌ ബലമായി.

പിന്നെ കുളങ്ങൾ .എന്താണ്‌ കുളങ്ങളുടെ പ്രാധാന്യം. പണ്ട്‌ എല്ലാ വീട്ടിലും കുളങ്ങളും കാവുകളും എല്ലാം കാണാം. ചില പഴയ തറവാടുകളിൽ മൂന്ന് നാലു കുളങ്ങൾ ഒക്കെ ഉണ്ടാകും . ഒരു ഗ്രാമത്തിലെ കുളം നശിച്ചാൽ ആ  നാട്‌ നശിച്ചു, ഒരു വീട്ടിലെ കുളം നശിച്ചാൽ തറവാട്‌ മുടിഞ്ഞു എന്നുമാണ്‌ പ്രമാണം. 

പഴയ ചൊല്ല് കേട്ടിട്ടില്ലെ തറവാട്‌ കുളം തോണ്ടി എന്ന് . കുളങ്ങൾ ആ ഭൂമിയിലെ ജലാംശം നില നിർത്തും. ഈർപ്പം നില നിർത്തും. കിണറിലെ വെള്ളത്തിനെ വരെ നില നിർത്തുന്നതിലും, തൊടികളിലെ പച്ചപ്പ്‌ നില നിർത്തുന്നതിനും ഈ കുളങ്ങൾക്ക്‌ പങ്കുണ്ട്‌. അത്‌ കൊണ്ടാണ്‌ ധാരാളം ഭൂമിയുള്ള തറവാട്ടിൽ മൂന്നാലു കുളം കാണുന്നത്‌. അല്ലാതെ അത്‌ വേർ തിരിവ്‌ കാണിച്ചു കൊണ്ടുള്ള നിർമ്മിതി അല്ലാ.

 പഴയ തറവാടുകൾ നേരെയാക്കുന്നവർ ഉണ്ടെൽ ആദ്യം ആ ഭൂമിയിലെ കുളം നന്നാക്കണം , എങ്കിലെ വീട്‌ നില നിൽക്കുള്ളൂ. കാരണം കുളങ്ങൾ/ ജലാശയങ്ങൾ ഐശ്വര്യത്തിന്റെ ലക്ഷണമാണ്‌ . എന്റെ വീട്ടിൽ ഒരു പൊട്ടക്കുളം ഉണ്ട് എന്ന് പറയുന്നവരെ ശ്രദ്ധിച്ചോളൂ അവരുടെ ജീവിതമോ വീടോ ക്ഷയിച്ച്‌ തുടങ്ങി കാണും. പഴയ കാരണവന്മാർ ബുദ്ധിമാന്മാർ ആണ്‌ , അവർക്ക്‌ നൂറു ഡിഗ്രികൾ ഇല്ലെലും അറിവ്‌ , വക തിരിവ്‌ എന്നിവ ഉണ്ടാകും. അതാണ്‌ ഇന്നത്തെ ഡിഗ്രി കൂടിയ തലമുറയ്ക്ക്‌ ഇല്ലാത്തത്‌. ആ കാരണവന്മാർക്ക്‌ അറിയാം വീടായാൽ കുളം വേണം എന്നും, അവ ഭൂമിക്ക്‌ ഐശ്വര്യമാണെന്നും. 

പ്രിയരെ ഒന്നോർത്തോളൂ വീട്ടിലെ തൊടിയിൽ നശിച്ച്‌ കൊണ്ടിരിക്കുന്ന കുളം ഉണ്ടെൽ നേരാക്കി കൊള്ളുക. ഇത്‌ പ്രകൃതിയുടെ മുന്നറിയിപ്പായി കാണുക .ഇത്‌ ശാസ്ത്രം പറയുന്നതാണ്‌ . പക്ഷെ ശാസ്ത്രം പറയുന്നതിനു മുന്നെ നമ്മുടെ കാരണവന്മാർ ഇത്‌ പറഞ്ഞിരുന്നു . അന്നാരും വില വച്ചില്ലാ . ജീവിതത്തിന്റെ ഭാഗമായതെല്ലാം ഇന്ന് സംരക്ഷിക്കപ്പെടേണ്ടതായി മാറി . 

കലികാലം. അടുത്ത തലമുറയ്ക്ക്‌ വേണ്ടി എങ്കിലും നമുക്ക്‌ ഈ വിത്ത്‌ മുളപ്പിക്കാം. അവർ സമ്പൽ സമൃദ്ധിയോടെ കുളങ്ങളിൽ
നീന്തി തുടിക്കട്ടെ. പിന്നെ ഒരു കാര്യം മറക്കണ്ട കുളത്തിലെ നീന്തിക്കുളിയോളം നല്ലൊരു വ്യായാമം വേറെ ഇല്ലാ.

കാലം മാറി , കുറച്ച്‌ വിദ്യാഭ്യാസവും പണവും കയ്യിൽ വന്നു .അപ്പോൾ കഴിച്ച്‌ ചോറിന്റെ വറ്റ്‌ എല്ലിന്റെ ഇടയിൽ കുടുങ്ങി വേറെ താമസിക്കാൻ പോണം, കൂട്ടുകുടുംബം സ്വകാര്യതയ്ക്ക്‌ വിഘാതമാണ്‌ എന്ന് പറഞ്ഞ്‌ അവർ വീട്‌ ഭാഗം വയ്ക്കാനും ,ഭൂമി വീതം വയ്ക്കാനും തുടങ്ങി . ഒരുപാട്‌ കാലം ഈ അംഗങ്ങളുടെ  സകല വിചാര വികാരങ്ങൾക്കും താങ്ങായി മാറിയ ആ തറവാട്‌ ആരും കാണാതെ വിതുമ്പി കരഞ്ഞു കാണും . ചിലർ ഞങ്ങൾക്ക്‌ മാത്രമായി തറവാട്‌ വേണം എന്ന് വാശിപ്പിടിച്ച്‌ അത്‌  എഴുതി വാങ്ങി, ബാക്കി ഉള്ളവരെല്ലാം ആ വീട്ടിൽ നിന്ന് മറ്റ്‌ ഭാഗത്തേക്ക്‌ ചേക്കേറി, ഒടുവിൽ ആ വീട്‌ ഏറ്റെടുത്തവരുടെ കയ്യിൽ പണം ഇല്ലാതെ വന്ന് തറവാട്‌ നോക്കാൻ  ആകാതെ വിൽക്കാനും പൊളിച്ച്‌ കളയാനും തുടങ്ങി . തറവാട്‌ എന്നും മുഴുവൻ കുടുംബാംഗങ്ങളുടെ പേരിൽ ആക്കുക . എല്ലാം ഒറ്റയ്ക്ക്‌ വേണം എന്ന ചിന്ത കളയുക . 

അങ്ങനെ ആകുമ്പോൾ തറവാട്‌ വയസാകുമ്പോൾ അസുഖം വരും അപ്പോൾ ഡോക്ടറെ കാണിക്കാനും , ശസ്ത്രക്രിയ ചെയ്യാനും ഒരുപാട്‌ പണം വേണ്ടി വരും ( തറവാട്ടിലെ മരാമത്ത്‌ പണി ) . അത്‌ ധാരാളം അംഗങ്ങളിൽ നിന്ന് മേടിക്കുമ്പോൾ ആർക്കും തടിയിൽ തട്ടില്ലാ . ആ തറവാട്‌ നിലനിൽക്കുകയും ചെയ്യും. ഇനി എങ്കിലും കയ്യിൽ തറവാടുകൾ ഉള്ളവർ ഉണ്ടെൽ വിറ്റ്‌ കളയാതെ ഇരിക്കുക. 

നിങ്ങൾ ലോകത്തിന്റെ ഏത്‌ വലിയ കോണിൽ താമസിക്കുന്നവർ ആണെലും , ഇനിയും കുറെ വൈറസ്സുകൾ വരാൻ ഉണ്ട്‌ , അപ്പോൾ നിങ്ങൾ താമസിക്കുന്ന വിദേശം വിട്ട്‌ നാട്ടിലേക്ക്‌ തന്നെ വരേണ്ടി വരും, അപ്പോൾ ശാന്തമായി കഴിയാൻ, നല്ല വായുശ്വസിക്കാൻ ഈ തറവാടുകൾ വേണ്ടി വരും . ഒന്ന് ഓർക്കുക എന്തും പൊളിച്ച്‌ കളയാൻ എളുപ്പമാണ്‌ , അതെ പോലെ ഒന്ന് നിർമ്മിക്കാൻ തലകുത്തി നിൽക്കേണ്ടി വരും അതുറപ്പ്‌. 

തറവാട്‌ വിട്ട്‌ ഒരിക്കലും പോകാത്ത മൂർത്തികളും, ഗുരു കാരണവന്മാരും,  എന്നും ഉള്ളിൽ നീറി നീറി  ചിന്തിക്കുന്നുണ്ടാകും  എന്റെ കുട്ടികൾ എന്നെ നോക്കുന്നില്ലല്ലോ എന്ന് . എന്നെ വലിച്ചെറിഞ്ഞുവല്ലോ എന്ന് . അവർ നമ്മുടെ മാതൃതുല്യരാണ്‌ . അവർക്ക്‌ നമ്മെ ശപിക്കാൻ കഴിയില്ലാ , പക്ഷെ അവരുടെ മനസ്സിലെ വിങ്ങൽ മതി നമ്മുടെ സമാധാനം തകരാൻ. അങ്ങനെ കുരുത്തക്കേടുകൾ വാങ്ങി മണ്ണടിഞ്ഞ്‌ പോയ അനവധി പരമ്പരകൾ  നമ്മുടെ നാട്ടിൽ ഉണ്ട്‌ .  പൊടിപോലും ഇല്ലാ കണ്ടുപിടിക്കാൻ അവരുടെ .ചിലർ കോടിക്കണക്കിന്‌ രൂപയുടെ ആസ്തി ഒക്കെ ഉണ്ടായിട്ടും , മനസമാധാനം ഇല്ലാതെ ആകും നേരവും, പരമ്പര വളരാതെ ആകുമ്പോഴും  ദൈവജ്ഞനെ കാണാൻ പോകുമ്പോൾ അവർ ചോദിക്കുന്ന ഒരു ചോദ്യം ഉണ്ട്‌ . 

തറവാടിനെ ,  ഗുരു കാരണവന്മാരെ , മച്ചിലെ ഭഗവതിയെ മറന്നു ലെ എന്ന് . ഇങ്ങനെ ഒരു  അവസ്ഥയിലേക്ക്‌  എത്തുമ്പോഴേക്കും പൂർവ്വികം മറന്ന് രണ്ട്‌ മൂന്ന് തലമുറയായി കാണും . പിന്നെ മൂലസ്ഥാനം തേടി ഇറങ്ങണം .. അങ്ങനെ ഒരു അവസ്ഥ ഇനിയുള്ളവർക്ക്‌ എങ്കിലും വരാതിരിക്കട്ടെ.

ഇന്നും ഒരുമിച്ച്‌ വലിയ കുടുംബങ്ങളായി ജീവിക്കുന്ന ഒരുപാട്‌ തറവാട്ടുകാരെയും , ഇന്നും ഒരുമിച്ച്‌ ഒരു ട്രസ്റ്റായി തറവാട്‌ സംരക്ഷിക്കുന്നവരെയും   കണ്ടിട്ടുണ്ട്‌. തറവാടിന്റെ വില മനസിലാക്കിയാൽ, പൂർവ്വികരുടെ മഹത്വം മനസിലാക്കിയാൽ , അന്നത്തെ തച്ചന്മാരുടെ അധ്വാനത്തിന്റെ മഹത്വം മനസിലാക്കിയാൽ , മൂർത്തികളെ വണങ്ങാൻ പഠിച്ചാൽ ഒരു തറവാടും ആർക്കും നശിപ്പിക്കാൻ തോന്നില്ലാ …കഴിഞ്ഞ കാലത്തെ കുറിച്ച്‌ ഞാൻ പറയുന്നില്ലാ . ഇനിയുള്ളവർ എങ്കിലും തറവാടുകൾ സംരക്ഷിക്കട്ടെ …തറവാട്‌ സംരക്ഷിക്കുന്നതുമായുള്ള എന്ത്‌ സംശയവും ആർക്കും എന്നോട്‌ ഉന്നയിക്കുകയും ചെയ്യാം..എന്നാൽ കഴിയുന്നത്‌ ഞാൻ ചെയ്യാം . തറവാടുകൾ നില നിൽക്കട്ടെ.. അതൊരു നല്ല ജീവിത സംസ്കാരത്തിന്റെ ഭാഗമാമാണ്  .

കടപ്പാട് : സായ്‌നാഥ് മേനോൻ 
 

Tags