സൂര്യന്‍ അതിശക്തമായി പൊട്ടിത്തെറിച്ചു; ഞെട്ടിക്കുന്ന ദൃശ്യവുമായി നാസ

The sun burst forth fiercely; NASA with a shocking scene
The sun burst forth fiercely; NASA with a shocking scene

കാലിഫോര്‍ണിയ: ഇക്കഴിഞ്ഞ നവംബര്‍ ആറിന് സൂര്യനില്‍ അതിശക്തമായ പൊട്ടിത്തെറിയുണ്ടായതായി നാസ. ഭീമമായ ഊർജ്ജ പ്രവാഹത്തിന് കാരണമാകുന്ന എക്‌സ്2.3 വിഭാഗത്തില്‍പ്പെടുന്ന അതിശക്തമായ സൗരജ്വാലയുടെ ചിത്രം നാസയുടെ സോളാര്‍ ഡ‍ൈനാമിക്‌സ് ഒബ്‌സര്‍വേറ്ററി പുറത്തുവിട്ടു. സൂര്യനെ കുറിച്ച് പഠിക്കുന്നതിനായി നാസ 2010ല്‍ വിക്ഷേപിച്ച ബഹിരാകാശ പേടകമാണ് സോളാര്‍ ഡൈനാമിക്സ് ഒബ്സര്‍വേറ്ററി. 

ഏറ്റവും ശക്തമായ സൗരജ്വാലകളുടെ കൂട്ടത്തില്‍പ്പെടുന്നവയാണ് എക്‌സ് വിഭാഗത്തില്‍ ഉള്‍പ്പെടുന്നവ. നവംബര്‍ ആറിനുണ്ടായ സൗരജ്വാലയുടെ ചിത്രത്തില്‍ അതിശക്തമായ അള്‍ട്രാവയലറ്റ് രശ്മികള്‍ സൂര്യനില്‍ നിന്ന് പുറംതള്ളുന്നത് വ്യക്തമായി കാണാം. 

സൂര്യനെ പോലെയുള്ള നക്ഷത്രങ്ങളുടെ അന്തരീക്ഷങ്ങളിലുണ്ടാകുന്ന ശക്തമായ പൊട്ടിത്തെറിയെയും അതിനെ തുടര്‍ന്നുണ്ടാകുന്ന ഭീമമായ ഊർജ്ജ പ്രവാഹത്തെയുമാണ് സൗരജ്വാല എന്ന് വിളിക്കുന്നത്. ഇത്തരം ഊര്‍ജപ്രവാഹത്തെ തുടര്‍ന്നുണ്ടാകുന്ന എക്‌സ്-റേ, അൾട്രാവയലറ്റ് വികിരണങ്ങൾ ഭൂമിയുടെ അയണോസ്‌ഫയറിനെ ബാധിക്കും.

സൗരജ്വാലകളെ തുടര്‍ന്ന് ഭൂമിയിലേക്ക് ധാരാളം ഊർജ്ജ കണികകളുടെ പ്രവാഹം സംഭവിച്ചേക്കാം. ഇത്തരം സൗരകൊടുങ്കാറ്റുകള്‍ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് എത്തുന്നത് മനുഷ്യനെ നേരിട്ട് ബാധിക്കാറില്ല. എന്നാല്‍ ജിപിഎസ് അടക്കമുള്ള നാവിഗേഷന്‍ സംവിധാനങ്ങളെയും റേഡിയോ സിഗ്നലുകളെയും പവര്‍ഗ്രിഡുകളുടെയും കൃത്രിമ ഉപഗ്രഹങ്ങളുടെയും പ്രവര്‍ത്തനങ്ങളെയും ഇത് സാരമായി ബാധിച്ചേക്കാം. 

Tags