ചൊവ്വയിൽ ക്രിസ്റ്റല്‍ രൂപത്തില്‍ ശുദ്ധ സള്‍ഫര്‍
ചൊവ്വയില്‍ നാസയുടെ മാര്‍സ് ക്യൂരിയോസിറ്റി റോവര്‍ ക്രിസ്റ്റല്‍ രൂപത്തില്‍ ശുദ്ധ സള്‍ഫര്‍ കണ്ടെത്തി. ക്രിസ്റ്റല്‍ രൂപത്തിലുള്ള സള്‍ഫര്‍ ചൊവ്വയുടെ പ്രതലത്തിൽ ചിതറി കിടക്കുന്നതിന്റെ 360 ഡിഗ്രി വീഡിയോ നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയാണ് പുറത്തുവിട്ടത്. ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറി യൂട്യൂബ് ചാനലിലാണ് ചൊവ്വയിലെ സൾഫറിന്റെ വീഡിയോ അപ്‌ലോഡ് ചെയ്‌തത്.
ഭാവിയിൽ മനുഷ്യരുടെ കോളനിയായി കണക്കാക്കുപ്പെടുന്ന ഗ്രഹമാണ് ചൊവ്വ. ചൊവ്വയിലെ നിഗൂഢതകളുടെ ലോകമാണ് ഗെഡിസ് വാലിസ്. ഇവിടെ നിന്നാണ് മാര്‍സ് ക്യൂരിയോസിറ്റി റോവര്‍ മഞ്ഞ ക്രിസ്റ്റല്‍ രൂപത്തില്‍ ശുദ്ധ സള്‍ഫര്‍ കണ്ടെത്തിയത്.
വെള്ളമൊഴുകിയോ, ശക്തമായ കാറ്റ് കാരണമോ, മണ്ണിടിച്ചില്‍ കാരണമോ താഴ്‌വര പോലെ ചൊവ്വയിൽ രൂപപ്പെട്ട പ്രദേശമാണ് ഗെഡിസ് വാലിസ് എന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം. ഗെഡിസ് വാലിസ് ചാനലില്‍ പര്യവേക്ഷണം നടത്തുന്നതിനിടെ ക്യൂരിയോസിറ്റി റോവര്‍ കയറിയ പാറ പൊട്ടിച്ചിതറിയപ്പോഴാണ് ക്രിസ്റ്റല്‍ രൂപത്തില്‍ ശുദ്ധ സള്‍ഫർ കണ്ടെത്തിയത്.
2024 മെയ് 30ന് പാറക്കഷണങ്ങളായി മഞ്ഞ നിറമുള്ള സള്‍ഫര്‍ കിടക്കുന്ന ചിത്രം നാസ പുറത്തുവിട്ടിരുന്നു. ഇപ്പോൾ ക്രിസ്റ്റൽ രൂപത്തിലുള്ള സൾഫറിന്റെ ചിത്രമാണ് നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറി യൂട്യൂബ് ചാനലില്‍ കാണാൻ സാധിക്കുന്നത്.