നിങ്ങളുടെ ജീവിതത്തിൽ ദുരിതങ്ങൾ അലട്ടുന്നുവോ? എങ്കിൽ കാരണം ഇതാവാം


ഒരു വ്യക്തി ആചരിക്കേണ്ട പഞ്ചമഹായജ്ഞങ്ങളിൽ ഒന്നാണ് പിതൃയജ്ഞം. പിതൃയജ്ഞം ജീവിതത്തിൽ വേണ്ട രീതിയിൽ അനുഷ്ഠിക്കുവാൻ കഴിയാത്തവർക്ക് പിതൃശാപം അനുഭവപ്പെടാറുണ്ട്. ജന്മം നൽകിയ മാതാപിതാക്കളെ അവർ ജീവിച്ചിരിക്കുമ്പോൾ വേണ്ട വിധം പരിപാലിക്കാതിരിക്കുന്നതും വേദനിപ്പിക്കുന്നതും ഒഴിവാക്കുവാൻ ശ്രദ്ധിക്കേണ്ടതാണ്.
സന്താനങ്ങൾ മൂലം അനുഭവപ്പെട്ടുന്ന ഒട്ടുമിക്ക പ്രശ്നങ്ങളുടെയും വേരുകൾ ചെന്നെത്തുന്നത് പിതൃശാപത്തിലേക്കാണ്. പരേതരായ അച്ഛൻ , അമ്മ, അപ്പൂപ്പൻ, അമ്മൂമ്മ തുടങ്ങി അഞ്ചു തലമുറകളിൽ എവിടെ എങ്കിലും മേൽ സൂചിപ്പിച്ച കുറവുകൾ വന്നാൽ സന്താനങ്ങളുടെ ജാതകത്തിൽ പിതൃശാപം പ്രതിഫലിക്കുന്ന ഗ്രഹയോഗം കാണാൻ കഴിയും.
ഉന്നത വിദ്യാഭ്യാസം നേടിയിട്ടും ജോലി ലഭിക്കാതിരിക്കുക, വിവാഹം യഥാസമയം നടക്കാതിരിക്കുക. അകാരണമായി ഭയം അനുഭവപെടുക. മനസമാധാനം നഷ്ടപെടുന്ന സാഹചര്യങ്ങൾ അടിക്കടി ഉണ്ടാകുക. മരിച്ചു പോയവരെ സ്വപ്നം കാണുക തുടങ്ങി നിത്യജീവിതത്തിൽ അനുഭവപെടുന്ന നിരവധി പ്രശ്നങ്ങളുടെ മൂല കാരണവും പിതൃശാപമാകാം. ജീവിതത്തിൽ ഇന്നനുഭവിക്കുന്ന ദുരിതങ്ങൾക്ക് കാരണം പിതൃശാപമാണോ എന്ന് ജാതകത്തിലൂെടെയും പ്രശ്നത്തിലൂടെയും കണ്ടെത്താൻ കഴിയും.

പ്രശ്ന മാർഗ്ഗം 15-ാം അദ്ധ്യായം 39-ാം ശ്ലോകത്തിൽ ഇപ്രകാരം രേഖപെടുത്തിയിരിക്കുന്നു. ചൊവ്വാ ക്ഷേത്രം ബാധാ സ്ഥാനമായി അവിടെ സൂര്യൻ നിൽക്കുകയോ അംശിക്കുകയോ ചെയ്യുക. ആത്മകാരകഗ്രഹമായ സൂര്യന്റെ ക്ഷേത്രത്തിൽ ഏതെങ്കിലും പാപഗ്രഹം അനിഷ്ടസ്ഥാനത്തായി നിൽക്കുക. ഒമ്പതാം ഭാവാധിപനും ആറാം ഭാവാധിപനും പരിവർത്തനം ചെയ്യുക. സൂര്യൻ ആറിലോ ആറാം ഭാവാധിപനോടോ യോഗം ചെയ്യുക. ഇപ്രകാരം ഏതെങ്കിലും ചില സൂചനകൾ പ്രശ്നത്തിൽ കണ്ടാൽ പിതൃശാപം ആ വ്യക്തിക്ക് ഉണ്ടെന്ന് അനുമാനിക്കാം.
ജീവിത പുരോഗതിക്ക് പിതൃക്കളുടെ അനുഗ്രഹം അത്യാന്താപേക്ഷിതമാണ്. നമ്മുടെ ക്ഷേമ ഐശ്വര്യങ്ങൾക്ക് വേണ്ടി നിലകൊള്ളുന്നവരാണ് എന്ന കാര്യം വിസ്മരിക്കരുത്. ജീവിച്ചിരിക്കുമ്പോൾ മാതാപിതാക്കളെ അനുസരിക്കുക. ഇഷ്ട വസ്തുക്കൾ നൽകി സന്തോഷിപ്പിക്കുക. ശുശ്രൂഷിക്കുക. അവർ നമ്മെ വിട്ടു പോയാൽ ശ്രാദ്ധം, തർപ്പണം, തിലഹവനം മുതലായവ കൊണ്ട് പ്രീതി നേടി ജീവിതം ശ്രേയസ്കരമാക്കാം.
കടപ്പാട് : ശ്രീകുമാർ പെരിനാട്