സ്പേസ്എക്സ് ക്രൂ-10 അംഗങ്ങൾ ബഹിരാകാശനിലയത്തിൽ ; സുനിതയുടെ മടക്കം 19-ന്

SpaceX Crew-10 members at the space station; Sunita's return on the 19th
SpaceX Crew-10 members at the space station; Sunita's return on the 19th

സ്പേസ് എക്സ് ക്രൂ-10 ദൗത്യത്തിലെ ക്രൂ അംഗങ്ങള്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തി. ആന്‍ മക്ക്ലെയിന്‍, നിക്കോളെ അയേഴ്സ്, ജപ്പാന്റെ ടകുയു ഒനിഷി, റഷ്യയുടെ കിരില്‍ പെസ്‌കോവ് എന്നിവരാണ് ദൗത്യത്തിന്റെ ഭാഗമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തിയത്. കഴിഞ്ഞ ജൂണ്‍ മുതല്‍ ബഹിരാകാശ നിലയത്തില്‍ കുടുങ്ങിക്കിടക്കുന്ന നാസ ബഹിരാകാശയാത്രികരായ സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും ഭൂമിയിലേക്ക് തിരിച്ചെത്തിക്കുകയാണ് ദൗത്യത്തിന്റെ ലക്ഷ്യം.

അമേരിക്കന്‍ പ്രാദേശിക സമയം വെള്ളിയാഴ്ച രാത്രി 7.03-ഓടെയാണ് (ഇന്ത്യന്‍ സമയം ശനിയാഴ്ച പുലര്‍ച്ചെ 4.30-ന്) നാസയുടെ ഫ്ളോറിഡ കെന്നഡി സ്പേസ് സെന്ററിലെ 39എ വിക്ഷേപണത്തറയില്‍നിന്ന് സ്പേസ്എക്സ് ഫാല്‍ക്കണ്‍-9 റോക്കറ്റ് കുതിച്ചുയര്‍ന്നത്. ഇന്ത്യന്‍ സമയം ഞായറാഴ്ച രാവിലെ 9.30-ഓടെ ക്രൂ ഡ്രാഗണ്‍ പേടകത്തിന്റെ ഡോക്കിങ് നടന്നു. ക്രൂ ഡ്രാഗണെ ബഹിരാകാശ നിലയവുമായി ഘടിപ്പിക്കുന്നതിനെയാണ് ഡോക്കിങ് എന്നു പറയുന്നത്.

ഇന്ത്യന്‍ സമയം രാവിലെ 10.30-ഓടെ ഹാച്ചിങ് ആരംഭിച്ചു. സ്‌പേസ് എക്‌സ് ഡ്രാഗണ്‍ ബഹിരാകാശ പേടകത്തിന്റെ ഹാച്ച് ഇന്ത്യന്‍ സമയം രാവിലെ 11.05-ന് തുറന്നു. തുടര്‍ന്ന് ക്രൂ-10 ലെ അംഗങ്ങള്‍ ബഹിരാകാശ നിലയത്തില്‍ പ്രവേശിച്ചു. കഴിഞ്ഞ ഒമ്പതുമാസമായി രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ തുടരുന്ന സുനിത വില്യംസ്, ബുച്ച് വില്‍മോര്‍ എന്നിവരെ തിരിച്ചെത്തിക്കുന്നതാണ് ദൗത്യത്തിന്റെ പ്രധാനലക്ഷ്യം. മാര്‍ച്ച് 19 ബുധനാഴ്ച സുനിത ഉള്‍പ്പെടെയുള്ളവരുമായി പേടകം ഭൂമിയിലേക്ക് തിരിക്കും.


 

Tags

News Hub