നിങ്ങളുടെ വീടിന്റെ ദർശനം തെക്കോട്ടാണോ ? എങ്കിൽ ഈ കാര്യങ്ങൾ അറിയണം !


വാസ്തുശാസ്ത്രം എന്ന വിഷയത്തിൽ ഗൃഹരൂപകൽപനകളിൽ ഇന്നത്തെ കാലത്ത് നാലു വശത്തും വഴികൾ വരുന്ന പ്ലോട്ടുകൾ അഥവാ ഭൂമികൾ ലഭ്യമാണ്. എല്ലാ മുഖങ്ങളിലേക്കും എല്ലാ വശങ്ങളിലേക്കും വഴി വരുന്ന പ്ലോട്ടുകൾ ഏതു വേണമെങ്കിലും സ്വീകരിക്കാം എന്നു ശാസ്ത്രനിർദേശമുണ്ട്.
ശാസ്ത്രത്തിൽ പറയുന്നു തെക്കിനി പുരയായി വടക്കു ദർശനമായിട്ടോ അഥവാ പടിഞ്ഞാറ്റിനി എന്ന ഗൃഹം കിഴക്കു ദർശനമായിട്ടോ വേണം എന്ന്. വടക്കോ കിഴക്കോ തന്നെ വഴി വരുക എന്നത് ഇന്നത്തെ കാലത്ത് ബുദ്ധിമുട്ടാണ്. അതിനാൽ പടിഞ്ഞാറു വശത്ത് വഴി വരുന്ന പ്ലോട്ടുകളും അഥവാ തെക്കു വശത്തു വഴി വരുന്ന പ്ലോട്ടുകളും സ്വീകരിക്കേണ്ടതായ സാഹചര്യങ്ങൾ ഇന്നത്തെ കാലത്ത് ഉണ്ട്.
അതിനും വാസ്തുശാസ്ത്രത്തിൽ ചില പോംവഴികൾ ശാസ്ത്രനിർദേശത്തിലുണ്ട്. തെക്കു വശത്തു വഴിയുള്ള ഒരു പ്ലോട്ടാണെങ്കിൽ ആ പ്ലോട്ടിൽ ഒരു ഗൃഹം നമ്മൾ ചെയ്യുമ്പോള്‍ ഗൃഹത്തിന്റെ മുഖം തെക്കാണ് എന്നതു കൊണ്ട് അത് ഒഴിവാക്കേണ്ടതില്ല. തെക്കുമുഖമായ ഗൃഹങ്ങളും ശാസ്ത്രത്തിൽ ഉത്തമങ്ങളായിയാണ് പറയുന്നത്. തെക്കോട്ട് മുഖമായി ചെയ്യുന്ന ഗൃഹങ്ങൾക്ക് പാലിക്കേണ്ടതായ മാനദണ്ഡങ്ങള്‍ പാലിച്ചാല്‍ അങ്ങനെയുള്ള ഗൃഹങ്ങളും ഉത്തമമായി നിർമിക്കാം.
ഗൃഹത്തിന്റെ മുൻകാഴ്ച അഥവാ എലിവേഷൻ തെക്കോട്ടു മുഖമായി നമുക്കു കാണുന്ന വിധത്തിലാണെങ്കിലും കണക്കു പ്രകാരം തെക്കിനി പ്രാധാന്യമായ ഒരു ഏകശാലയായിട്ടാണ് പരിഗണിക്കുന്നത്. തെക്കിനി എന്നു പറയുന്ന ഏകശാലയ്ക്കു സ്വീകരിക്കേണ്ടതായ കണക്കുകള്‍ സ്വീകരിക്കുകയും സ്ഥാനങ്ങളിൽ കിടപ്പു മുറിയും മറ്റു പ്രധാന മുറികളും ക്രമപ്പെടുത്തുകയും ചെയ്താൽ തെക്കോട്ടു മുഖമായിട്ടുള്ള ഗൃഹങ്ങളും ഉത്തമമായി തന്നെ രൂപകൽപന ചെയ്യാം എന്നാണ് ശാസ്ത്രതത്വത്തിൽ നിന്ന് മനസ്സിലാക്കേണ്ടത്.

തെക്കു മുഖമായ ഗൃഹങ്ങളിൽ തെക്കുപടിഞ്ഞാറേ മൂലയിൽ ഒരു കിടപ്പു മുറിയും തെക്കുകിഴക്കേ മൂലയിൽ രണ്ടാമത്തെ കിടപ്പു മുറിയും വരാവുന്നതാണ്. മുറികൾ താഴത്തെ നിലയിലും മുകളിലത്തെ നിലയിലും ഒരു പോലെ സ്വീകാര്യമാണ്. തെക്കോട്ട് സിറ്റൗട്ടോ എക്സ്റ്റെൻഷനോ എടുത്താൽ അതിൽ നിന്ന് ഭൂമിയിലേക്ക് ഇറങ്ങുന്നതും ഗൃഹത്തിലേക്കു കയറുന്നതും വേണമെങ്കിൽ കിഴക്കു പടിഞ്ഞാറു ദിശയിൽ ആക്കിയാൽ കൂടുതൽ ശ്രേയസ്ക്കരമാണെന്നും പറയുന്നു.
വാസ്തുശാസ്ത്രം എന്ന വിഷയത്തിൽ കിടപ്പു മുറികളുടെ സ്ഥാനം വളരെ പ്രാധാന്യം അർഹിക്കുന്നു. കിടപ്പു മുറികളുടെ സ്ഥാനം മാത്രമല്ല അതിന്റെ കണക്കുകളും. പടിഞ്ഞാറ്റി പ്രാധാന്യമായ ഏകശാല ആകുമ്പോൾ ആ ഏകശാലയ്ക്കു സ്വീകരിക്കേണ്ട കണക്ക് 5 എന്നു പറയുന്ന വൃഷഭ യോനിയിൽ പെട്ട ചുറ്റളവിൽ ഉത്തമമായ കണക്കാണ് സ്വീകരിക്കേണ്ടത്. ഇന്നത്തെ കാലത്തു നാലുകെട്ട് ഗൃഹങ്ങൾ വളരെയധികം കുറവാണ്.
ഒരു നടുമുറ്റും ഗൃഹത്തിനകത്ത് ഉൾപ്പെടുത്തി എന്നുള്ളതുകൊണ്ട് അത് നാലുകെട്ട് ആകുന്നില്ല. ഇന്ന് നമ്മൾ രൂപകൽപന ചെയ്യുന്ന ഗൃഹങ്ങളൊക്കെ ഏകശാല കാറ്റഗറിയിൽ പെടുന്നതു കൊണ്ട് ഏകശാല ഗൃഹങ്ങളിൽ പ്രത്യേകിച്ച് അത് പടിഞ്ഞാറു മുഖമാെണങ്കിൽ രണ്ടു പ്രധാനപ്പെട്ട കിടപ്പുമുറികളിൽ ഒന്ന് തെക്കു പടിഞ്ഞാറേ മൂലയായ കന്നിമൂലയിലും രണ്ടാമത്തെ കിടപ്പുമുറി വടക്കുപടിഞ്ഞാറേ മൂലയായ വായു കോണിലും ആണ് ക്രമീകരിക്കേണ്ടത്.