ഇന്ന് സമ്പൂര്‍ണ സൂര്യഗ്രഹണം ; തത്സമയം കാണാം, അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍


ഇന്ന് സമ്പൂര്‍ണ സൂര്യഗ്രഹണം നടക്കും. ചന്ദ്രന്‍ ഭൂമിയോട് അടുക്കുകയൂം സൂര്യനും ഭൂമിയ്ക്കും ഇടയിലൂടെ സഞ്ചരിക്കുന്നതിനിടെ ചന്ദ്രന്‍ സൂര്യനെ പൂര്‍ണമായി മറയ്ക്കുകയും ചെയ്യുന്ന അത്യപൂര്‍വമായ ഈ പ്രതിഭാസമാണിത്. ചന്ദ്രന്റെ നിഴല്‍ ഭൂമിയില്‍ വീഴുകയും വെളിച്ചം ഇല്ലാതാവുകയും ചെയ്യും. 2024 ലെ ആദ്യ സൂര്യഗ്രഹണമാണിത്. ഓരോ വര്‍ഷവും രണ്ട് മുതല്‍ അഞ്ച് സൂര്യഗ്രഹണം വരെ നടക്കാറുണ്ട്. എന്നാല്‍ സമ്പൂര്‍ണ സൂര്യഗ്രഹണം 18 മാസത്തില്‍ ഒരിക്കലാണ് സംഭവിക്കാറ്. ഒരു പ്രത്യേക സ്ഥലത്ത് 400 വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമേ സമ്പൂര്‍ണ സൂര്യഗ്രഹണം കാണാനാവൂ.
വടക്കേ അമേരിക്കയിലാണ് ഈ സൂര്യഗ്രഹണം വ്യക്തമായി കാണുക. ഇക്കാരണത്താല്‍ 'ഗ്രേറ്റ് നോര്‍ത്ത് അമേരിക്കന്‍ എക്ലിപ്‌സ്' എന്നും ഈ വര്‍ഷത്തെ സൂര്യഗ്രഹണത്തെ വിശേഷിപ്പിക്കുന്നുണ്ട്.
2024 ലെ ആദ്യ സൂര്യഗ്രഹണം ഇന്ത്യയില്‍ നിന്ന് കാണാനാവില്ല. ഏപ്രില്‍ എട്ടിന് രാത്രി 9 മണിക്ക് ശേഷം നടക്കുന്നതിനാല്‍ സൂര്യഗ്രഹണത്തെ കുറിച്ചുള്ള ആശങ്കകള്‍ ഇന്ത്യയിലുള്ളവര്‍ക്ക് വേണ്ട. വടക്കേ അമേരിക്കയില്‍ നിന്നായിരിക്കും ഇത് വ്യക്തമായി കാണാനാവുക.
2031 ല്‍ നടക്കുന്ന സൂര്യഗ്രഹണമാണ് ഇന്ത്യയില്‍ നിന്ന് വ്യക്തമായി കാണുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. 2031 മെയ് 21 ന് ആയിരിക്കും ഇത്. രണ്ടര മണിക്കൂര്‍ നേരമായിരിക്കും പൂര്‍ണ സൂര്യഗ്രഹണത്തിന്റെ ദൈര്‍ഘ്യം. നാല് മിനിറ്റ് നേരമായിരിക്കും ചന്ദ്രന്‍ പൂര്‍ണമായും സൂര്യനെ മറയ്ക്കുക. ഇത് ഭൂമിയില്‍ ഇരുട്ട് വ്യാപിക്കുന്നതിനിടയാക്കും.

ഇന്ത്യയിലുള്ളവര്‍ക്ക് നാസയുടെ തത്സമയ സ്ട്രീമിങിലൂടെ ഗ്രഹണം കാണാം. ഇന്ത്യന്‍ സമയം ഏപ്രില്‍ എട്ട് രാത്രി 10.30നും ഏപ്രില്‍ 9 പുലര്‍ച്ചെ 1.30 നും ഇടയിലാണ് സ്ട്രീമിങ് ഉണ്ടാവുക.