നഗ്ന നേത്രങ്ങൾ കൊണ്ട് കാണാൻ പാടില്ല; വരുന്നൂ 'റിംഗ് ഓഫ് ഫയർ' സൂര്യഗ്രഹണം,
ഈ വർഷവും അതിമനോഹരമായ ആകാശ കാഴ്ച്ചയൊരുക്കി സൂര്യഗ്രഹണം ഇങ്ങെത്തിയിരിക്കുകയാണ്. റിംഗ് ഓഫ് ഫയർ എന്നറിയപ്പെടുന്ന ഈ സൂര്യഗ്രഹണം 2024 ഒക്ടോബർ 2 ബുധനാഴ്ചയാവും ദൃശ്യമാവുക. ഈ പ്രതിഭാസ സമയത്ത് ചന്ദ്രൻ സൂര്യനെക്കാൾ ചെറുതായി കാണപ്പെടുകയും, ചന്ദ്രൻ സൂര്യനെ ഭാഗികമായി മറയ്ക്കുകയും, ആ മറയ്ക്കുന്ന ഇരുണ്ട പ്രദേശത്തിന് ചുറ്റും സൂര്യപ്രകാശത്തിൻ്റെ ഒരു വളയം ദൃശ്യമാവുകയും ചെയ്യും.
ഈ വളയമാണ് "റിങ് ഓഫ് ഫയർ" എന്ന പേരിൽ അറിയപ്പെടുന്നത്. 9:13 PM മുതൽ അടുത്ത ദിവസം 3:17 PM വരെ ഈ ആകാശ ദൃശ്യം കാണാനാകും. ഏകദേശം ആറ് മണിക്കൂറിലധികം ഈ ആകാശ വിസ്മയം ദൃശ്യമാകും.
ചന്ദ്രൻ സൂര്യൻ്റെ മുന്നിലൂടെ കടന്നുപോകുമ്പോഴാണ് ഈ പ്രതിഭാസം ഉണ്ടാകുന്നത്. സൂര്യൻ്റെ ഉപരിതലത്തെ പൂർണ്ണമായും മറയ്ക്കാൻ കഴിയാതെ ചെറുതായി കാണപ്പെടുന്ന ചന്ദ്രന് ചുറ്റും സൂര്യ രശ്മികൾ ഒരു പ്രഭാവലയം സൃഷ്ടിക്കുകയും അതിൻ്റെ ഫലമായി ആകാശത്ത് അഗ്നി വളയം രൂപപ്പെടുകയും ചെയ്യും. ഇത് ഭൂമിയിൽ നിന്ന് കാണുമ്പോൾ ഒരു റിംഗ് രൂപത്തിൽ കാണുന്നതിനാലാണ് ഇതിനെ റിംഗ് ഓഫ് ഫയർ എന്ന് അറിയപ്പെടുന്നത്.
സൂര്യനും ഭൂമിക്കും ഇടയിലൂടെ ചന്ദ്രൻ കടന്നുപോകുമ്പോഴാണ് സൂര്യഗ്രഹണങ്ങൾ സംഭവിക്കുന്നത്. ചില പ്രദേശങ്ങളിൽ സൂര്യൻ്റെ പ്രകാശത്തെ പൂർണ്ണമായോ ഭാഗികമായോ ഇത് തടയും. ഇത് വല്ലപ്പോഴും മാത്രമേ സംഭവിക്കുകയുള്ളൂ. വർഷത്തിൽ രണ്ടുതവണ മാത്രം സംഭവിക്കുന്ന ഈ പ്രതിഭാസം നഗ്ന നേത്രങ്ങൾ കൊണ്ട് കാണാനും പാടില്ല.
സൂര്യഗ്രഹണം നേരിട്ട് കാണുമ്പോൾ ശരിയായ സുരക്ഷാ മുൻകരുതലുകൾ എടുക്കേണ്ടതാണ്. അതുകൊണ്ട് ഇത് കാണാൻ ആഗ്രഹിക്കുന്നവർ, എക്ലിപ്സ് ഗ്ലാസുകളോ കാർഡ്ബോർഡ് പിൻഹോൾ പ്രൊജക്ടറോ നിർമ്മിക്കുക. പസഫിക് സമുദ്രത്തിൻ്റെ ചില ഭാഗങ്ങളിലും തെക്കൻ ചിലിയിലും തെക്കൻ അർജൻ്റീനയിലും ആവും ഈ ആകാശ വിസ്മയം ദൃശ്യമാവുക. ഗ്രഹണം നടക്കുമ്പാൾ ഇന്ത്യയിൽ രാത്രി സമയമായതിനാൽ ഇന്ത്യയിൽ ഈ ഗ്രഹണം കാണാൻ സാധിക്കില്ല.