വീട്ടിൽ ദിവസവും കലഹവും മറ്റ് പ്രശ്നങ്ങളുമാണോ? എങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ ..


സുഖവും സമാധാനവും നിറഞ്ഞതാവണം നമ്മുടെ വാസസ്ഥാനം. വാസ്തുപരമായി പ്രശ്നങ്ങൾ ഒന്നുമില്ലെങ്കിലും അടിക്കടി ബുദ്ധിമുട്ട്, രോഗ ദുരിതം, കലഹം എന്നിവ ഭവനത്തിൽ ഉണ്ടാകുമ്പോൾ കഷ്ടകാലം എന്ന് പരിതപിക്കുന്നവരാണ് മിക്കവരും.
ചിലപ്പോൾ നാം ശ്രദ്ധിക്കാതെ പോവുന്ന ചില നിസ്സാരകാര്യങ്ങളാവും പല പ്രശ്നങ്ങൾക്കും കാരണം. താഴെപ്പറയുന്ന നിസ്സാരകാര്യങ്ങൾ ഇന്ന് തന്നെ വീട്ടിൽ ചെയ്തു നോക്കൂ, ഐശ്വര്യം വർധിക്കുന്നത് നിങ്ങൾക്ക് താനെ ബോദ്ധ്യപ്പെടും.
∙ വീടിരിക്കുന്ന പറമ്പിന്റെ കന്നിമൂല അതായത് തെക്ക് പടിഞ്ഞാറേ മൂല ഉയർന്നും വടക്ക് കിഴക്കേമൂല ഏറ്റവും താഴ്ന്നും ആവണം. അങ്ങനെയല്ലെങ്കിൽ അൽപം മണ്ണിട്ട് പ്രശ്നം പരിഹരിക്കാവുന്നതേ ഉള്ളു.
∙ കിണറോ വാട്ടർടാങ്കോ വടക്ക് കിഴക്കായിരിക്കണം. ജലസ്രോതസ്സുകൾ ഭവനത്തിന്റെ കിഴക്കു തെക്കു മൂലയായ അഗ്നികോണിൽ വരാൻ പാടില്ല.
∙ നായയെയും മറ്റും പ്രധാന വാതിലിനരികിലായി കെട്ടിയിടരുത്.
∙ കതക് തുറക്കുമ്പോൾ നേരെ കണ്ണാടി കാണാൻ പാടില്ല. പ്രധാന വാതിലിന് നേരെ പലരും കണ്ണാടി ഉള്ള അലമാര വച്ചിട്ടുണ്ടാകും. അത് പാടില്ല.
∙ അലമാരയുടെ കുറ്റിയും കൊളുത്തും താഴും താക്കോലും ഒക്കെ ശരിക്ക് പ്രവർത്തിക്കുന്നില്ലെങ്കിലും പ്രശ്നങ്ങളുണ്ടാകാം. കതക് തുറക്കുമ്പോൾ ഉണ്ടാകുന്ന ശബ്ദം അൽപം എണ്ണ ഒഴിച്ച് നിശബ്ദം ആക്കണം.

∙ പഴയ കണ്ണടയും വാച്ചും ഉപയോഗമില്ലാത്ത വസ്ത്രങ്ങളും ഉപേക്ഷിക്കുക. പൊട്ടിയ കണ്ണാടിയും മറ്റും ഒരിക്കലും വീട്ടിൽ സൂക്ഷിക്കരുത്.
∙ എഴുതി മഷി തീർന്ന ഡോട്ട് പേനകളും കളയണം.
∙ ഇലക്ട്രിക് ഉപകരണങ്ങളും മറ്റും കേടായവ ഒരിക്കലും വീട്ടിൽ സൂക്ഷിക്കരുത്. കേടായ വസ്തുക്കളിൽ നിന്ന് വിപരീത ഊർജ പ്രവാഹമുണ്ടാവും. അതിനാൽ ഇവ യഥാസമയം നീക്കം ചെയ്യാൻ മടിവിചാരിക്കരുത്.
∙ പൈപ്പിൽ നിന്നും വെള്ളം ഇറ്റിറ്റു വീഴാൻ പാടില്ല. സാമ്പത്തിക നഷ്ടത്തിന് കാരണമാകുമെന്ന വിശ്വാസമുള്ളതിനാൽ അവ ഉടൻ നന്നാക്കുകയോ പുതിയ ടാപ്പ് പിടിപ്പിക്കുകയോ വേണം.
∙ സ്വിച്ചിട്ടാൽ കത്താത്ത ബൾബ് എന്തിനാണ് വീട്ടിൽ മാറ്റാൻ മടിക്കുന്നത്?
∙ വീട്ടുസാധങ്ങൾ, തുണികൾ മറ്റും അലക്ഷ്യമായി ഇടാതെ ഓരോന്നിനും സ്ഥാനം നൽകി ക്രമീകരിക്കുക. ഇത്തരം കാര്യങ്ങൾ ചെറുതാണ് പക്ഷെ അതിന്റെ സ്വാധീനം വലുതാണ്.
∙ അലമാരയിലെ പഴയ വസ്ത്രങ്ങൾ കളയാൻ മടിയുണ്ടാകും. ഒരു വർഷമോ അതിലധികമോ ആയി ഉപയോഗിക്കാത്തത് ഇപ്പോഴും സൂക്ഷിച്ചുവച്ചിട്ടുണ്ടോ? വിലകൂടിയത് കൊണ്ടോ സെന്റിമെന്റൽ അറ്റാച്ച്മെന്റ് കൊണ്ടോ കളയാൻ പറ്റാത്തവയും ഇക്കൂട്ടത്തിൽ ഉണ്ടാവാം. അവ പുറത്തെടുത്ത് വെയിലത്തിട്ട് വീണ്ടും മടക്കി വച്ചാൽ മതി. പക്ഷെ ഒരിക്കലും ഉപയോഗിക്കാത്തവ കളയുന്നതാണ് നല്ലത്.
∙ പ്രഭാത–പ്രദോഷ സന്ധ്യയ്ക്കു അതീവ പ്രാധാന്യം നൽകുക. ഈ സമയത്തെ തൂത്തു വാരൽ, തുണി കഴുകൽ എന്നിവ ഒഴിവാക്കുക. അഞ്ച് തിരിയിട്ടു നിലവിളക്കു കൊളുത്തി പ്രാർഥിക്കാൻ ഈ സമയം പ്രയോജനപ്പെടുത്തുക. അടുക്കും ചിട്ടയുമുള്ള ഭാവനങ്ങളിലേ ലക്ഷ്മീ കടാക്ഷവും ഐശ്വര്യവും നിലനിൽക്കൂ. അതിനാൽ വൃത്തിയും വെടിപ്പും ഭവനത്തിലും ജീവിതത്തിലും പ്രാവർത്തികമാക്കുക.
ഇത്രയും കാര്യങ്ങളിൽ ചിലതെങ്കിലും നിങ്ങളുടെ വീട്ടിലെ പ്രശ്നമാകും. അത് പരിഹരിക്കുക മാറ്റം നേരിട്ട് അനുഭവിക്കുക.