വീടിനുള്ളിൽ പോസിറ്റീവ് എനർജി നിറയ്ക്കാൻ ഈ ചെടികൾ വയ്ക്കാം !
വീടിന്റെ അകത്തളങ്ങളിൽ പച്ചപ്പും പുതുമയും നിറയ്ക്കാൻ ഇൻഡോർ ചെടികൾ മികച്ചൊരു തിരഞ്ഞെടുപ്പാണ്. ഇവ അലങ്കാരമാത്രമല്ല, വീട്ടിനുള്ളിലെ വായു ശുദ്ധമാക്കാനും ആരോഗ്യകരമായ അന്തരീക്ഷം സൃഷ്ടിക്കാനും സഹായിക്കുന്നു. ചൈനീസ് വാസ്തുശാസ്ത്രമായ ഫെങ്ഷൂയിയുടെ കാഴ്ചപ്പാടിൽ, ചില ചെടികൾ നെഗറ്റീവ് എനർജി അകറ്റുകയും ഭാഗ്യവും സമാധാനവും വീട്ടിലേക്ക് ആകർഷിക്കുകയും ചെയ്യുമെന്നാണ് വിശ്വാസം. അത്തരത്തിൽ വീടിനകത്ത് വളർത്താൻ അനുയോജ്യമായ ചില പ്രധാന ചെടികളെ പരിചയപ്പെടാം.
മണി പ്ലാന്റ്
ഹൃദയാകൃതിയിലുള്ള ഇലകളുമായി പടർന്ന് വളരുന്ന ഈ ചെടി ഭാഗ്യത്തിന്റെയും സമ്പത്തിന്റെയുമൊക്കെ പ്രതീകമാണ്. വലിയ വെളിച്ചം ആവശ്യമില്ലാത്തതിനാലും പരിപാലിക്കാൻ എളുപ്പമായതിനാലും ഇവ വീടിനുള്ളിൽ വളർത്താൻ അനുയോജ്യവുമാണ്.
ലിവിങ് റൂമിന്റെ തെക്കു കിഴക്കേ മൂലയാണ് മണി പ്ലാന്റ് വയ്ക്കുന്നതിന് അനുയോജ്യം. ഐശ്വര്യത്തെ അകത്തേക്ക് സ്വാഗതം ചെയ്യുന്ന രീതിയിൽ പ്രവേശന കവാടത്തിന് സമീപത്തും വയ്ക്കാം. മണ്ണിലോ വെള്ളത്തിലോ വളർത്താം. മണ്ണിലാണ് നടുന്നതെങ്കിൽ മുകൾഭാഗത്തെ മണ്ണ് ഉണങ്ങി തുടങ്ങുമ്പോൾ മാത്രം നനച്ചു കൊടുക്കുക.
ലക്കി ബാംബു
കുടുംബത്തിൽ ഐശ്വര്യം നിറയ്ക്കാൻ ലക്കി ബാംബുവിന് കഴിവുണ്ടെന്നാണ് ഫെങ്ഷൂയി വിശ്വാസം. ഭൂമി, ജലം, അഗ്നി, ലോഹം, തടി തുടങ്ങി വീടുമായി ബന്ധപ്പെട്ട് കിടക്കുന്ന ഘടകങ്ങളിൽ സന്തുലനം ഉറപ്പാക്കാൻ ലക്കി ബാംബുവിന്റെ സാന്നിധ്യത്തിലൂടെ സാധിക്കും. ധനത്തെ ആകർഷിക്കാനും ഇതിന് കഴിവുണ്ടത്രെ.
ധനസമൃദ്ധിയാണ് ആവശ്യമെങ്കിൽ ലക്കി ബാംബു വീടിന്റെ തെക്ക് കിഴക്കേ മൂലയിൽ വളർത്തുക. കുടുംബ ഐക്യത്തിനു വേണ്ടി കിഴക്കുദിക്കിലും വളർത്താം. ലക്കി ബാംബുവിന്റെ വേര് എപ്പോഴും ശുദ്ധജലത്തിൽ തന്നെയാവണം. ആരോഗ്യത്തോടെ വളരാൻ രണ്ടാഴ്ച ഇടവേളയിൽ വെള്ളം മാറ്റി കൊടുക്കുക.
ജേഡ് പ്ലാന്റ്
വൃത്താകൃതിയിൽ കട്ടിയുള്ള മൃദുലമായ ഇലകളോടുകൂടിയ ജേഡ് പ്ലാന്റുകൾ ഇന്ന് പ്രചാരത്തിലുണ്ട്. ഭാഗ്യം, സമൃദ്ധി, എന്നിവയെയാണ് ഈ ചെടി പ്രതിനിധാനം ചെയ്യുന്നത്. ഇവ വീട്ടിലുണ്ടെങ്കിൽ വരുമാനം സ്ഥിരപ്പെടുകയും ബിസിനസിൽ ഉയർച്ചയുണ്ടാവുകയും ചെയ്യും എന്നാണ് വിശ്വാസം. ഇവ ഓഫിസ് ടേബിളിലും വളർത്താൻ ഏറെ അനുയോജ്യമാണ്.
വീടിനുള്ളിൽ പ്രധാന വാതിലിന് സമീപത്ത് ജേഡ് ചെടി സ്ഥാപിക്കാം. ലിവിങ് റൂമിന്റെ തെക്കു കിഴക്കേ മൂലയും അനുയോജ്യമായ സ്ഥലമാണ്. നേരിട്ടുള്ള സൂര്യപ്രകാശം ആവശ്യമില്ലെങ്കിലും നന്നായി ഇൻഡോർ ലൈറ്റ് ലഭിക്കുന്നിടത്ത് തന്നെ വയ്ക്കുക. ഇവയ്ക്ക് വളരെ കുറച്ച് വെള്ളമേ ആവശ്യമുള്ളൂ.
സ്നേക്ക് പ്ലാന്റ്
മുകളിലേക്ക് വളരുന്ന ദൃഢതയുള്ള ഇലകളാണ് സ്നേക്ക് പ്ലാന്റിന്റെ സവിശേഷത. ഇത് ഉയർച്ചയെയും സംരക്ഷണത്തെയും ജീവിത പുരോഗതിയെയും സൂചിപ്പിക്കുന്നു.
കുറഞ്ഞ പരിപാലനം മതി എന്നതിനാൽ ഇവ ഇൻഡോർ പ്ലാന്റ് ആക്കാൻ അനുയോജ്യമാണ്. മാസത്തിൽ ഒന്നോ രണ്ടോ തവണ മാത്രം ഇവയ്ക്ക് വെള്ളം നൽകിയാൽ മതിയാകും.
പ്രധാന വാതിലിന് സമീപം സ്നേക്ക് പ്ലാന്റ് വളർത്താം. കിഴക്കേ ദിക്കാണ് ഏറ്റവും അനുയോജ്യം. വീട്ടിലാകെ പോസിറ്റീവ് അന്തരീക്ഷം നിറയ്ക്കാൻ ഹാൾ വേയിലോ പൊതുമുറികളുടെ മൂലകളിലോ സ്ഥാപിക്കാവുന്നതാണ്.
കറ്റാർവാഴ
പോസിറ്റീവ് എനർജിക്കൊപ്പം ആരോഗ്യം കാത്തുസൂക്ഷിക്കുന്നു എന്നതാണ് കറ്റാർവാഴയുടെ പ്രത്യേകത. ചൂടുകാലത്തും മികച്ച രീതിയിൽ വളരുന്നതിനാൽ ഇവ ഇൻഡോർ പ്ലാന്റ് ആയി തിരഞ്ഞെടുക്കാം. വീടിനുള്ളിലെ അശുദ്ധവായു വലിച്ചെടുക്കാനുള്ള കഴിവും കറ്റാർവാഴയ്ക്കുണ്ട്.
ജനാലകൾ, ബാൽക്കണികൾ തുടങ്ങി നല്ല രീതിയിൽ പ്രകാശം ലഭിക്കുന്ന ഇടങ്ങളിൽ വേണം കറ്റാർവാഴ വളർത്താൻ. മണ്ണിൽ നട്ട് നന്നായി പരിപാലിച്ചാൽ കറ്റാർവാഴ ആരോഗ്യത്തോടെ വളരും.
.jpg)

