നിങ്ങളുടെ വീട്ടിൽ പൂജാമുറിയുണ്ടോ; എങ്കിൽ ഇതറിയൂ....


വൃത്തിയുള്ള നല്ല വെളിച്ചവും, (സൂര്യപ്രകാശം നേരിട്ടു വീഴുമെങ്കിൽ വളരെ നന്ന്) വായു സഞ്ചാരവും ഉള്ള എവിടെയും പൂജ വച്ച് പ്രാർത്ഥിക്കാം. എന്നാൽ ചില നിയമങ്ങൾ പാലിച്ചാൽ ഇരട്ടി ഫലം കിട്ടും. വാസ്തു ശാസ്ത്രത്തിൽ പ്രാർത്ഥനാ മുറിയെ കൃത്യമായി നിർവചിട്ടുണ്ട്. ചിലപ്പോൾ ചില അവസരങ്ങളിൽ ആചാര്യ അനുശാസനത്തിനു വിപരീതമായി പൂജാമുറി വച്ച് പ്രാർത്ഥിക്കുന്നവർക് ആചാര്യൻ പറഞ്ഞ ദുരിതങ്ങളോന്നും തന്നെ ഇല്ലാതെ സർവ്വ ഐശ്വര്യങ്ങളും വിളയാടുന്നത് കാണാം. അവരുടെ പൂർവ ജന്മ പുണ്യം കൊണ്ടും, ജാതകത്തിന്റെ ബലം കൊണ്ടും ഒക്കെ രക്ഷപെട്ടു പോകുന്നതാണ്. ഗ്രഹണ സമയത്തു ഞാഞ്ഞൂലും തല പൊക്കും എന്ന് പറഞ്ഞ പോലെ മോശം സമയം ആണ് എങ്കിൽ ദുരിതങ്ങൾ ഇരട്ടിക്ക് ഇരട്ടിയായി അനുഭവിക്കേണ്ടി വരും.
പൂജാമുറിക്ക് വാതിൽ നിശ്ചയമായും വേണം. എന്നാൽ മുഴുവനായും അടച്ചു പൂട്ടുവാന്‍ പാടില്ല. വായു സഞ്ചാരം ആ മുറിയില്‍ നിന്നും വീടിന്‍റെ മറ്റു ഭാഗങ്ങളിലേക്ക് ചെല്ലണം. പൂജാമുറിയുടെ വാതില്‍ അഴികളുളളതാക്കിയോ, അധികമായി വാതായനങ്ങള്‍, ജനലുകള്‍ ഇവ ഉപയോഗിക്കുകയോ ചെയ്താല്‍ ഈ ആവശ്യം ഏറ്റവും നന്നായി നിര്‍വ്വഹിക്കപ്പെടും.
പൂജാമുറിക്കുള്ളിൽ വിഗ്രഹങ്ങൾ വയ്‌ക്കുന്നത് ഒഴിവാക്കണമെന്നാണ് അഭികാമ്യം. കിഴക്കോട്ടോ പടിഞ്ഞാറോട്ടോ നോക്കി നിന്ന് പ്രാർത്ഥിക്കുന്ന വിധത്തിൽ പൂജ ക്രമീകരിക്കാം. പൊട്ടിയ ഫോട്ടോകൾ, വിളക്കുകൾ അവ എത്ര വിലയേറിയതാണെങ്കിലും ഒഴിവാക്കുക.
പൂജാമുറിയുടെ വാസ്തു പ്രകാരം, വെള്ള, ഇളം മഞ്ഞ, നീല എന്നീ നിറങ്ങൾ ആണ് ഏറ്റവും അനുയോജ്യം. വെള്ള പരിശുദ്ധിയും നീല ശാന്തതയും നൽകുന്നു, കറുപ്പ്, മറ്റ് ഇരുണ്ട നിറങ്ങളും ഈ മുറിയിൽ ഒഴിവാക്കണം. വെളിച്ചം പ്രതിഫലിക്കുന്ന നിറങ്ങളാണ് ഉചിതം. ഇളം നിറത്തിലുള്ള ഫ്ലോറിംഗ്, വെളുത്ത മാർബിൾ അല്ലെങ്കിൽ ക്രീം കളർ ടൈലുകൾ ഒക്കെ നന്നായിരിക്കും.

സുവിദിതമെങ്കിലും വീണ്ടും പറയുന്നു, പൂജാമുറി കഴിവതും ഒരു ഗോവണിക്ക് താഴെ വരുന്നത് ഒഴിവാക്കുക. പ്രധാന വാതിലിനു തൊട്ടുമുന്നിൽ ടോയ്‌ലറ്റിന് അടുത്ത് അല്ലെങ്കിൽ, ബാത്ത് റൂമിനൊപ്പം ഒരു മതിൽ പങ്കിടുക ഇവയൊക്കെ ഒഴിവാക്കേണ്ടതാണ്. ഫ്ലാറ്റുകളിൽ വേസ്റ്റ് വാട്ടർ ഡക്ട്നു സമീപം പൂജ വയ്‌ക്കുന്നതും ഒഴിവാക്കണം.
സാധാരണ നിലവിളക്ക് (വെങ്കലം) ആണ് പൂജാമുറിക്ക് ഉചിതം. കിളി (കോഴി/മയിൽ) വിളക്ക് , കൊടിവിളക്ക്, ആട്ടവിളക്ക്, തൂക്കുവിളക്ക് ഇവഒക്കെ തന്നെയും അലങ്കാര വിളക്കുകളാണ്. ലക്ഷ്മി വിളക്കു വയ്‌ക്കുന്നവർ അതിനൊപ്പം ഒരു നിലവിളക്കു കൂടി കൊളുത്തിയാൽ മികച്ച ഫലം ലഭിക്കും. അതായത്. നിലവിളക്കാണ് മുഖ്യം. അതിനൊപ്പം ഓരോരുത്തരുടെയും അവസ്ഥ പോലെ ഏതു വിളക്കും കൊളുത്താം. ലക്ഷ്മി വിളക്കിനു മുന്നിൽ ചെറിയ അളവിൽ കുങ്കുമവും ചന്ദനവും വയ്‌ക്കുന്നത് നന്നായിരിക്കും. അമ്പലത്തിൽ നിന്നും കൊണ്ട് വരുന്ന ചന്ദനം കുങ്കുമാദി പ്രസാദം നമ്മുടെ പൂജ മുറിയിൽ സൂക്ഷിക്കാം, എന്നാൽ അവ അവിടെ ഉപയോഗിക്കരുത്.
ഇപ്പോൾ മാർക്കറ്റിൽ ലഭിക്കുന്ന മിക്ക പൂജ ഓയിലും ഭക്ഷ്യയോഗ്യമല്ലാത്ത വെറും തവിടെണ്ണ (റൈസ് ബ്രാൻ) മാത്രമാണ്. പൂജയിൽ ദ്രവ്യ ശുദ്ധി വളരെ പ്രാധാന്യമർഹിക്കുന്നു.നല്ല നല്ലെണ്ണയാണ് വീട്ടിൽ വിളക്ക് കൊളുത്താൻ അനുയോജ്യം. അമ്പലത്തിലെ പോലെ വീട്ടിൽ എന്നും നെയ്യ് വിളക്ക് (നിലവിളക്കിൽ) കൊളുത്തുന്നത് ഗുണകരമല്ല. പൂജ ഓയിൽ എന്ന് ബ്രാൻഡ് ചെയ്ത എന്തോ ഒന്ന് വാങ്ങി അഞ്ചു തിരി കത്തിക്കുന്നതിലും നല്ലത് നല്ല നിലവാരം ഉള്ള നല്ലെണ്ണ വാങ്ങി ഒരു തിരി കത്തിച്ചാൽ ലഭിക്കും. ചന്ദനത്തിരി, വിളക്കു തിരി, കർപ്പൂരം, ചന്ദനം, മഞ്ഞൾ ഇവയൊക്കെ വാങ്ങിക്കുമ്പോഴും വിലയേക്കാൾ ഗുണനിലവാരം ഉറപ്പു വരുത്തുക.