വീടിന്റെ മുന്നിൽ ഈ ചെടികൾ വളർത്തരുത്


വളരെയധികം പോസിറ്റീവ് എനർജി തരുന്ന ചെടിയാണ് പനിനീർ ചെടി (റോസാ ചെടി). മുള്ളുള്ള െചടി കണ്ടു കൊണ്ട് പുറത്തേക്കു പോകുന്നത് നന്നല്ല എന്നു പറയുന്നതിനാൽ വീടിന്റെ വാതിലിന്റെ മുൻപിൽ വയ്ക്കാതെ വീടിന്റെ സൈഡിലായി വളർത്താം. വീടിന്റെ മേൽക്കൂരയ്ക്കു മുകളിലേക്കു വളരാതെ നോക്കിയാൽ വീട്ടിൽ വളർത്താൻ പറ്റിയ ചെടിയാണ് ചെമ്പകം.
വീട്ടിൽ വളർത്തേണ്ട ചെടികളിൽ ഏറ്റവും പ്രാധാനമാണ് തുളസിച്ചെടി. തുളസി എന്നാൽ മഹാലക്ഷ്മിയാണ്, തുളസിയുടെ കൂടെ ഒരു മഞ്ഞളും കൂടി നട്ടാൽ വിഷ്ണുവും ലക്ഷ്മിയും ഒരേ പോലെ വന്നു എന്നാണ് വിശ്വാസം. കസ്തൂരി മഞ്ഞളോ അല്ലെങ്കിൽ സാധാരണ മഞ്ഞളോ നടാം. രാമതുളസി, കൃഷ്ണതുളസി, കർപ്പൂരതുളസി എന്നിങ്ങനെ തുളസി പലതരത്തിലുണ്ട്. എല്ലാ തുളസിയും ഒന്നൊന്നിന് മൂല്യം ഉള്ളവയാണ്.
മുള്ളുള്ള ചെടികൾ, ബോൺസായി ഇവ വീടിനു മുൻപിൽ വയ്ക്കുന്നത് നന്നല്ല. കനകാംബരം, ഗന്ധരാജൻ (പാരിജാതം) എന്നിവ വീടുകളിൽ നട്ടു പിടിപ്പിക്കുന്നതാണ്. വളരെ പ്രാധാന്യമുള്ള ചെടിയാണ് മന്ദാരം. ശിവഭഗവാന് അർപിക്കുന്ന പൂവാണ് വെളുത്ത മന്ദാരം. മഞ്ഞ, വെളുപ്പ്, വയലറ്റ് നിറങ്ങളില്‍ പൂവുകളുള്ള മന്ദാരം ചെടികളും ഉണ്ട്. മറ്റു പുഷ്പത്തേക്കാൾ പ്രാധാന്യമുള്ളതായി മന്ദാരപുഷ്പത്തെ കരുതുന്നു.

നാട്ടുചെത്തി, അശോകചെത്തി എന്നിവ നല്ലതാണ്. എന്നാൽ അശോക മരം വീടുകളില്‍ വയ്ക്കുന്നത് നല്ലതല്ല. മുക്കുറ്റി നട്ടു വളർത്തേണ്ട ആവശ്യമില്ലെങ്കിലും ഒരുപാട് പ്രാധാന്യം ഉണ്ട്. ദശപുഷ്പങ്ങളിൽ പറയുന്ന എല്ലാ ചെടികളും വീട്ടിൽ വളർത്തുന്നത് നന്ന്.
വളരെയധികം പോസിറ്റീവ് എനർജി തരുന്ന ചെടിയാണ് നന്ത്യാർവട്ടം. അഞ്ച് ഇതൾ ഉള്ളതും ചെറിയ ഇതൾ ഉള്ളതും വലിയ ഇതള്‍ ഉള്ളതും ഉണ്ട്. മഞ്ഞക്കോളാമ്പി, മഞ്ഞ പുഷ്പങ്ങൾ ഉള്ള ചെടികളൊക്കെ അനുകൂല ഊർജം തരുന്നവയാണ്. നന്ത്യാർവട്ടം, അരളി, മഞ്ഞക്കോളാമ്പി ഇവ കന്നിമൂലയിൽ വയ്ക്കുന്നത് നെഗറ്റീവ് എനർജി കുറയ്ക്കാൻ സഹായിക്കും. മുല്ലച്ചെടിയും വീട്ടിൽ വളർത്താൻ ഏറ്റവും അനുയോജ്യമാണ്.
പത്തുമണിച്ചെടികളും നാലുമണിച്ചെടികളും വീടിനോടു ചേർത്ത് നടാം. ചെങ്കദളി പൂവ് വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ കാണുന്ന വിധത്തിൽ നട്ടു പിടിപ്പിക്കാം. വെളുത്ത ശംഖുപുഷ്പം, വയലറ്റ് ശംഖുപുഷ്പം വീടിന്റെ വടക്ക് , വടക്ക് പടിഞ്ഞാറ് ഭാഗങ്ങളിൽ പടർത്താം. കൂവളം വീടിന്റെ വടക്കു കിഴക്കു ഭാഗത്തായും മുൻഭാഗത്തായും നടാം.