തിങ്കളാഴ്ച വ്രതം അനുഷ്ഠിച്ചാൽ !

shiva
shiva
മനസ്സിന്റെയും ശരീരത്തിന്റെയും ശുദ്ധി, ഇഷ്ടകാര്യസിദ്ധി എന്നിവയ്ക്കായി ഹൈന്ദവ വിശ്വാസ പ്രകാരം വ്രതം ആചരിച്ചുവരുന്നു. ജന്മ-ജന്മാന്തരങ്ങളായി നമ്മിലുണ്ടായിട്ടുള്ള പാപങ്ങളെ ഒഴിവാക്കാൻ വ്രതം അത്യുത്തമം തന്നെയാകുന്നു.

ഇപ്പോഴുള്ള കാലത്ത് തപസ്സ് എന്നത് നമ്മിൽ പലർക്കും അചിന്തനീയമായ കാര്യമാണല്ലോ. അപ്പോൾ അതിന്റെ ലഘുവായ വ്രതംകൊണ്ട് തപസ്സിലേക്ക് എത്താനാകുന്ന ഒരു ശ്രമമെങ്കിലും വിശ്വാസികൾ നടത്തുന്നത് വിശേഷാൽ നല്ലതുതന്നെയാണ്.

ഓരോ ദൈവങ്ങളെയും പ്രീതിപ്പെടുത്തുവാനും കുടുംബ ഐശ്വര്യങ്ങൾക്കും ആയി ഒരുപാട് വ്രതങ്ങൾ ഉണ്ട്. അതിൽ തന്നെ ഉമാമഹേശ്വര പ്രീതിയ്ക്കായി അനുഷ്ഠിക്കുന്ന വ്രതമാണ്
സോമവാര വ്രതം അഥവാ തിങ്കളാഴ്ച വ്രതം. തിങ്കളാഴ്ച വ്രതത്തിന്റെ സവിശേഷതകളും വ്രതം അനുഷ്ഠിക്കുന്ന രീതികളും അറിയാം...

 "സോമം" എന്നർത്ഥം വരുന്ന ചന്ദ്രൻ്റെ ദശാദോഷം തീർക്കുവാൻ കൂടി ഈ വ്രതം അനുഷ്ഠിക്കുന്നു. ഉമാമഹേശ്വരന്മാരെ പ്രീതിപ്പെടുത്തുവാൻ ഈ വ്രതം അനുഷ്ഠിക്കുന്നതിൻ്റെ പ്രധാന കാരണം ഉമാദേവി ഈ വ്രതം അനുഷ്ഠിച്ചാണ് പരമശിവനെ സ്വന്തം ആക്കിയത് എന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ്.

പാർവതീസമേതനായ ശിവഭഗവാന്റെ ദിവസമാണ് തിങ്കളാഴ്ച. അന്നേദിവസം ഒരിക്കലോടെ തിങ്കളാഴ്ചവ്രതം അനുഷ്ഠിക്കുന്നത് അത്യുത്തമമാണ്. സോമവാര വ്രതം എന്നും അറിയപ്പെടുന്ന ഈ വ്രതം അനുഷ്ഠിക്കുന്നത് ഉത്തമ മംഗല്യഭാഗ്യത്തിന് മാത്രമല്ല, ഭദ്രമായ കുടുംബജീവിതത്തിനും വൈധവ്യദോഷ നിവാരണത്തിനും ചന്ദ്രദോഷശമനത്തിനും മോക്ഷത്തിനും ദാമ്പത്യപ്രശ്‌നപരിഹാരത്തിനും കുടുംബ ഉന്നതിയുണ്ടാകാനുമെല്ലാം ഉത്തമമത്രേ. സോമവാരവ്രതാനുഷ്ഠാനം ശിവകുടുംബപ്രീതിക്ക് കാരണമാകും എന്നതും പ്രത്യേകതയാണ്.

ഭഗവാന്റെ അർദ്ധപകുതി ശ്രീപാർവ്വതീദേവിയായതിനാൽ തിങ്കളാഴ്ച ദിവസം ശിവപാര്‍വ്വതീ മന്ത്രങ്ങള്‍ ചേര്‍ത്ത് വേണം ശിവനെ ഭജിക്കാന്‍. "നമ:ശിവായ ശിവായ നമ:" എന്ന മൂലമന്ത്രം നൂറ്റിയെട്ട് പ്രാവശ്യം ജപിക്കുന്നത് അതീവ ഫലദായകമാണ്. ശിവസഹസ്രനാമവും ലളിതാസഹസ്രനാമവും തുല്യപ്രാധാന്യം നൽകി ജപിക്കാവുന്നതാണ്. ഉമാമഹേശ്വരസ്തോത്രവും ജപിക്കണം . കൂടാതെ  ശിവക്ഷേത്രത്തിൽ പാർവതീദേവിയെ ധ്യാനിച്ച് തുമ്പപ്പൂക്കളും (വെളുത്തപുഷ്പങ്ങൾ)  ശ്രീ പരമേശ്വരനെ  ധ്യാനിച്ച് കൂവളത്തിലയും നടയ്ക്കൽ സമർപ്പിക്കുന്നതും അത്യുത്തമം. അന്നേദിവസം കഴിയാവുന്നത്ര തവണ "ഓം നമഃശിവായ" എന്ന പഞ്ചാക്ഷരീമന്ത്രത്തോടൊപ്പം ശ്രീ പാർവതീദേവിയുടെ മൂലമന്ത്രമായ ''ഓം ഹ്രീം ഉമായൈ നമ :'' ജപിക്കുന്നതും നന്ന്. തിങ്കളാഴ്ച ദിനം മുഴുവൻ ശിവപാർവതീ സ്മരണയിൽ കഴിച്ചുകൂട്ടുന്നത് ശ്രേഷ്ഠം.

വ്രതാനുഷ്ഠാനം എങ്ങനെ?

മാസത്തിൽ ഒരു തിങ്കളാഴ്ച എന്നക്രമത്തിലോ കഴിയാവുന്ന തിങ്കളാഴ്ച എന്ന രീതിയിലോ വ്രതം അനുഷ്ഠിക്കാവുന്നതാണ്. വ്രതദിനത്തിന്റെ തലേന്ന് അതായത് ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം മുതൽ മത്സ്യമാംസാദികൾ വെടിഞ്ഞു വ്രതം ആരംഭിക്കണം. ഞായറാഴ്ച രാത്രിയിൽ അരിയാഹാരം ഒഴിവാക്കുന്നതും നന്ന്, ഗോതമ്പ് കൊണ്ടുള്ള ഭക്ഷണമോ പഴങ്ങളോ കഴിക്കാവുന്നതാണ്. തിങ്കളാഴ്ച ദിനത്തിൽ സൂര്യോദയത്തിനുമുന്നെ കുളിച്ചു ശരീരശുദ്ധി വരുത്തി ഉമാസമേതനായ ഭഗവാനെ ഭക്തിയോടെ ഭജിക്കണം. നെറ്റിയിൽ ഭസ്മവും കുങ്കുമവും ചേർത്ത് തൊടുന്നത് ശിവശക്തീ പ്രീതികരമാണ്. തുടർന്ന് ശിവക്ഷേത്ര ദര്‍ശനം നടത്തി പിന്‍വിളക്ക്, കൂവളമാല എന്നിവ സമർപ്പിക്കുന്നതും നന്ന്. ഒരിക്കലൂണാണ് അഭികാമ്യം. രാവിലെയും വൈകിട്ടും പഴങ്ങൾ കഴിച്ചുകൊണ്ട് ഉച്ചക്ക് ക്ഷേത്രത്തിലെ നേദ്യചോറ് കഴിച്ചു വ്രതം അനുഷ്ഠിക്കുന്നവരുമുണ്ട്. പിറ്റേന്ന് കുളിച്ചു ക്ഷേത്രത്തിലെ തീർഥമോ തുളസിവെള്ളമോ സേവിച്ചു വ്രതം അവസാനിപ്പിക്കാം.  

വ്രതദിവസം ശിവപുരാണവും ദേവിമാഹാത്മ്യവും പാരായണം ചെയ്യുന്നത് ഉചിതമാണ്. സന്ധ്യയ്ക്ക് നൂറ്റെട്ട് തവണ "ഓം നമഃശിവായ " ജപിക്കുന്നത് ശ്രേഷ്ഠമാണ്. എല്ലാ വ്രതത്തിനും ഭക്തിയോടൊപ്പം പ്രാധാന്യം ദാനത്തിനുമുണ്ട് എന്ന് മനസിലാക്കുക.

ചെയ്യാവുന്ന വഴിപാടുകൾ

ഉമാമഹേശ്വര പൂജ, സ്വയംവരപുഷ്പാഞ്ജലി എന്നിവ സമർപ്പിക്കുന്നത് വിവാഹ തടസ്സം നീങ്ങാൻ ഉത്തമമാണ്. ജലധാര സമർപ്പണം നന്ന് .

 

Tags