ഭാഗ്യം, സമ്പത്ത്, തൊഴിൽ: ഈ വിഷുവിൽ ആരൊക്കെ ഉയർച്ച നേടും ?” അശ്വതി മുതൽ രേവതി വരെ സമ്പൂർണ വിഷു ഫലം
വർഷത്തെ ഐശ്വര്യത്തിന്റെ വരവായിട്ടാണ് വിഷുവിനെ നാം പരിഗണിക്കുന്നത്. എല്ലാവരും വളരെ പ്രതീക്ഷയോടെ ഉറ്റു നോക്കുന്ന ഒന്നാണ് വിഷു ഫലം. വിഷുക്കണിയും വിഷു ആഘോഷവും ഏപ്രിൽ 15 ന് ബുധനാഴ്ചയാണ് ആഘോഷിക്കേണ്ടത്. സംക്രമ സമയത്ത് ചന്ദ്രൻ കൃഷ്ണപക്ഷ ദ്വാദശിയിൽ ചതയം നക്ഷത്രത്തിലാണ്. ശുക്രൻ മേടം രാശിയിലും ബുധനും ശനിയും ചൊവ്വയും മീനം രാശിയിലും വ്യാഴം മിഥുനം രാശിയിലും രാഹു കുംഭം രാശിയിലും കേതു ചിങ്ങം രാശിയിലും സഞ്ചരിക്കുന്നു.
അവിട്ടം, ചതയം, പൂരൂരുട്ടാതി, മകയിരം, തിരുവാതിര, പുണർതം, ചിത്തിര, ചോതി, വിശാഖം എന്നീ 9 നക്ഷത്രങ്ങൾ ആദിമധ്യഅന്ത്യശൂലം എന്ന വിഭാഗത്തിൽ വരികയാൽ ഗുണാനുഭവങ്ങൾ കുറയാനിടയുണ്ട്. മറ്റുള്ള 18 നക്ഷത്രങ്ങൾ ആദി/ മധ്യ/ അന്ത്യ ഷഡ്ക വിഭാഗത്തിൽ വരികയാൽ അവയിൽ ജനിച്ചവർക്ക് പ്രായേണ മേന്മയും ഭവിക്കുന്നതാണ്.
അശ്വതി
ശനി 12 ൽ തുടരും. വ്യാഴം ജൂണിൽ നാലാം ഭാവത്തിൽ ഉച്ചസ്ഥനാകുകയാണ്. രാഹുവും കേതുവും ഡിസംബറിൽ സ്ഥാനം മാറുന്നുണ്ട്. വിഷുസംക്രമനക്ഷത്രത്തെ മുൻനിർത്തിയും 'ആദി ഷഡ്കം' എന്ന വിഭാഗത്തിൽ വരികയാലും അശ്വതി നാളുകാർക്ക് വിഷുഫലം പ്രായേണ അനുകൂലമാണ്. നിലവിലെ തൊഴിലിൽ സ്ഥാനോന്നതിവരും. ഉച്ചസ്ഥനായ വ്യാഴം കർമ്മഭാവത്തിലേക്ക് പൂർണ്ണദൃഷ്ടി ചെയ്യുകയാൽ ആഗസ്റ്റിന് മേൽ നവംബറിനകം കർമ്മപുഷ്ടിയുണ്ട്. ഗൃഹനിർമ്മാണം സാധ്യമാവും. പണിതീരാത്തത് പൂർത്തീകരിക്കും. പുതുവാഹനഭാഗ്യം പ്രതീക്ഷിക്കാം. മനസ്സിൻ്റെ ചഞ്ചലത്വം മാറുന്നതാണ്. അന്യദേശത്തുള്ളവർക്ക് തിരികെ മടങ്ങാനാവും. സാമ്പത്തിക ഭദ്രതയിലേക്ക് നീങ്ങുന്നതാണ്. സുഹൃത്തുക്കളുടെ പിന്തുണയുണ്ടാവും. കുടുംബത്തിൽ സമാധാനം പുലരും. ഇടയ്ക്ക് ആലസ്യവും നിരുന്മേഷകതയും കൂടി അനുഭവപ്പെടാനുള്ള സാധ്യതയുണ്ട്.
ഭരണി
വിഷുഫലം അനുകൂലമാണ്. 'ആദിഷഡ്കം' എന്നറിയപ്പെടുന്ന ആറുനക്ഷത്രങ്ങ ളിൽ വരുകയാൽ കാര്യവിജയം, സമാധാനം എന്നിവയുണ്ടാവും. നാലിൽ ഉച്ചസ്ഥനാകുന്ന വ്യാഴം ജൂൺ പകുതിക്ക് ശേഷം ആത്മവിശ്വാസമുയർത്തും. ഭൗതിക-ആദ്ധ്യാത്മിക ചിന്തകളെ സമന്വയിപ്പിക്കുന്നതാണ്. കർമ്മരംഗത്ത് വളർച്ച, ധനസ്ഥിരത, ഗൃഹം നിർമ്മിക്കൽ/നവീകരിക്കൽ ഒക്കെ സാധ്യമാവും. ധനക്ലേശത്തിന് വിരാമമുണ്ടായേക്കും. ബുദ്ധിപൂർവ്വകമാം വിധം നിക്ഷേപങ്ങൾ നിർവഹിക്കും. ഏഴരശ്ശനിക്കാലമാകയാൽ മനസ്സിൻ്റെ മരവിപ്പ്, വാതരോഗം, മുതിർന്നവരുമായി അനൈക്യം എന്നിവയും സാധ്യതകളാണ്. രാഹു രഹസ്യ ഇടപാടുകൾ വിജയിപ്പിക്കും. ഉപരിവിദ്യാഭ്യാസത്തിനായി അന്യദിക്കുകളിൽ പോവുന്നതാണ്. ദാമ്പത്യത്തിൽ വിട്ടുവീഴ്ച അനിവാര്യമായ വർഷമാണിത്.
കാർത്തിക
വിഷുഫലം സൂചിപ്പിക്കുന്നത് കാർത്തിക നാളുകാർക്ക് നിലവിലെ സാഹചര്യത്തിൽ നിന്നും പിന്നോട്ടു പോവേണ്ടി വരില്ല എന്നാണ്. ജോലിതേടുന്നവർക്ക് തക്ക അവസരം ലഭിക്കും. വിദേശപഠനം കിട്ടാക്കനിയല്ല. ലോൺ പ്രയോജനപ്പെടുത്തുന്നതാണ്. ചിരകാല സ്വപ്നമായ സ്വന്തമായൊരു വീട് എന്നത് സാക്ഷാൽക്കരിക്കാനാവും. പാരമ്പര്യ ബിസിനസ്സ് കാലോചിതമായി നവീകരിക്കാൻ സാധിക്കുന്നതാണ്. പിണക്കത്തിലായ ബന്ധം ഇണക്കത്തിലാവും. വിവാഹസ്വപ്നം വൃഥാവിലാവില്ല. ഉന്നതരുടെ പിന്തുണ പൊതുരംഗത്ത് ശോഭിക്കാൻ വഴിതുറക്കും. കലാപ്രവർത്തനം കൂടുതൽ സർഗാത്മകത പുലർത്തും. സഹോദരരുമായുള്ള വ്യവഹാരം രാജിയാവുന്നതാണ്. ആരോഗ്യ പരിപാലനത്തിൽ അലംഭാവമരുത്.
രോഹിണി
ശനിക്ക് മാറ്റമില്ല. രാഹുകേതുക്കൾ ഡിസംബറിൽ രാശിമാറും. വ്യാഴം ജൂണിൽ പ്രതികൂലമായ മൂന്നാം ഭാവത്തിലേക്ക് സംക്രമിക്കുന്നതാണ്. എന്നാലും ഉച്ചത്തിലാകയാൽ ദോഷം ലഘുവാകും. രോഹിണിയും ആദിഷഡ്കത്തിൽ വരുന്നത് നല്ലഫലങ്ങൾ ഉണ്ടാക്കും. പുതിയ ജോലിയിലേക്ക് മാറാൻ സാധ്യതയുണ്ട്. വിരമിച്ചവർക്ക് ആനുകൂല്യങ്ങൾ വേഗം ലഭിക്കുന്നതാണ്. പ്രസ്ഥാനത്തിനായി കൈയ്യും മെയ്യും മറന്ന് പ്രവർത്തിച്ചു, എന്നാൽ പ്രസ്ഥാനം തിരിഞ്ഞുനോക്കിയില്ല എന്ന ഖേദവിചാരം ഭവിക്കാം. കടബാധ്യത അവധി പറഞ്ഞ തീയതിയിൽ അല്ലെങ്കിൽ തന്നെയും കൊടുത്തു തീർക്കുന്നതാണ്. നിരവധി സഹായഹസ്തങ്ങൾ ഉയരും. ഗൃഹനിർമ്മാണം തുടങ്ങാൻ വൈകിയേക്കാം. പ്രണയം വിവാഹത്തിലേക്ക് നയിക്കുന്നതാവും.
മകയിരം
സമ്മിശ്രഫലങ്ങളാവും മകയിരത്തിന്. തൊഴിൽ തേടുന്നവർക്ക് അർഹതയുള്ള പദവി കൈവരും. നിലവിലെ ജോലി ഉപേക്ഷിച്ചാൽ പുതുജോലി ലഭിക്കാൻ കുറച്ചുദിവസം കാത്തിരിക്കേണ്ടി വന്നേക്കും. ഭൂമിയിൽ നിന്നും ആദായം ഉണ്ടാവും. വസ്തുവിൽപ്പനയിലെ തടസ്സങ്ങളകലും. അന്യദേശത്തു കഴിയുന്നവർക്ക് ജന്മനാട്ടിലേക്ക് മടങ്ങാനാവും. ചെറുകിട സംരംഭങ്ങൾ തുടങ്ങാനും, തുടങ്ങിയവ വിജയിപ്പിക്കാനും കഴിഞ്ഞേക്കും. കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടക്കുന്നതാണ്. ഇരുസ്ഥലങ്ങളിൽ ജോലിചെയ്യുന്ന ഭാര്യാഭർത്താക്കന്മാർക്ക് ഒരിടത്തേക്ക് മാറ്റം കിട്ടുന്നതാണ്. കെട്ടിട നിർമ്മാണത്തിന് വായ്പ ലഭിക്കാം. സർക്കാർ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്താനാവും. ഭാവിയിൽ പ്രയോജനം ചെയ്യുന്ന തരത്തിലുള്ള നിക്ഷേപങ്ങൾ സാധ്യമാവും.

തിരുവാതിര
കണ്ടകശനി തുടരുന്നു, രാഹു 9 ലും കേതു രണ്ടിലും സഞ്ചരിക്കുന്നുണ്ട്. ജൂൺ മാസത്തിലെ വ്യാഴമാറ്റമാണ് പ്രധാനം. വ്യാഴം ഉച്ചക്ഷേത്രമായ കർക്കടകത്തിൽ ധനഭാവത്തിലേക്ക് സംക്രമിക്കുകയാണ്. തിരുവാതിരക്കാർ വിദ്യാഭ്യാസത്തിൽ ശോഭിക്കും. അർഹതയുള്ള ജോലിയിൽ പ്രവേശിക്കാനാവും. അവിവാഹിതർക്ക് വിവാഹം സിദ്ധിക്കുന്നതാണ്. സ്വന്തം തൊഴിലിൽ അല്പം മങ്ങൽ വരാം. സഹപ്രവർത്തകരുടെ പിന്തുണ കിട്ടിയേക്കില്ല. ദൗത്യങ്ങൾ നീട്ടിവെക്കുന്ന പ്രവണത ദോഷം ചെയ്യാം. പൈതൃകസ്വത്തുക്കൾ കൈകാര്യം ചെയ്യുന്നതിൽ കരുതൽ വേണം. അന്യദേശത്ത് തുടരുന്നവർക്ക് അവിടെ ജോലിയിൽ മുന്നേറ്റമുണ്ടാവും. ഗൃഹനിർമ്മാണത്തിനോ വീടുവാങ്ങിക്കാനോ സാധ്യതയുണ്ടെന്നതാണ് വിഷുഫലം നൽകുന്ന സൂചന.
പുണർതം
2025 ഒടുവിലും-26 ആദ്യ നാലഞ്ചുമാസങ്ങളിലും വ്യാഴം പുണർതം നക്ഷത്രത്തിലും നേർഗതിയും വക്രഗതിയും തുടരുന്നത് അവരുടെ കഴിവുകളെ മന്ദീഭവിപ്പിക്കുകയും പ്രശ്നങ്ങളുടെ നടുവിൽ കൊണ്ട് നിർത്തുകയും ചെയ്തു. ജൂലൈ തൊട്ട് വ്യാഴ സഞ്ചാരത്താൽ ഗുണാനുഭവങ്ങൾ വർദ്ധിക്കുന്നതാണ്. പഠന തടസ്സം നീങ്ങി ഉയർന്ന ബിരുദം നേടാനാവും. തൊഴിൽ കുഴപ്പങ്ങൾ പരിഹരിക്കും. ആശിച്ച ജോലിയിൽ പ്രവേശിക്കും. പദവിയിൽ ഉയർച്ച/ വേതന വർദ്ധന ഉണ്ടാവും. ദാമ്പത്യപ്രവേശം സാധ്യമാവുന്നതാണ്. കലാരംഗം പുഷ്ടിപ്പെടും. സ്വന്തമായി ഭവനമുണ്ടാവും. സന്താന രഹിതർക്ക് തൽസംബന്ധമായ ശുഭകാര്യം ഭവിക്കുന്നതാണ്. നിക്ഷേപങ്ങൾ സാധ്യമാവും. കണ്ടകശനിയുള്ളതിനാൽ കരുതൽ വേണ്ടതുണ്ട്. ഭൗതികതക്കൊപ്പം ആത്മീയ കാര്യങ്ങളിലും വളർച്ചയുണ്ടാവും.
പൂയം
രാഹു അഷ്ടമത്തിലും ശനി ഒമ്പതിലും വ്യാഴം 12, ജന്മരാശി എന്നിവയിലും തുടരുന്ന വർഷമാണ്. പുതിയ കാര്യങ്ങൾ തുടങ്ങുന്നതും വലിയ തോതിൽ പണം മുടക്കുന്നതും കരുതലോടെ വേണ്ടതുണ്ട്. പരിശ്രമങ്ങൾ ആവർത്തിക്കുമ്പോൾ മാത്രമാണ് ലക്ഷ്യത്തിലെത്താൻ കഴിയുന്നത്. സഹകരണം അകത്തും പുറത്തും കുറയും. സഹിഷ്ണുത കൊണ്ട് കാര്യസാധ്യം ഭവിക്കും. വിദേശത്ത് പോകാൻ കഴിയുന്നതാണ്. ഭാര്യാഭർത്താക്കന്മാർക്ക് ഒരിടത്തേക്ക് സ്ഥലം മാറ്റാൻ കിട്ടാൻ രാഷ്ട്രീയ ശിപാർശ ആവശ്യമായേക്കും. ഏജൻസി, കമ്മീഷൻ വ്യാപാരം, കരാർ പണികൾ ഇവ ധനലാഭമുണ്ടാക്കും. ഗൃഹനിർമ്മാണത്തിൽ ഇഴച്ചിലുണ്ടാവും. അവിവാഹിതരുടെ വിവാഹസ്വപ്നം സഫലമാവുന്നതാണ്.
ആയില്യം
വിഷുഫലമനുസരിച്ച് തിരിച്ചടികളെ അതിജീവിക്കാൻ ആയില്യം നാളുകാർക്ക് സാധിക്കുന്നതാണ്. ജന്മരാശിയിൽ ഉച്ചവ്യാഴം സഞ്ചരിക്കുകയാൽ വിവാഹം, സന്താനപ്രാപ്തി, ഭാഗ്യപുഷ്ടി ഇവ സാധ്യതകളാണ്. അഷ്ടമരാഹു തടസ്സങ്ങളും ഒമ്പതിലെ ശനി ആലസ്യവും സൃഷ്ടിക്കുന്നതിനാൽ സമ്മർദ്ദങ്ങൾ ഒഴിഞ്ഞ നേരം കുറവായിരിക്കുകയും ചെയ്യും. പണവരവ് മോശമാവാനിടയില്ല. എന്നാൽ ചെലവിനങ്ങളും വർദ്ധിക്കും. ആശുപത്രി സംബന്ധിച്ച വ്യയവും വരാം. വാഹന ഉപയോഗത്തിൽ കരുതൽ വേണം. സ്വതസ്സിദ്ധമായ കഴിവുകൾ ചിലപ്പോൾ പ്രയോജനപ്പെടുത്താൻ കഴിഞ്ഞെന്ന് വരില്ല. അധികാരമുള്ള പദവികൾ ലഭിക്കുന്നതാണ്. മാതാപിതാക്കളിൽ നിന്നും അകന്ന് വസിക്കുന്നതിന് സാധ്യതയുണ്ട്.
മകം
'മദ്ധ്യ ഷഡ്കം' എന്ന വിഭാഗത്തിൽ വരുന്നതുകൊണ്ട് ഒരുതരത്തിൽ അനുകൂലമാണ് വിഷുഫലം. വ്യാഴം 11 ലുണ്ട്, സംക്രമവേളയിൽ. അത് ഐശ്വര്യപ്രാപ്തിയെ കുറിക്കുന്നു. പിന്നീട് വ്യാഴം പന്ത്രണ്ടിൽ സഞ്ചരിക്കുന്നതിനാൽ സാമ്പത്തികമായ കരുതൽ അനിവാര്യമാവും. ശനി അഷ്ടമത്തിലും രാഹു ഏഴിലുമാണ്. ഒന്നുരണ്ടു മാസം കഴിഞ്ഞാൽ ജന്മരാശിയിലെ കേതു, ജന്മനക്ഷത്രത്തിലാവും. വ്യക്തിപരമായും തൊഴിൽ പരമായും പിരിമുറുക്കമുണ്ടാവുന്ന കാലഘട്ടമാവും. ക്ഷോഭം നിയന്ത്രിക്കപ്പെടണം. തിടുക്കത്തിൽ ഒരു തീരുമാനവും കൈക്കൊള്ളരുത്. പുതിയ തൊഴിലിനായുള്ള പരിശ്രമം വിജയം കാണും. അന്യദേശത്ത് ജോലി/പഠനം സാധ്യമായേക്കും. ഗൃഹം വാങ്ങാനോ നിർമ്മാണ പ്രവർത്തനം തുടങ്ങാനോ കഴിയും. തന്മൂലം സാമ്പത്തിക ബാധ്യതകൾ വന്നുചേരാനിടയുണ്ട്.
പൂരം
വിഷുഫലത്തിൽ ഗുണാനുഭവങ്ങൾ വ്യക്തമാക്കപ്പെടുന്നു. ഗ്രഹ സഞ്ചാരം പരിഗണിച്ച് വാർഷിക ഫലചിന്ത നടത്തിയാൽ പ്രതികൂലതകളുമുണ്ട്. ആകയാൽ സമ്മിശ്രഫലങ്ങളുമുണ്ട്. പഠനം കഴിഞ്ഞവർക്ക് അന്യദേശത്താവും നല്ല അവസരങ്ങൾ ലഭിക്കുന്നത്. ഉദ്യോഗസ്ഥർക്ക് ഉയർച്ചക്ക് തടസ്സങ്ങളുണ്ടാവും. പുതുവാഹനം വാങ്ങുന്നതാണ്. ഗൃഹനിർമ്മാണം പൂർത്തിയാക്കും. ബിസിനസ്സിൽ ധനവരവ് മോശമാവില്ല. വിപണിയിൽ പിടിച്ചുനിൽക്കാൻ പരസ്യവഴികൾ തേടേണ്ടി വരുന്നതാണ്. ഭൂമി തർക്കങ്ങൾ നീളുവാനിടയുണ്ട്. ബന്ധങ്ങൾ സുദൃഡമാവാൻ വിട്ടുവീഴ്ച ചെയ്യേണ്ടതായി വരും. പ്രണയം പുഷ്ടിപ്പെടാം. മക്കളുടെ ഭാവിയിലേക്ക് ഉതകുന്ന നിക്ഷേപങ്ങൾ നടത്തും. ആരോഗ്യപരിരക്ഷ അനിവാര്യം.
ഉത്രം
ചിങ്ങം -കന്നി കൂറുകളിലായി വരുന്ന ഉത്രം നാളിൽ ജനിച്ചവർക്ക് വിഷുഫലം സാമാന്യേന അനുകൂലമാണ്. വ്യാഴാനുകൂല്യത്താൽ കാര്യസിദ്ധിയുണ്ടാവും. പഠനത്തിൽ ഉയർച്ച വരും. നേട്ടങ്ങൾ അധികം വിയർപ്പൊഴുക്കാതെ തന്നെ സ്വന്തമാക്കും. അധികാരികളുടെ പ്രീതി നേടുവാനാവും. നവസംരംഭങ്ങൾക്ക് സർക്കാരിൽ നിന്നും അനുമതി കൈവരുന്നതാണ്. വിഭവ സമാഹരണം സാധ്യമാകും. ചെറുപ്പക്കാർ കുടുംബ ജീവിതത്തിൽ പ്രവേശിക്കും. പാരമ്പര്യസ്വത്തിൽ നിന്നും ആദായം കരഗതമാവുന്നതാണ്. കൂട്ടുകച്ചവടം തൃപ്തികരമായിരിക്കും. പ്രൊഫഷണലായി എന്തും ചെയ്യാനുള്ള വൈഭവം അംഗീകരിക്കപ്പെടും. അധികാര മത്സരങ്ങളിൽ വിജയം വരിക്കുന്നതാണ്. വാഹനം/ ഗൃഹം ഇവയും നേട്ടങ്ങളുടെ പട്ടികയിൽപ്പെടും. ആരോഗ്യകാര്യത്തിലും സാമ്പത്തിക വിനിമയത്തിലും ശ്രദ്ധ കുറയരുത്.
അത്തം
വിഷുഫലം അത്തം നക്ഷത്രത്തിൽ ജനിച്ചവർക്ക് അനുകൂലമാണ്. ഏഴിൽ ശനി തുടരും. രാഹു കേതുക്കൾ പന്ത്രണ്ടിലും ആറിലുമാണ്. പത്താം ഭാവത്തിലെ വ്യാഴം ജൂൺ മാസം മുതൽ പതിനൊന്നിൽ സഞ്ചരിക്കും. ആകയാൽ അദ്ധ്വാനത്തിന് മതിപ്പുണ്ടാവും. കർമ്മമേഖലയിൽ പദവി, ആദായം ഇവ അധികരിക്കുന്നതാണ്. എതിർപ്പുകളെ മറികടക്കാനാവും. ആസൂത്രണം ചെയ്തവ നിർവഹണത്തിലെത്തും. സർഗാത്മക കാര്യങ്ങളിലൂടെ കീർത്തി നേടും. ദാമ്പത്യത്തിൽ പിണക്കങ്ങളും ഇണക്കങ്ങളും തുടർന്നേക്കും. കമിതാക്കൾക്ക് വിവാഹത്തിലെത്താൻ കഴിയണമെന്നില്ല. ഭാവിയിൽ പ്രയോജനകരമാവുന്ന നിക്ഷേപങ്ങൾക്ക് മുതിരുന്നതാണ്. പഠനം മികച്ച രീതിയിൽ പൂർത്തിയാക്കും. പാർപ്പിടം സ്വന്തമാകാം.
ചിത്തിര
കന്നി - തുലാക്കൂറുകളിലായി വരുന്ന നക്ഷത്രമാണ് ചിത്തിര. അന്ത്യശൂലം എന്ന വിഭാഗത്തിൽ വരികയാൽ ചിത്തിരക്കാർക്ക് പല പ്രയാസങ്ങളെയും
അഭിമുഖീകരിക്കേണ്ടി വരും. സ്വശക്തി ചോരുന്നതായി തോന്നുന്നതാണ്. പരാശ്രയം മനക്ലേശമുണ്ടാക്കും. വ്യാഴാനുകൂല്യം ഉള്ളതിനാൽ പ്രതിസന്ധികളിൽ പ്രതിരോധശക്തി ഉയരുന്നതാണ്. തക്ക പോംവഴികൾ കൈവരും. തിടുക്കവും അനാവശ്യമായ മത്സരബുദ്ധിയും കാർക്കശ്യവും ഉപേക്ഷിക്കുന്നത് നന്നായിരിക്കും. വസ്തു വാങ്ങാൻ/ വിൽക്കാൻ സാധിക്കും. എന്നാൽ മോഹവില ലഭിച്ചേക്കില്ല. വ്യവഹാരങ്ങൾ തീർപ്പാകുന്നതാണ്. ഉദ്യോഗസ്ഥർക്ക് നേട്ടങ്ങൾ കുറയും. ബിസിനസ്സ് ശരാശരി നിലവാരത്തിൽ ഉയരും. അന്യദേശ പഠനം, തൊഴിൽ ഇവ അസാധ്യകാര്യങ്ങളല്ലെന്ന് സ്വാനുഭവം കൊണ്ടറിയുന്നതാണ്.

ചോതി
അന്ത്യശൂലം എന്ന വിഭാഗത്തിൽ പെടുകയാൽ സമ്മിശ്രഫലങ്ങളാവും ചോതിനാളുകാർക്ക്. ഒമ്പതിലും പത്തിലുമായി വ്യാഴവും ആറിലായി ശനിയും സഞ്ചരിക്കുന്നത് നേട്ടങ്ങൾക്ക് കാരണമാവും. ആശയങ്ങളും തീരുമാനങ്ങളുമുണ്ടാവും. അവയെ സാക്ഷാൽകരിക്കുക വെല്ലുവിളിയാവും. രാഷ്ട്രീയ പിന്തുണ ഉയരുന്നതാണ്. ബിസിനസ്സ് പുഷ്ടിപ്പെടുത്തും. ലോൺ പ്രയോജനപ്പെടുത്തിയേക്കും. കുടുംബബന്ധങ്ങൾ ശിഥിലമാകാതിരിക്കാൻ കുറച്ചൊക്കെ ത്യാഗം സഹിക്കേണ്ടി വന്നേക്കാം. അന്യദേശത്ത് പോകാൻ, വർഷപ്പകുതിക്കു ശേഷം സാധ്യതയുണ്ട്. വീട് നവീകരിക്കുവാനോ പണി പൂർത്തിയാക്കാനോ കഴിഞ്ഞേക്കും. നിക്ഷേപങ്ങളിൽ പറ്റിക്കപ്പെടരുത്. പ്രണയം പൂവണിയാം. രാഹുകേതുക്കൾ ആരോഗ്യത്തെ ബാധിക്കാം. അക്കാര്യത്തിൽ ജാഗ്രത അനുപേക്ഷണീയമാണ്.
വിശാഖം
തുലാം - വൃശ്ചികം രാശികളിലായി വരുന്ന നക്ഷത്രമാണ് വിശാഖം. നല്ലഫലങ്ങൾ അനുഭവത്തിൽ വരുന്ന വർഷമാവും. കടബാധ്യതകൾ ഒട്ടൊക്കെ പരിഹരിക്കാനാവും. വ്യാഴം - ശനി എന്നീ ഗ്രഹങ്ങളുടെ ഇഷ്ടഭാവസ്ഥിതിയാൽ തൊഴിൽ രംഗത്ത് മുന്നേറ്റം ഭവിക്കുന്നതാണ്. ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റമുണ്ടാവും. മറുനാടൻ ജീവിതം തുടരാനാണ് സാധ്യത. ജോലി തേടുന്നവർ നിരാശപ്പെടില്ല. കച്ചവടത്തിൽ ലാഭം വന്നുചേരും. പുതിയ ശാഖ തുടങ്ങാനായേക്കും. സാമൂഹിക പ്രതിബദ്ധത സമാദരിക്കപ്പെടും. ഗൃഹം പുതുക്കിപ്പണിയാൻ സാധ്യതയുണ്ട്. അയൽ പ്രശ്നങ്ങൾ പറഞ്ഞുതീർക്കുന്നതാണ്. സുഹൃത്തുക്കൾക്കൊപ്പം ഉല്ലാസയാത്രകൾ നടന്നുകിട്ടും. മക്കളുടെ ഉന്നത വിദ്യാഭ്യാസം/ ജോലി/ വിവാഹം സ്വപ്നങ്ങളിൽ സാഫല്യം ഉണ്ടാകും.
അനിഴം
'അന്ത്യഷഡ്കം' എന്ന വിഭാഗത്തിൽ വരുന്നതിനാൽ ജനപ്രീതി, അധികാരപ്രാപ്തി എന്നിവയുണ്ടാവും. വിഷുസംക്രമത്തിൽ വ്യാഴം അഷ്ടമഭാവത്തിലാകയാൽ അടുത്ത മൂന്നു മാസം കൂടി കാര്യതടസ്സങ്ങളുണ്ടാവും. ജൂൺ പകുതി മുതൽ നേട്ടങ്ങൾ അഭംഗുരമാവും. പഠന മികവ്, ഉദ്യോഗലബ്ധി, ധനാഗമം എന്നിവ തടസ്സപ്പെടില്ല. തെറ്റുകൾ തിരുത്താനുള്ള ആർജവമുണ്ടാവുന്നതാണ്. അവിവാഹിതർക്ക് വിവാഹസിദ്ധി പ്രതീക്ഷിക്കാം. മക്കളില്ലാത്തവർക്ക് സന്താനപ്രാപ്തി വരും. പഴയ വീട് പുതുക്കാം. കെട്ടിട നിർമ്മാണം പൂർത്തിയാക്കും. വാഹനയോഗമുണ്ട്. വിദേശത്ത് കഴിയുന്നവർക്ക് കൂടുതൽ സമ്പാദിക്കാനായേക്കും. പുതുസംരംഭങ്ങളുമായി മുന്നോട്ടുപോകും. രോഗഗ്രസ്തർക്ക് ചികിൽസാമാറ്റത്തിലൂടെ ആശ്വാസം വന്നെത്തുന്നതാണ്. ജനകീയാടിത്തറയിൽ മാറ്റമുണ്ടാവില്ല.
തൃക്കേട്ട
അഷ്ടമ വ്യാഴം ജൂണിൽ നവമഭാവത്തിലാവും. പഞ്ചമശനിക്ക് മാറ്റമില്ല. രാഹുവിന് ഡിസംബറിൽ അനുകൂല സഞ്ചാരം വരുന്നതാണ്. ഇന്ദ്രൻ നക്ഷത്രദേവതയായി വരുന്ന തൃക്കേട്ട അഥവാ ജ്യേഷ്ഠ നക്ഷത്രക്കാർക്ക് നേട്ടങ്ങളുണ്ടാവുമെന്ന് വിഷുഫലം സൂചപ്പിക്കുന്നു. പഠനനിലവാരം ഉയരും. കാലഘട്ടത്തിൽ പ്രസക്തമായ കോഴ്സുകൾക്ക് ഉപരിപഠനം സാധ്യമാവുന്നതാണ്. വിദേശ ജീവിതത്തിനുള്ള സാഹചര്യം തള്ളിക്കളയാനാവില്ല. സ്വകാര്യ സ്ഥാപനത്തിൽ ജോലി തരമാവുന്നതാണ്. വിവാഹാലോചന സഫലതയിലെത്തും. വീടുപണി പൂർത്തിയാക്കും. സംഘടനകളിൽ നേതൃപദവിയിലെത്തുന്നതാണ്. പലനിലയ്ക്കും ജീവിതത്തിൽ മാറ്റങ്ങൾ കൊണ്ടുവരുന്ന വർഷമായിരിക്കും. അനാവശ്യമായ ഉൽക്കണ്ഠകൾ ഒഴിവാക്കുക കരണീയം.
മൂലം
വിഷുഫലമനുസരിച്ച് തൊഴിലിൽ മുന്നേറാനാവും. സംരംഭങ്ങൾ തുടങ്ങാനുള്ള പരിശ്രമം ഫലവത്താകുന്നതാണ്. പ്രതിസന്ധികളെ മുൻകൂട്ടി കണ്ടുകൊണ്ട് പോംവഴികളിലെത്തും. വസ്തു/ഫ്ളാറ്റ് വാങ്ങാനാവും. ആഗ്രഹിച്ച വിഷയത്തിൽ ഉപരിപഠനം നടത്തും. വിദേശത്ത് പോകാനുണ്ടായിരുന്ന തടസ്സം നീങ്ങുന്നതാണ്. ഗാർഹിക സമാധാനം തെല്ല് കുറയാം. വിവാഹബന്ധത്തിലെ അതൃപ്തി അനുരഞ്ജനത്തിലൂടെ പരിഹരിക്കും. ട്രാഫിക് നിയമങ്ങൾ തെറ്റിക്കുന്നതിന് പിഴയൊടുക്കേണ്ടതായി വരാം. ജോലിയിൽ വിരമിച്ചവർക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്നതാണ്. ഭൗതിക സാഹചര്യം മെച്ചപ്പെടും. ആത്മീയ കാര്യങ്ങൾക്കും സമയം മാറ്റിവെക്കും.
പൂരാടം
വിഷുഫലം പൂരാടം നാളുകാർക്ക് അനുകൂലമാണ്. ഇച്ഛാജ്ഞാനക്രിയകളെ സമന്വയിപ്പിക്കാൻ സാധിക്കും. തൊഴിൽ തേടുന്നവർ നിരാശപ്പെടില്ല. സഹജമായ കഴിവുകൾ പ്രയോജനപ്പെടുത്താനാവും. തൊഴിലിടത്തിൽ അംഗീകാരം ലഭിക്കുന്നതാണ്. സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് വേതനം വർദ്ധിക്കും. ചെറുകിട സംരംഭകർക്ക് വിപുലീകരണം സാധ്യമാവുന്നതാണ്. മാർക്കറ്റിംഗ് തന്ത്രങ്ങൾ ഗുണമുണ്ടാക്കും. അവിവാഹിതർക്ക് ദാമ്പത്യപ്രവേശത്തിന് വഴിതെളിയാം. ഹ്രസ്വയാത്രകൾ/വിനോദ സഞ്ചാരം മുതലായവയ്ക്ക് സാഹചര്യം ഒത്തുവരുന്നതാണ്. കുടുംബ ജീവിതം സാധാരണപോലെ തുടരും. ഗൃഹം മോടിപിടിപ്പിക്കും. ആരോഗ്യ പരിപാലനത്തിൽ ജാഗ്രത വേണം. ആഢംബരച്ചെലവുകൾ നിയന്ത്രിക്കേണ്ടതുണ്ട്.
ഉത്രാടം
ധനു - മകരം കൂറുകളിലായി വരുന്ന നക്ഷത്രമാണ് ഉത്രാടം. വിഷുഫലം സൂചിപ്പിക്കുന്നത് നല്ല അനുഭവങ്ങൾ വന്നെത്തുന്ന വർഷമാണ് മുന്നിലുള്ളതെന്നാണ്. ഗോചരവശാൽ ഫലം സമ്മിശ്രമായിരിക്കും. അതിനാൽ പരിശ്രമം തുടരുന്ന പക്ഷം വിജയം നേടാനാവും. ആലസ്യവും ഒറ്റതീരുമാനത്തിലെത്താൻ കഴിയാത്തതും പിറകോട്ടടിച്ചേക്കും. സംഘടനാ രംഗത്ത് സ്വാധീനം നേടുവാനാവും. ഉദ്യോഗാർത്ഥികൾക്ക് കർമ്മസിദ്ധി പ്രതീക്ഷിക്കാം. മേലധികാരികൾ കഴിവുകളെ പ്രോൽസാഹിപ്പിക്കുന്നതാണ്. വലിയ മുതൽമുടക്കുകളിൽ കരുതൽ വേണം. പതിവ് ആരോഗ്യപരിശോധനകൾ മുടക്കരുത്. നറുക്കെടുപ്പ്, ചിട്ടി, വായ്പ ഇവയിലൂടെ ധനാഗമം വരും. പുതുവാഹനയോഗം സാധ്യതയായിപ്പറയാം. കുടുംബത്തിൽ ഐക്യം പുലരുന്നതാണ്. തെറ്റിദ്ധാരണകൾ നീങ്ങും.
തിരുവോണം
ശനി ഇഷ്ടഭാവത്തിലാണ്. വ്യാഴം ആറിലും ഏഴിലുമായി സഞ്ചരിക്കുന്നു. ഡിസംബറിൽ രാഹു ജന്മരാശിയിൽ പ്രവേശിക്കും. തിരുവോണം നാളുകാർക്ക് ആശിച്ച കാര്യങ്ങൾ നേടാനാവുന്ന വർഷമാണ്. വിഷുഫലത്തിൽ അന്ത്യ ഷഡ്കത്തിൽ തിരുവോണം ഉൾപ്പെട്ടത് ശുഭമാണ്. നിക്ഷേപങ്ങളിൽ ലാഭം അധികരിക്കും. മുതിർന്നവരുടെ പിന്തുണയുണ്ടാവും. തൊഴിലില്ലാത്തവർക്ക് സ്വകാര്യ സ്ഥാപനത്തിൽ നല്ല ജോലി പ്രതീക്ഷിക്കാം. ഭാര്യാഭർത്താക്കന്മാർക്ക് ഒരിടത്തേക്ക് ജോലി മാറ്റം കിട്ടും. പുതുതലമുറയുടെ മനസ്സിലാക്കും. കൂട്ടുകച്ചവടം മെച്ചപ്പെടുന്നതാണ്. സംരംഭങ്ങൾക്ക് സർക്കാർ അനുമതി കിട്ടും. കലാപ്രവർത്തനം പൂർവ്വാധികം ശക്തമായി തുടരും. ആരാധനാലയങ്ങൾ സന്ദർശിക്കുന്നതാണ്. രോഗികൾക്ക് ആശ്വാസമനുഭവപ്പെടും.
അവിട്ടം
സൂര്യസംക്രമം നടന്ന നക്ഷത്രം ചതയം. അതിൻ്റെ മുൻപിൻ നക്ഷത്രങ്ങളെ 'ആദിശൂലം' എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തുന്നു. അവ മൂന്നിൻ്റെ അനുജന്മങ്ങളും കൂടിയാകുമ്പോൾ ഒമ്പത് നക്ഷത്രങ്ങൾ 'ശൂലം' ആയി വരും. അവയ്ക്ക് സമ്മിശ്രമായ ഫലമയിരിക്കും ഉണ്ടാവുക. ആകയാൽ അവിട്ടം നാളുകാർ വിജയിക്കാൻ കൂടുതൽ അധ്വാനിക്കേണ്ടതായി വരുന്നതാണ്. ലാഘവത്വം ഉപേക്ഷിക്കേണ്ടതുണ്ട്. സുലഭവസ്തുക്കൾ ദുർലഭങ്ങളാവാം. സുഹൃത്തുക്കളോ ബന്ധുക്കളോ തെറ്റിദ്ധാരണയാൽ ശത്രുപക്ഷം ചേരാനിടയുണ്ട്. ധനാഗമം മന്ദഗതിയിലാവും. അന്യദേശത്ത് പഠനം/ തൊഴിൽ ഫലവത്താകുന്നതാണ്. കുടുംബത്തിൻ്റെ പിന്തുണ കുറയില്ല. വർഷത്തിൻ്റെ പകുതിക്കുശേഷം സൽഫലങ്ങൾ വർദ്ധിക്കും. സമയോചിതമായി പ്രവർത്തിക്കാനും നേട്ടങ്ങളുണ്ടാക്കാനുമാവും.
ചതയം
ഇക്കൊല്ലത്തെ വിഷുസംക്രമനക്ഷത്രമാണ് ചതയം. സൂര്യൻ മേടം രാശിയിൽ പ്രവേശിക്കുന്നത് ചതയം നക്ഷത്രത്തിലാകയാൽ 'ആദിശൂലം' എന്ന് വിളിക്കപ്പെടുന്നു. ഗുണാനുഭവങ്ങൾ കുറയാനിടയുണ്ട്. അപ്രസക്തമായ കാര്യങ്ങൾ പോലും മനക്ളേശമുണ്ടാക്കും. സ്വാഭിപ്രായം പറയുന്നത് കരുതലോടെ വേണം. വേഗത്തിൽ തെറ്റിദ്ധരിക്കപ്പെടാം. സ്വന്തമായി പണം മുടക്കി ബിസിനസ്സ് തുടങ്ങുന്നത് വെല്ലുവിളിയാവും. സഹായം കൈപ്പറ്റിയവർ ശത്രുക്കളാവും. സ്വകാര്യ സ്ഥാപനത്തിൽ ജോലി കിട്ടാം. പഠിപ്പിനോ തൊഴിലിനോ ആയി അന്യദേശവാസമുണ്ടായേക്കും. ഉറ്റവരുമായി സ്വത്തുതർക്കൾ ഉയരും. കടബാധ്യയിൽ നിന്നും മോചനം നേടും. കുടുംബ ജീവിതത്തിൽ അനൈക്യം ആവർത്തിക്കും. ഈശ്വരസമർപ്പണങ്ങളിലൂടെ സമാശ്വാസം കണ്ടെത്തും.
പൂരൂരുട്ടാതി
'ആദിശൂലം' വിഭാഗത്തിൽ വരുന്നു, പൂരൂരുട്ടാതി. കുംഭം - മീനം രാശികളിൽ വരുന്ന ഖണ്ഡനക്ഷത്രവുമാണ്. ആകയാൽ സമ്മിശ്രഫലങ്ങൾ പ്രതീക്ഷിച്ചാൽ മതിയാകും. അദ്ധ്വാനം വിലമതിക്കപ്പെടുകയില്ല. ആഗ്രഹങ്ങളിൽ ചിലത് അതിപ്രയത്നത്തിലൂടെ നേടിയെടുക്കാം. ബന്ധുവാണോ ശത്രു, ശത്രുവിലും ബന്ധുവില്ലേ തുടങ്ങിയ ആശയക്കുഴപ്പങ്ങൾ ഉയരുന്നതാണ്. രോഗികൾ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ട്. ധനവരവ് മോശമാവില്ല. പാരമ്പര്യമായ തൊഴിലുകളിലും ഏജൻസി ഏർപ്പാടുകളിലും വിജയിക്കുന്നതാണ്. മറുനാട്ടിൽ ജീവിതം പുഷ്കമാവാനിടയുണ്ട്. ചെലവുചെയ്യുന്നതിൽ മിതത്വം ശീലമാക്കണം. ദാമ്പത്യത്തിൽ സ്വൈരം വന്നുംപോയുമിരിക്കും. പാർപ്പിടം വാങ്ങാനാവും. കടബാധ്യതകൾ അധികരിക്കാതിരിക്കാൻ കരുതൽ വേണം.
ഉത്രട്ടാതി
വിഷുഫലം ഉത്രട്ടാതിക്ക് ഗുണം ചെയ്യും. 'ഷഡ്കം' എന്ന വിഭാഗത്തിൽ വരികയാൽ ന്യായമായ ആഗ്രഹങ്ങൾ നേടാനാവും. പദവികൾ ആഗ്രഹിക്കുന്നവർക്ക് അവ ലഭിച്ചുകൂടായ്കയില്ല. ഭാവനാപരമായ പ്രവർത്തനം, കല, പ്രഭാഷണം, സംവാദം തുടങ്ങിയവയിൽ വിജയിക്കും. ധാർമ്മിക കാര്യങ്ങൾക്ക് ചുക്കാൻ പിടിക്കുന്നതാണ്. ഏഴരശ്ശനി തുടരുന്നത് പ്രതികൂലത സൃഷ്ടിക്കും. അലസതയുണ്ടാവും. പല കാര്യങ്ങളും സമയോചിതമായി നിർവഹിക്കുന്നതിൽ പിഴവ് വരുന്നതാണ്. സാമ്പത്തിക വിനിയോഗത്തിൽ വീഴ്ചകൾ ഭവിക്കാം. അന്യദേശത്ത് പ്രതിസന്ധികളെ നേരിട്ടേക്കും. ദീർഘകാലം കൊണ്ട് പൂർത്തിയാക്കേണ്ട കാര്യങ്ങൾ വിജയിപ്പിക്കാനാവും.
രേവതി
ജന്മശനിക്കാലമാണ്. രാഹു പന്ത്രണ്ടിലുണ്ട്. സമ്മർദ്ദങ്ങൾ തുടർക്കഥകളാവും. ദിക്കും പക്കുമറിയാതെ വട്ടം ചുറ്റുന്ന സ്ഥിതിയാണ്. സാമ്പത്തികം, തൊഴിൽ, ദാമ്പത്യം തുടങ്ങിയവയിൽ പ്രശ്നങ്ങൾ അലട്ടുന്നുണ്ടാവും. എന്നാൽ വിഷുഫലം സൂചിപ്പിക്കുന്നത് സമാശ്വാസകാലം എത്തിയെന്നാണ്. കൂരിരുട്ടിലും സ്ഫുടതാരകളുണ്ടാവും. കരുതിയ കാര്യങ്ങളുമായി മുന്നോട്ടുപോകാൻ സാധിച്ചേക്കും. ചെറിയ സംരംഭങ്ങളിലൂടെ ജീവിതം കരുപ്പിടിപ്പിക്കാൻ കഴിഞ്ഞേക്കും. കരാർ പണികൾ ആദായമാർഗമാക്കാം. മക്കളുടെ പഠനം, ജോലി, പ്രസവം മുതലായവയാൽ അച്ഛനമ്മമാർക്ക്/ഭാര്യാഭർത്താക്കന്മാർക്ക് വ്യത്യസ്ത സ്ഥലത്ത് താത്കാലികമായി പിരിഞ്ഞു താമസിക്കേണ്ടി വരുന്നത് ഈതരത്തിലാണ് കണക്കാക്കേണ്ടത്. വലിയ സ്വപ്നങ്ങളെക്കാൾ ചെറിയ ചുവടുവെയ്പുകളാവും ഇപ്പോൾ ജീവിതത്തെ സാർത്ഥകമാക്കുക.
കടപ്പാട് : എസ് ശ്രീനിവാസ് അയ്യർ
.jpg)


