എന്താണ് 'കുളിച്ചു തൊഴൽ' ? അറിയാം ഈ ചടങ്ങിനെക്കുറിച്ച്

temple

സുഖ ദുഃഖ സമ്മിശ്രമാണ് ജീവിതം. ജനനത്തിനും മരണത്തിനുമിടയിലുള്ള ചെറിയ കാലയളവിൽ അനുഭവത്തിൽ വരുന്നതിനെ വിധി എന്ന് പഴിക്കാതെ ഭഗവൽ ശരണം പ്രാപിക്കുക. സംഭവിക്കുന്നതും സംഭവിക്കാൻ ഇരിക്കുന്നതും നല്ലതിന് എന്നാണല്ലോ പ്രമാണം. ജീവിതത്തിലെ മോശം സമയത്തു സർവ ദുരിതശാന്തിക്കായി പഴമക്കാർ അനുഷ്ഠിച്ചിരുന്ന ഒരു ചടങ്ങാണ് 'കുളിച്ചു തൊഴൽ'. പ്രത്യേകം വ്രതം അനുഷ്ഠിച്ചു വീടിനു അടുത്തുള്ള ക്ഷേത്രദേവതയെ അടുപ്പിച്ചു കുറച്ചു ദിവസം തൊഴുന്നതാണ് ചിട്ട.

5, 7,12 എന്നീ ക്രമത്തിൽ വ്രതം അനുഷ്ഠിക്കുന്നവർ ഉണ്ട്. ഉദാഹരണമായി ഏഴു ദിവസമാണ് കുളിച്ചു തൊഴാൻ തീരുമാനിക്കുന്നതെങ്കിൽ എട്ടാം ദിനം ദേവന് അല്ലെങ്കിൽ ദേവിക്ക് നേദ്യം സമർപ്പിച്ചു വേണം വഴിപാട് പൂർത്തീകരിക്കുവാൻ.

പലവിധ ദുരിതങ്ങളാലും സാമ്പത്തിക ബുദ്ധിമുട്ടുകളായാലും ജീവിതക്ലേശം അനുഭവിക്കുന്നവർ പ്രത്യേക ചിട്ടകളോടെ അടുപ്പിച്ചു ക്ഷേത്രദർശനം നടത്തുന്നത്തിലൂടെ ഫലം അച്ചട്ടെന്നാണ് വിശ്വാസം. ക്ഷേത്ര പ്രദക്ഷിണം വച്ച് നമസ്കരിച്ചു പ്രാർഥിച്ച ശേഷം ഒരുപിടി കിഴിപ്പണം സമർപ്പിക്കുന്നത് ശ്രേഷ്ഠമാണ്.

∙ എന്താണ് ചിട്ടകൾ ?

ബ്രാഹ്മമുഹൂർത്തത്തിൽ എഴുന്നേറ്റു കുളിച്ചു നിലവിളക്കു കൊളുത്തി നാമജപം നടത്തണം. കുളിച്ചു തൊഴാൻ ഉദ്ദേശിക്കുന്ന ക്ഷേത്രത്തിലെ ദേവന്റെയോ ദേവിയുടെയോ മൂലമന്ത്രം 108 തവണ ജപിക്കുക. നെയ് വിളക്കിനു മുന്നിലിരുന്നുള്ള ജപം ഇരട്ടിഫലദായകമാണ്. ശേഷം ജലപാനം പോലും ചെയ്യാതെ ക്ഷേത്രദർശനം നടത്തി പ്രാർഥിക്കുക. വ്രതദിനങ്ങളിൽ എല്ലാം തീർത്ഥം സേവിച്ചിട്ടേ അന്ന–പാനം നടത്താവൂ എന്നാണ് ചിട്ട.

 പകലുറക്കം, എണ്ണതേച്ചുകുളി ഇവ പാടില്ല. സ്വാതിക ഭക്ഷണം ശീലിക്കുക. ത്രികാല ഭജനവും ഉറപ്പാക്കണം. ത്രികാല ഭജനം എന്നാൽ രാവിലെയും ഉച്ചക്കും വൈകിട്ടും ക്ഷേത്രദേവതയെ മനസ്സിൽ ധ്യാനിച്ചു മൂലമന്ത്രം ജപിക്കുക എന്നതാണ്. അതിനു സമയവും സാഹചര്യവും നോക്കേണ്ടതില്ല.

Tags