ജാതകപ്രകാരം ഏതു തൊഴിലിൽ നിങ്ങൾ ശോഭിക്കും ?


ഒരാളുടെ ജാതകം നോക്കിയാൽ അറിയാം അയാൾ ചെയ്യാൻ പോകുന്ന തൊഴിൽ എന്തായിരിക്കുമെന്ന്. ചിലർക്ക് പഠിച്ചപണി തന്നെ ചെയ്യാൻ സാധിക്കും. മറ്റുചിലർ പഠിച്ച പണി ആകില്ല ചെയ്യുന്നത്. എംബിബിഎസ് കഴിഞ്ഞശേഷം ശേഷം ചിലർ ഐഎഎസ്സിന് പോകുന്നു. ഐഎഎസ് എടുത്തവർ അതുപേക്ഷിച്ച് രാഷ്ട്രീയത്തിൽ ഇറങ്ങുന്നു. ഇത്തരം സംഭവങ്ങൾ ഒക്കെ നമുക്ക് സുപരിചിതമാണ്.
ഒരേ സമയം തന്നെ പല തൊഴിൽ ചെയ്യുന്നവരും ഉണ്ട്. എന്നാൽ കുറച്ചുകാലം ഒരു ജോലി ചെയ്യും. പിന്നെ അതുമായി ബന്ധമില്ലാത്ത മറ്റൊന്നിൽ പ്രവേശിക്കുകയും ചെയ്യുന്ന ആളുകളേയും കണ്ടിട്ടുണ്ട്. ഇതൊക്കെ എന്തു കൊണ്ടാണ് സംഭവിക്കുന്നതെന്ന് സാധാരണ പലരും അത്ഭുതത്തോടെ ആകും വീക്ഷിക്കുക.
പത്താം ഭാവം അതായത് കർമ്മസ്ഥാനത്ത് നിൽക്കുന്ന ഗ്രഹം ഏതാണ് അതുമായി ബന്ധപ്പെട്ട ജോലി ആയിരിക്കും എന്നും അയാൾ ചെയ്യുക അതല്ലെങ്കിൽ പത്താം ഭാവത്തിലേക്ക് നോക്കുന്ന ഗ്രഹവുമായി ബന്ധപ്പെട്ട പ്രവർത്തി ആകും ചെയ്യുക. ഉദാഹരണത്തിന്പത്തിൽ ചൊവ്വ നിൽക്കുന്നവർ പോലീസ്, സൈന്യം ,അസ്ത്രശസ്ത്രങ്ങൾ ,വൈദ്യുതി എൻജിനീയറിങ് തുടങ്ങിയ മേഖലയിലായിരിക്കും പ്രവർത്തിക്കുക. ഇനി അയാൾ അധ്യാപകൻ ആയാണ് ജോലിചെയ്യുന്നതെങ്കിൽ അത് സൈനിക സ്കൂളിൽ ആകും. അതു പോലെ ഡോക്ടർ ആയാൽ ഒരു സർജൻ ആയി തീരുകയും ചെയ്യും.

ഒന്നിലധികം ഗ്രഹങ്ങൾ പത്തിൽ നിൽക്കുകയോ പത്തിലേക്ക് നോക്കുകയോ ചെയ്യുമ്പോഴാണ് പല ജോലികളിൽ ഏർപ്പെടാനുള്ള സാധ്യത ഉണ്ടാകുന്നത്. അതിൽ തന്നെ ഗ്രഹങ്ങളുടെ ബലാബലങ്ങൾ ശ്രദ്ധിക്കുകയും വേണം .ബലം കുറഞ്ഞ ഗ്രഹങ്ങളുമായി ബന്ധപ്പെട്ട ജോലിയിൽ താല്പര്യം ഉണ്ടാവുമെങ്കിലും അതിൽ ശോഭിക്കാൻ സാധ്യത കുറവായിരിക്കും. മറിച്ച് ആയാൽ ആ രംഗത്ത് തിളങ്ങുകയും ചെയ്യും.