ചന്ദ്രനിലെ കൂടുതല്‍ പ്രദേശങ്ങളില്‍ ഐസ് ഒളിഞ്ഞിരിക്കുന്നു


ബെംഗളൂരു: ഭൂമിയുടെ സ്വാഭാവിക ഉപഗ്രഹമായ ചന്ദ്രനിലെ ഐസ് സാന്നിധ്യത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളുമായി ചന്ദ്രയാന്‍-3. ചന്ദ്രന്‍റെ ഉപരിതലത്തിനടിയിൽ കൂടുതൽ ഐസ് ഉണ്ടാകാമെന്ന് ചന്ദ്രയാന്‍-3ലെ വിവരങ്ങള്‍ അടിസ്ഥാനമാക്കിയുള്ള പഠനം വെളിപ്പെടുത്തുന്നതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. കമ്മ്യൂണിക്കേഷൻസ് എർത്ത് ആൻഡ് എൻവയോൺമെന്‍റ് ജേണലിൽ ചന്ദ്രനിലെ ഐസ് സാന്നിധ്യത്തെ കുറിച്ചുള്ള ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ചന്ദ്രന്‍റെ ധ്രുവങ്ങളിലെ ഉപരിതലത്തില്‍ കൂടുതൽ സ്ഥലങ്ങളിൽ ഐസ് ഉണ്ടാകാമെന്നാണ് ചന്ദ്രയാൻ -3 ദൗത്യം ശേഖരിച്ച ഡാറ്റയെക്കുറിച്ചുള്ള പഠനം സൂചിപ്പിക്കുന്നത്. ചന്ദ്രനിലെ വലിയ തോതിലുള്ള താപനില വ്യതിയാനങ്ങൾ ഐസ് രൂപീകരണത്തെ കാര്യമായി സ്വാധീനിക്കുന്നതായും ഈ ഐസ് കണികകൾ പരിശോധിക്കുന്നത് അവയുടെ ഉത്ഭവത്തെയും ചരിത്രത്തെയും കുറിച്ചുള്ള വ്യത്യസ്ത കഥകൾ വെളിപ്പെടുത്തുമെന്നും അഹമ്മദാബാദിലെ ഫിസിക്കൽ റിസർച്ച് ലബോറട്ടറിയിലെ ശാസ്‍ത്രജ്ഞനായ ദുർഗാ പ്രസാദ് കരണം പിടിഐയോട് പറഞ്ഞു. ചന്ദ്രന്‍റെ ഉപരിതലത്തില്‍ മഞ്ഞ് അടിഞ്ഞുകൂടുകയും കാലക്രമേണ നീങ്ങുകയും ചെയ്തതെങ്ങനെയെന്ന് ഈ പഠനം വ്യക്തമാക്കുന്നു. ഇത് ചന്ദ്രന്‍റെ ആദ്യകാല ഭൂമിശാസ്ത്ര പ്രക്രിയകളെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ഐഎസ്ആർഒ വിക്ഷേപിച്ച ചന്ദ്രയാൻ-3 പേടകം 2023 ഓഗസ്റ്റ് 23നാണ് ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിനടുത്ത് വിജയകരമായി ഇറങ്ങിയത്. അന്നുമുതൽ അതിലെ വിക്രം ലാൻഡർ പ്രധാനപ്പെട്ട വിവരങ്ങൾ അയച്ചുകൊണ്ടിരിക്കുന്നു.
ചന്ദ്രയാൻ-3ലെ വിക്രം ലാൻഡറിൽ ഘടിപ്പിച്ചിരുന്ന ChaSTE എന്ന ഉപകരണം ചന്ദ്രോപരിതലത്തിന് താഴെയുള്ള 10 സെന്‍റീമീറ്റർ വരെ താപനില അളന്നിരുന്നു. ഇതിൽ നിന്ന് പുറത്തുവന്ന വിവരങ്ങളാണ് ഇപ്പോള്‍ ശാസ്ത്രലോകത്തെ അത്ഭുതപ്പെടുത്തുന്നത്. ലാൻഡിംഗ് സൈറ്റ് സൂര്യനിലേക്ക് ചരിഞ്ഞിരുന്നുവെന്നും അതിന്‍റെ ചരിവ് 6 ഡിഗ്രി ആയിരുന്നുവെന്നും ഗവേഷണങ്ങൾ വെളിപ്പെടുത്തുന്നു. ഈ സ്ഥലത്തെ താപനില 82°C-നും -170°C-നും ഇടയിലാണെന്നും കണ്ടെത്തി. വെറും ഒരു മീറ്റർ അകലെയുള്ള ഒരു പരന്ന പ്രതലത്തിലെ താപനില ഏകദേശം 60°C ആയിരുന്നു. ഈ നേരിയ ചരിവ് കൂടുതൽ സൗരകിരണം ഉപരിതലത്തിലേക്ക് എത്താൻ കാരണമായി. ഇത് താപനിലയെ ബാധിക്കുകയും ഐസ് രൂപീകരണ പ്രക്രിയയെ മാറ്റുകയും ചെയ്തു.

ഒരു പ്രതലം 14 ഡിഗ്രിയോ അതിൽ കൂടുതലോ ചരിഞ്ഞിരിക്കുകയും നേരിട്ടുള്ള സൂര്യപ്രകാശത്തിൽ നിന്ന് സംരക്ഷിക്കപ്പെടുകയും ചെയ്താൽ, അവിടെ മഞ്ഞ് അടിഞ്ഞുകൂടാനുള്ള സാധ്യത വർധിക്കുമെന്ന് കാണിക്കുന്ന ഒരു മോഡൽ ഗവേഷകർ വികസിപ്പിച്ചെടുത്തിട്ടുണ്ട്. അതായത്, ചന്ദ്രന്‍റെ ധ്രുവപ്രദേശങ്ങളിൽ മഞ്ഞുമൂടിയേക്കാവുന്ന നിരവധി സ്ഥലങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട് എന്ന് അർത്ഥം. ഈ കണ്ടെത്തൽ ഭാവിയിൽ മനുഷ്യനെ ചന്ദ്രനിലേക്ക് അയയ്ക്കാനുള്ള പദ്ധതികളെ സംബന്ധിച്ചും വളരെ പ്രധാനമാണ്.
ചന്ദ്രന്റെ ഉപരിതലത്തിൽ ഉയർന്ന വാക്വം സാഹചര്യമുണ്ടെന്നും അതുമൂലം ഐസ് ഉരുകുന്നതിനു പകരം നേരിട്ട് വാതകമായി മാറുമെന്നും ദുർഗാ പ്രസാദ് കരണം പിടിഐയോട് പറഞ്ഞു. അതായത്, ദ്രാവക ജലം കണ്ടെത്താനുള്ള സാധ്യത വളരെ കുറവാണ്. ഭാവിയിൽ ചന്ദ്രനിൽ മനുഷ്യവാസ കേന്ദ്രങ്ങൾ നിർമ്മിക്കുന്നതിന്, ഐസ് വേർതിരിച്ചെടുക്കുന്നതിനും ഉപയോഗിക്കുന്നതിനുമുള്ള പുതിയ സാങ്കേതികവിദ്യകൾ വികസിപ്പിക്കേണ്ടത് വളരെ പ്രധാനമാണെന്നും ശാസ്ത്രജ്ഞർ പറയുന്നു.