കയ്യിലെ മറുക് പറയും നിങ്ങളുടെ ഭാഗ്യവും നിർഭാഗ്യവും


മറുകുകൾക്ക് പൊതുവെ വലിയ പ്രാധാന്യമൊന്നും ആരും നൽകാറില്ല. ചില മറുകുകൾ ജന്മനാ ഉള്ളതും ചിലതു പിന്നീട് ഉണ്ടാകുന്നവയുമാണ്. ഈ മറുകുകൾക്ക് നമ്മുടെ ജീവിതവുമായി വലിയ ബന്ധമുണ്ടെന്നാണ് ജ്യോതിശാസ്ത്രം പറയുന്നത്. ശരീരത്തിന്റെ ഓരോ ഭാഗത്തുമുള്ള മറുകുകൾക്ക് ഓരോ പ്രത്യേകതയുണ്ടെന്നും അവയ്ക്കു നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ട് വളരെ വലിയൊരു സ്ഥാനവുമുണ്ടെത്രേ. ഭാഗ്യ നിർഭാഗ്യങ്ങളെ നിർണയിക്കാൻ ഈ മറുകുകൾ കൊണ്ട് സാധിക്കുമെന്നു പറയപ്പെടുന്നു. കയ്യിൽ കാണുന്ന മറുകുകൾക്കു പ്രത്യേകതയുണ്ട്.
വലതു കൈയിൽ മറുകുള്ളവർ ഏൽപ്പിക്കുന്ന എന്തുകാര്യവും നിർബന്ധബുദ്ധിയോടെയും സൂക്ഷ്മതയോടെയും ചെയ്തു തീർക്കുന്നവരാണ്.
ധനവാനാകണമെന്നു ആഗ്രഹിക്കുകയും എന്നാൽ ശരാശരി ജീവിതം നയിക്കുന്നവരുമാണ് ഇടതുകരത്തിൽ മറുകുള്ളവർ.
വിജയവും സമ്പത്തും പ്രതിനിധാനം ചെയ്യുന്നതാണ് ഇടതോ വലതോ കൈമുട്ടിനു താഴെയുള്ള മറുകുകൾ. മറ്റുള്ളവരെ സഹായിക്കുന്നവരും മറ്റുള്ളവരുടെ സഹായങ്ങൾ സ്വീകരിക്കുന്നവരുമാണ് ഇക്കൂട്ടർ.
കണംകൈയിലെ മറുക് ബാല്യകാലത്തിലെ ദാരിദ്ര്യത്തെ കാണിക്കുന്നു. ഒരു എഴുത്തുകാരനോ ചിത്രകാരനോ ആകാം ഇക്കൂട്ടർ. ദൈവത്തിലും നല്ല വിശ്വാസമുണ്ടാകും ഇക്കൂട്ടർക്ക്. വയസുകൂടുന്നതിനനുസരിച്ച് ഇവരുടെ കയ്യിലെ ധനത്തിനും വർധനവുണ്ടാകും.
കൈപ്പത്തിക്കുള്ളിലുള്ള മറുക് നല്ലതല്ല. ഇത് ജീവിതത്തിലുടനീളമുള്ള പ്രതിബന്ധങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത്.

വിരലുകളിലുള്ള മറുകുകളും ശുഭസൂചനയല്ല. അപവാദങ്ങൾ കേൾക്കാനിടയുണ്ടാവും. വിരലുകളിൽ മറുകുള്ളവർക്കു മുന്നോട്ടുള്ള ജീവിതത്തിൽ നിറയെ തടസങ്ങൾ നേരിടേണ്ടി വന്നേക്കാം.