മത്സ്യ ചിഹ്നം ആയുർരേഖയിൽ വന്നാൽ


ആധുനിക കാലഘട്ടത്തിലും വളരെയധികം പ്രചാരത്തിലുള്ള ശാസ്ത്രശാഖയാണ് ഹസ്തരേഖാ ശാസ്ത്രം. കയ്യിലെ മുഖ്യരേഖകളെ മാത്രം അടിസ്ഥാനമാക്കിയല്ല പൊതുവിൽ ഫലപ്രവചനം നടത്തുന്നത്. മുഖ്യരേഖകളുടെ സ്വാധീനം കുറയ്ക്കുകയോ കൂട്ടുകയോ ചെയ്യുന്ന ധാരാളം സ്വാധീന രേഖകള്‍ കയ്യിൽ ഉണ്ട്. ഇവയിൽ ചിലതു ചില സന്ദർഭങ്ങളിൽ പ്രത്യക്ഷപ്പെട്ട് കുറേക്കാലത്തിനു ശേഷം മാഞ്ഞുപോകുന്നതായി കാണാറുണ്ട്. സ്വാധീന രേഖയിൽ പെടുന്നതാണ് കയ്യിൽ കാണപ്പെടുന്ന മത്സ്യ ചിഹ്നം (Fish Line) . പൊതുവിൽ മത്സ്യ ചിഹ്നം കൈവെള്ളയുടെ പലഭാഗത്തായി വരുന്നവർ സാമ്പത്തിക സ്ഥിരതയുള്ളവരും സന്തുഷ്ടകുടുംബജീവിതം നയിക്കുന്നവരും പരോപകാരിയും സാമൂഹിക സേവന സന്നദ്ധരും ആയിരിക്കും.
ആയുർരേഖ അഥവാ ജീവരേഖ ആയുസ്സിന്റെ ദൈർഘ്യമല്ല സൂചിപ്പിക്കുന്നത്. മറിച്ച് ഒരു വ്യക്തിയുടെ ക്രയോൻമുഖത, ചൊടി, ചുണ, മനഃശ്ശക്തി, ആത്മവിശ്വാസം എന്നിവയെല്ലാമാണ്. ആയുർരേഖയുടെ അവസാനഭാഗത്തായി മത്സ്യ ചിഹ്നം വന്നാൽ സാമ്പത്തിക പുരോഗതിയും സർവൈശ്വര്യവും ലഭിക്കും എന്നാണ് പറയപ്പെടുന്നത്. സന്താനങ്ങൾക്ക് ഉന്നതിയും പ്രതീക്ഷിക്കാം . കൂടാതെ ശുക്രമണ്ഡലത്തിൽ ഈ ചിഹ്നം വരുന്നതിനാൽ ലക്ഷ്മീ കടാക്ഷം ലഭിക്കുമെന്നും പറയപ്പെടുന്നു. ഈ മത്സ്യ ചിഹ്നം ആയുർരേഖയെ രണ്ടായി പിരിച്ചുകൊണ്ടായാൽ ഫലം വ്യത്യസ്തമായിരിക്കും.
ചിത്രത്തിൽ കാണിച്ചിരിക്കുന്നത് പോലെ ആയുർരേഖയിൽ നിന്ന് ശാഖയായി വരുന്ന രീതിയിൽ മത്സ്യ ചിഹ്നം ഉള്ളവർ എത്ര ദുരിതത്തിൽ കഴിയുന്നവരാണെങ്കിലും രക്ഷപ്പെടും. ധനം ,സമ്പത്ത് ,ഐശ്വര്യം എല്ലാം വന്നു ചേരും. കൂടുതലും മധ്യവയസ്സിനു ശേഷം ഇത് അനുഭവമായി കാണുന്നു. ഇത് രാജയോഗം നൽകുന്ന ഒരു ചിഹ്നം തന്നെയാണ്.

കടപ്പാട്
ജ്യോതിഷഭൂഷണം പ്രജീഷ് .ബി.നായർ