ചൊവ്വാഴ്ച വ്രതത്തിന്റെ പ്രാധാന്യം അറിയാം...

chovva
chovva

ഹിന്ദു മതവിശ്വാസ പ്രകാരം ഓരോ വ്രതവും, ഉത്സവവും, പൂജാ വിധിയുമൊക്കെ ഒരോ പ്രത്യേകതകളും നിറഞ്ഞതാണ്. . അത്തരത്തില്‍ ഐശ്വര്യത്തിനും ജീവിത ഉന്നമനത്തിനും വേണ്ടി അനുഷ്ഠിക്കാവുന്ന വ്രതമാണ് ചൊവ്വാഴ്ച വ്രതം. ഭദ്രകാളി, സുബ്രഹ്മണ്യൻ, ഹനുമാൻ എന്നീ ദേവതകളെ സംപ്രീതരാക്കുവാൻ ഏറ്റവും പ്രയോജനകരമായ വ്രതാനുഷ്ടാനമാണ് ഈ  വ്രതം.  ചെവ്വാഴ്ച വ്രതം അനുഷ്ഠിക്കുന്നതിലൂടെ ചൊവ്വാദോഷം മാറ്റാനാകുമെന്നാണ് വിശ്വാസം.

ജാതകത്തിൽ ചൊവ്വ അനിഷ്ടനായി സ്ഥിതി ചെയ്യുന്നവർക്കും ചൊവ്വ ദോഷം മൂലം വിവാഹതടസ്സം അനുഭവിക്കുന്നവർക്കും ഈ വ്രതം ഉത്തമ ഗുണങ്ങളെ പ്രദാനം ചെയ്യും.

ജാതകത്തിൽ ചൊവ്വ മേടം, മിഥുനം, ചിങ്ങം, തുലാം,  ധനു, കുംഭം എന്നീ ഓജ രാശികളിൽ നിൽക്കുന്നവർ സുബ്രഹ്മണ്യനെയും ഇടവം, കർക്കിടകം, കന്നി,  വൃശ്ചികം,  മകരം, മീനം എന്നീ യുഗ്മ രാശികളിൽ നിൽക്കുന്നവർ ഭദ്രകാളിയെയും പ്രീതിപ്പെടുത്തുന്ന കർമങ്ങൾ അനുഷ്ഠിക്കുന്നത് കൂടുതൽ ഫലദായകമായിരിക്കും.

 ജാതകത്തിൽ ചൊവ്വയെ (കുജനെ) ‘കു’ എന്ന അക്ഷരം കൊണ്ടാണ് രേഖപ്പെടുത്തുന്നത്. സ്വന്തം ഗ്രഹനിലയിൽ കു എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് ഏതു രാശിയിലാണെന്ന് സ്വയം കണ്ടെത്താവുന്നതേയുള്ളൂ.

ചൊവ്വാഴ്ച വ്രതം അനുഷ്ഠിക്കേണ്ടവർ തിങ്കളാഴ്ച രാത്രി അരി ഭക്ഷണം ഒഴിവാക്കി ലഘു ഭക്ഷണം സ്വീകരിക്കണം. ചൊവ്വാഴ്ച കാലത്തു തന്നെ ഉണർന്ന് സ്നാനം ചെയ്ത് വിളക്ക് കൊളുത്തി വച്ച് ഓം അംഗാരകായ നമ: എന്ന് 21 തവണ ജപിക്കുക. ഓം അംഗാരകായ വിദ്മഹേ ഭൂമി പുത്രായ ധീ മഹീ തന്നോ ഭൗമ പ്രചോദയാത് എന്ന കുജഗായത്രി 108 തവണയോ 9 തവണ എങ്കിലുമോ ജപിക്കുക.

തുടർന്ന് സുബ്രഹ്മണ്യ ക്ഷേത്രത്തിലോ, ഭദ്രകാളീ ക്ഷേത്രത്തിലോ ദർശനം നടത്തി യഥാശക്തി വഴിപാടുകൾ സമർപ്പിക്കുക. നവഗ്രഹ പ്രതിഷ്ഠയുണ്ടെങ്കിൽ കുജന് അർച്ചന നടത്തുക. സുബ്രഹ്മണ്യ ക്ഷേത്രത്തില് ദർശനം നടത്തുന്നവർ ഓം ശരവണ ഭവ എന്ന മന്ത്രം ജപിച്ചുകൊണ്ടും ഭദ്രകാളീ ക്ഷേത്ര ദർശനം നടത്തുന്നവർ “ഓം കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ കുലം ച കുല ധർമം ച മാം ച പാലയ പാലയ” എന്ന മന്ത്രം ജപിച്ചു കൊണ്ടും ക്ഷേത്ര പ്രദക്ഷിണം ചെയ്യുക.

ക്ഷേത്ര ദർശനം സാധ്യമല്ലെങ്കിൽ ഗൃഹത്തിൽ തന്നെ സുബ്രഹ്മണ്യൻ, ഭദ്രകാളി, ഗണപതി, ഹനുമാൻ എന്നീ ദേവതകളുടെ സ്തോത്രങ്ങളും കുജന്റെ അഷ്ടോത്തരശത നാമാവലിയും ജപിക്കുക. ചൊവ്വാഴ്ച ഒരു നേരം മാത്രം അരി ഭക്ഷണം മറ്റു സമയങ്ങളിൽ പാൽ, പഴം മുതലായ ലഘു ഭക്ഷണം. ഭക്ഷണത്തിൽ ഉപ്പ് ഒഴിവാക്കുന്നത് നല്ലത്. മരുന്നുകൾ മുടക്കേണ്ടതില്ല.

ആഹാര നിയന്ത്രണം ആരോഗ്യസ്ഥിതിക്ക് അനുസൃതമായി മതിയാകും. പകൽ ഉറങ്ങരുത്. വൈകുന്നേരവും ക്ഷേത്ര ദർശനം ഉചിതം. ബുധനാഴ്ച രാവിലെ സ്നാന ശേഷം തുളസീ തീർത്ഥം സേവിച്ച്‌ പാരണ വീടാവുന്നതാണ്. വിവാഹ തടസ്സം മാറാനും ദേഹബലം വർധിക്കാനും ബാധ്യതകൾ കുറയ്ക്കാനും സഹോദരന്മാരും സഹോദര തുല്യരായവരുമായുള്ള കലഹങ്ങൾ ശമിക്കാനും കാര്യാ സാധ്യത്തിനും ചൊവ്വാഴ്ച വ്രതം സഹായകരമാകും.

ചൊവ്വാഴ്ച വ്രതം അനുഷ്ഠിക്കുന്നവർ ഭദ്രകാളിക്ക് ചുവന്ന പുഷ്പങ്ങൾ കൊണ്ട് മാല, രക്തപുഷ്പാഞ്ജലി, സുബ്രഹ്മണ്യന് കുമാരസൂക്ത പുഷ്പാഞ്ജലി, പഞ്ചാമൃതം, ഹനുമാൻ സ്വാമിക്ക് വെറ്റിലമാല, അവിൽ നിവേദ്യം, സിന്ദൂര സമർപ്പണം എന്നിവ നടത്തുന്നത് ഗുണകരമാണ്.
കടബാധ്യതകൾ അലട്ടുന്നവർ ഋണമോചന അംഗാരക സ്തോത്രം ജപിക്കുക. കട ബാധ്യതകൾ കുറയ്ക്കാൻ കഴിയും.

Tags