ചന്ദ്രയാൻ ലാൻഡറിന്‍റെ കുതിച്ചുചാട്ട പരീക്ഷണത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്

google news
chandrayan4

ബംഗളൂരു: ചന്ദ്രന്‍റെ മണ്ണിൽ ഇറങ്ങിയ ലാൻഡർ വീണ്ടും ഉയർന്നു പൊങ്ങി മറ്റൊരിടത്ത് ലാൻഡ് ചെയ്ത പരീക്ഷണത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് ചന്ദ്രയാൻ 3 പ്രൊജക്ട് ഡയറക്ടർ പി. വീരമുത്തുവേലുവും അസോസിയേറ്റ് പ്രൊജക്ട് ഡയറക്ടർ കൽപന കാളഹസ്തിയും.

ലാൻഡറിന്‍റെ ‘കിക്ക്-സ്റ്റാർട്ടി’ന് മുമ്പ് പരീക്ഷണം നടത്തിയിരുന്ന റേഡിയോ അനാട്ടമി ഓഫ് മൂൺ ബൗണ്ട് ഹൈപ്പർസെൻസിറ്റീവ് അയണോസ്ഫിയർ ആൻഡ് അറ്റ്മോസ്ഫിയർ (രംഭ), ചാന്ദ്രാ സർഫേസ് തെർമോഫിസിക്കൽ എക്സ്പിരിമെന്‍റ് (ചാസ്തെ), ലൂണാർ സീസ്മിക് ആക്ടിവിറ്റി ഇൻസ്ട്രമെന്‍റ് (ഇൽസ) എന്നീ ഉപകരണങ്ങളും റോവറിന് ഇറങ്ങാനായി തുറന്ന വാതിലും പുർവസ്ഥിതിയിലാക്കി.
ചന്ദ്രോപരിതലത്തിൽ ഇറങ്ങിയ ലാൻഡറിനെ വീണ്ടും ജ്വലിപ്പിച്ച് ഉയർത്തുന്ന പരീക്ഷണത്തെ കുറിച്ച് മുൻകൂട്ടി പദ്ധതി ഇട്ടിരുന്നില്ലെന്ന് വീരമുത്തുവേലു പറഞ്ഞു. പരീക്ഷണം നടത്താമെന്ന ആവശ്യം മുന്നോട്ടു വെച്ചത് യു.ആർ.എസ്.സി മേധാവിയും ഐ.എസ്.ആർ.ഒ ചെയർമാനുമായിരുന്നു. ചന്ദ്രനിൽ നിന്നുള്ള സാമ്പിളുകൾ തിരികെ ഭൂമിയിൽ എത്തിക്കുന്ന ദൗത്യത്തിന് വേണ്ടിയാണ് ഈ പരീക്ഷണം നടത്തിയത്.

ശാസ്ത്രജ്ഞരുടെ സംഘം 24 മണിക്കൂർ നീണ്ട പരിശ്രമത്തിന്‍റെ ഫലമായാണ് ലാൻഡറിന്‍റെ ‘കിക്ക്-സ്റ്റാർട്ട്’ (Kick-Start) പരീക്ഷണം നടത്തിയത്. പരീക്ഷണത്തിന്‍റെ വിജയസാധ്യതയിൽ സംശയം ഉണ്ടായിരുന്നുവെന്നും എന്നാൽ, നേട്ടം കൈവരിച്ചു. ലാൻഡറിന്‍റെ നാല് കാലുകളും ഒരേ നിരപ്പിലല്ല ചന്ദ്രോപരിതലത്തിൽ പതിച്ചത്. ചില കാലുകൾ മണ്ണിൽ പുതഞ്ഞു പോയിരുന്നു. ഈ സാഹചര്യത്തിൽ ലാൻഡറിനെ എൻജിൻ ജ്വലിപ്പിച്ച് വീണ്ടും ഉയർത്തി മറ്റൊരു സ്ഥലത്തേക്ക് ഇറക്കുന്നത് വെല്ലുവിളിയായിരുന്നു -വീരമുത്തുവേലു വ്യക്തമാക്കി.

ഒരു തവണ പ്രവർത്തനക്ഷമമാക്കിയ ഉപകരണങ്ങൾ പൂർവസ്ഥിതിയിലാക്കുന്നത് വിക്ഷേപണത്തിന് മുമ്പ് പരീക്ഷിച്ചിരുന്നില്ല. ഇത് ചന്ദ്രനിൽ വെച്ച് പരീക്ഷിക്കുക എന്ന വലിയ വെല്ലുവിളിയായിരുന്നു. വിശദമായ ചർച്ചകൾക്ക് ശേഷമാണ് ലാൻഡറിന്‍റെ എൻജിൻ വീണ്ടും പ്രവർത്തിപ്പിക്കാൻ തീരുമാനിച്ചത്. ലാൻഡറിനെ പുതിയ സ്ഥലത്തേക്ക് മാറ്റി ലാൻഡ് ചെയ്തത് വഴി ഉപകരണങ്ങൾ കൊണ്ട് വീണ്ടും പരീക്ഷണങ്ങൾ നടത്താൻ സാധിച്ചു - കൽപന വ്യക്തമാക്കി.

ചന്ദ്രനിൽ ഇറങ്ങിയ ലാൻഡർ വീണ്ടും ഉയർന്ന് പൊങ്ങി മറ്റൊരിടത്ത് ലാൻഡ് ചെയ്ത ‘കിക്ക്-സ്റ്റാർട്ടി’നെ (Kick-Start) കുറിച്ചുള്ള സന്തോഷ വാർത്ത സെപ്റ്റംബർ നാലിനാണ് ഐ.എസ്.ആർ.ഒ പുറത്തുവിട്ടത്. ആദ്യം ഇറങ്ങിയ സ്ഥലത്ത് നിന്ന് എൻജിനുകൾ ജ്വലിപ്പിച്ച് 40 സെന്‍റീമീറ്റർ ഉയർന്ന് പൊങ്ങിയ ലാൻഡർ 30 മുതൽ 40 സെന്‍റീമീറ്റർ മാറിയാണ് വീണ്ടും സുരക്ഷിതമായി ലാൻഡ് ചെയ്തത്. ലാൻഡറിന്‍റെ ‘കിക്ക്-സ്റ്റാർട്ട്’ (Kick-Start) ചന്ദ്രനിൽ നിന്നുള്ള സാമ്പിളുകൾ തിരികെ ഭൂമിയിൽ എത്തിക്കുന്നതിലും മനുഷ്യനെ ചന്ദ്രനിലെത്തിക്കുന്ന ദൗത്യത്തിലും നിർണായകമാകുമെന്ന് ഐ.എസ്.ആർ.ഒ ചൂണ്ടിക്കാട്ടുന്നു.

ആഗസ്റ്റ് 23ന് ചന്ദ്രന്‍റെ ഉപരിതലത്തിൽ ഇറങ്ങിയ ലാൻഡ് ഭൂമിയിലെ 14 ദിവസങ്ങൾക്ക് സമാനമായ ഒരു ചാന്ദ്രദിവസമാണ് പര്യവേക്ഷണം നടത്തിയത്. ചന്ദ്രനിൽ രാത്രി ആരംഭിച്ചതോടെ ദക്ഷിണ ധ്രുവത്തിൽ പര്യവേക്ഷണം നടത്തിയ ലാൻഡറും റോവറും പ്രവർത്തനം അവസാനിപ്പിച്ച് സെപ്റ്റംബർ നാലിന് നിദ്രയിലേക്ക് (സ്ലീപ്പിങ് മോഡ്) മാറി.ചന്ദ്രനിലെ ഒരു രാത്രി (ഭൂമിയിലെ 14-15 ദിവസം) കഴിഞ്ഞ് സൂര്യപ്രകാശം വീണ്ടും ചന്ദ്രനിൽ പതിക്കുമ്പോൾ ലാൻഡറും റോവറും ഉണർന്നാൽ ഐ.എസ്.ആർ.ഒക്ക് അത് വൻ നേട്ടമാകും. വീണ്ടും 14 ദിവസം കൂടി പര്യവേക്ഷണത്തിനായി ലഭിക്കും.

Tags