കുഞ്ഞിന്റെ അന്നപ്രാശനത്തിന് എന്തുകൊണ്ട് ഇത്ര പ്രാധാന്യം ? ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

Why is baby's diet so important? You should pay attention to these things

 ഒരു കുഞ്ഞിന്റെ ജീവിതത്തിലെ ആദ്യ വലിയ ആചാരങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നത് അന്നപ്രാശനമാണ്, അഥവാ ആദ്യമായി ചോറു കൊടുക്കുന്ന ചടങ്ങ്. ഒരു കുഞ്ഞ് ജനിച്ച് കഴിഞ്ഞാൽ മാതാപിതാക്കൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ ചടങ്ങ് ശിശുവിന്റെ വളർച്ചയിലെ സുപ്രധാന ഘട്ടമാണ്. കേവലം ഒരു ചടങ്ങ് മാത്രമല്ല ഇത്, കുഞ്ഞിന്റെ ദഹനവ്യവസ്ഥ ഖരാഹാരങ്ങൾ സ്വീകരിക്കാൻ സജ്ജമായെന്നതിന്റെയും സൂചനയാണിത്.

ഹൈന്ദവ സംസ്കാരത്തിൽ ‘അന്നം’ ജീവന്റെ ആധാരമായി കണക്കാക്കപ്പെടുന്നതുകൊണ്ട് അതിന് പ്രത്യേക ആത്മീയ പ്രാധാന്യമുണ്ട്. കുഞ്ഞ് ആദ്യമായി കഴിക്കുന്ന ഭക്ഷണം ശരീരവളർച്ചയ്ക്ക് മാത്രം അല്ല, ബുദ്ധിശക്തിയെയും സ്വഭാവ രൂപീകരണത്തെയും സ്വാധീനിക്കുമെന്ന് ജ്യോതിഷശാസ്ത്രം വ്യക്തമാക്കുന്നു. അതിനാലാണ് ആദ്യമായി ചോറു കൊടുക്കുന്ന ചടങ്ങ് നടത്തുമ്പോൾ ശാസ്ത്രവിധി അനുസരിച്ചുള്ള ശുഭ മുഹൂർത്തം തിരഞ്ഞെടുക്കുന്നത് ഭാരതീയ പാരമ്പര്യത്തിൽ അതീവ പ്രധാനമായി കരുതുന്നത്.


കുട്ടിയുടെ ജന്മനക്ഷത്രം, ചന്ദ്രബലം, അനുയോജ്യമായ വാരങ്ങൾ എന്നിവ ഒത്തുചേരുന്ന സുദിനത്തിൽ ഈ ചടങ്ങ് നിർവഹിക്കുന്നത് ആയുരാരോഗ്യ സൗഖ്യത്തിന് ഉത്തമമാണ്. അന്നപ്രാശനത്തിന് സ്വീകരിക്കേണ്ട ഉത്തമമായ നക്ഷത്രങ്ങളെയും വാരങ്ങളെയും കുറിച്ചുള്ള ജ്യോതിഷ നിയമങ്ങൾ താഴെ പറയുന്നവയാണ്.

ശുഭമുഹൂർത്തത്തിന്റെ പ്രാധാന്യം : ഭക്ഷണത്തിലൂടെ ലഭിക്കുന്ന ഊർജ്ജം കുഞ്ഞിന്റെ ബുദ്ധിയെയും ആരോഗ്യത്തെയും സ്വാധീനിക്കുന്നു എന്നാണ് വിശ്വാസം. അതിനാൽ തന്നെ ഉത്തമമായ നക്ഷത്രവും വാരവും നോക്കി വേണം ഈ ചടങ്ങ് നടത്താൻ. ആൺകുട്ടികൾക്ക് ഇരട്ട മാസങ്ങളും പെൺകുട്ടികൾക്ക് ഒറ്റ മാസങ്ങളും വേണമെന്ന് ചിലയിടങ്ങളിൽ പറയാറുണ്ടെങ്കിലും കേരളത്തിൽ  ജ്യോതിഷികൾ പൊതുവേ ആറാം മാസം കഴിഞ്ഞ് കുഞ്ഞിന്റെ ആരോഗ്യവും ദഹനശേഷിയും കൂടി പരിഗണിച്ച് മുഹൂർത്തം കുറിക്കാറുണ്ട്.

ഉത്തമ നക്ഷത്രങ്ങൾ: അന്നപ്രാശനത്തിന് താഴെ പറയുന്ന നക്ഷത്രങ്ങൾ അതീവ ശുഭകരമാണെന്ന് ജ്യോതിഷ ഗ്രന്ഥങ്ങൾ വ്യക്തമാക്കുന്നു:

അശ്വതി, രോഹിണി, മകയിരം, പുണർതം, പൂയം, ഉത്രം, അത്തം, ചിത്തിര, ചോതി, അനിഴം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, ഉത്രട്ടാതി, രേവതി എന്നിവയാണ് 16 ഊൺ നാളുകൾ.

ഈ നക്ഷത്രങ്ങളിൽ അന്നപ്രാശനം നടത്തുന്നത് കുഞ്ഞിന്റെ ദഹനശക്തി വർദ്ധിപ്പിക്കുന്നതിനും ആയുരാരോഗ്യ സൗഖ്യത്തിനും ഉത്തമമാണെന്ന് ജ്യോതിഷം പറയുന്നു.

ഏതു ദിവസം വേണം?വാരങ്ങളിൽ തിങ്കൾ, ബുധൻ, വ്യാഴം, വെള്ളി എന്നീ ദിവസങ്ങളാണ് (സൗമ്യ വാരങ്ങൾ) കുഞ്ഞിന് ചോറു കൊടുക്കാൻ ഏറ്റവും അനുയോജ്യം. ഞായർ, ചൊവ്വ, ശനി ദിവസങ്ങൾ പൊതുവേ മധ്യമഫലമാണ് നൽകുന്നത്, ചൊവ്വയും ശനിയും പക്ഷേ ഒഴിവാക്കുന്നതും നന്നായിരിക്കും അർക്കവാരം(ഞായർ), ആരവാരം( ചൊവ്വ), മന്ദവാരം(ശനി) എന്നിവ ചില ശുഭകാര്യങ്ങൾക്ക് വർജ്യമാണ്. എന്നാൽ ഞായർ പ്രകാശദാതാവായ സൂര്യന്റെ ദിനമായതിനാൽ മധ്യമഫലമായാണ് വരാറുള്ളത്.

Tags