ചരിത്രം രചിച്ച്..! ചന്ദ്രന്റെ സ്വാധീന മണ്ഡലത്തിൽ പ്രവേശിച്ച് ആർട്ടെമിസ് II; ഇനി നിർണ്ണായക മണിക്കൂറുകൾ

 Making history..! Artemis II enters the moon's sphere of influence; now the crucial hours
 

 വാഷിങ്ടൺ: ചന്ദ്രന്റെ സ്വാധീന മണ്ഡലത്തിലേക്ക് പ്രവേശിച്ച് നാസയുടെ ആർട്ടെമിസ് II ചാന്ദ്ര ദൗത്യ സംഘം. ഭൂമിയുടെ ഗുരുത്വാകർഷണത്തേക്കാൾ ചന്ദ്രന് സ്വാധീനം കൂടിയ മേഖലയിലേക്ക് ഓറിയോൺ പേടകം പ്രവേശിച്ചതായാണ് വിവരം. ദൗത്യം ആരംഭിച്ച് നാല് ദിവസവും ആറ് മണിക്കൂറും രണ്ട് മിനിറ്റും കഴിഞ്ഞപ്പോൾ, ചന്ദ്രനിൽ നിന്ന് ഏകദേശം 62,800 കിലോമീറ്റർ അകലെയും ഭൂമിയിൽ നിന്ന് 373,400 കിലോമീറ്റർ അകലെയുമാണ് ദൗത്യസംഘം.1972 ന് ശേഷം ഇതാദ്യമായാണ് ചന്ദ്രന്റെ ഇത്രയും സമീപത്ത് മനുഷ്യര്‍ എത്തുന്നത്.

ഓറിയോൺ ബഹിരാകാശ പേടകം ചന്ദ്രനെ ചുറ്റുന്നതോടെ അമേരിക്കക്കാരായ ക്രിസ്റ്റീന കോച്ച്, റീഡ് വൈസ്മാൻ, വിക്ടർ ഗ്ലോവർ, കാനഡക്കാരനായ ജെറമി ഹാൻസെൻ എന്നീ ബഹിരാകാശ യാത്രികർ നിരവധി റെക്കോഡുകളാണ് സ്ഥാപിക്കുക. ഭൂമിയിൽനിന്ന് ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ച മനുഷ്യരെന്ന നേട്ടവും ഇവർ സ്വന്തമാക്കും. തിങ്കളാഴ്ച വൈകുന്നേരത്തോടെ ചന്ദ്രനെചുറ്റിയുള്ള ഫ്ലൈബൈ ആരംഭിക്കും. ഇതോടെ ഭൂമിയിൽനിന്ന് ഏറ്റവും ദൂരം സഞ്ചരിക്കുന്ന മനുഷ്യരായി ആർട്ടെമിസ് II പര്യവേഷകർ മാറും. അപ്പോളോ യാത്രയിലെ ബഹിരാകാശ യാത്രികരുടെ ​റെക്കോഡാണ് ആർട്ടെമിസ് II മറിക്കടക്കുക.

അതിനിടെ, ചാന്ദ്ര ദൗത്യത്തില്‍ വിലപ്പെട്ട ഡാറ്റയും ചിത്രങ്ങളും ആര്‍ട്ടിമെസ് അയച്ചിട്ടുണ്ട്. എന്നാല്‍ കാപ്‌സ്യൂളിന്റെ ഏറ്റവും നിര്‍ണായക ഉപകരണങ്ങളിലൊന്നായ ടോയ്ലറ്റില്‍ പ്രശ്‌നങ്ങള്‍ കണ്ടെത്തിയതായി ക്രൂ അറിയിച്ചതായി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ ബാക്കപ്പ് വിസര്‍ജ്യ ശേഖരണ ബാഗുകള്‍ ഉപയോഗിക്കുന്നത് തുടരാനാണ് നാസയുടെ നിര്‍ദേശം.

Tags