വീട്ടിൽ കണ്ണാടി വയ്ക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം..ഭാഗ്യം നിങ്ങളെ തേടിയെത്തും


നിത്യവും ഒരു തവണയെങ്കിലും കണ്ണാടിയിൽ നോക്കാത്തവർ വിരളമായിരിക്കും .ഭവനത്തിൽ സാധനങ്ങൾ ക്രമീകരിക്കുമ്പോൾ കണ്ണാടി സ്ഥാപിക്കുന്നത് വളരെയധികം ശ്രദ്ധയോടുകൂടി വേണം . ഏതൊരു ഊർജത്തെയും പ്രതിഫലിപ്പിക്കുന്ന ഒന്നാണ് കണ്ണാടി .ചുരുക്കിപ്പറഞ്ഞാൽ പോസിറ്റീവ് ഊർജത്തെ പ്രതിഫലിപ്പിക്കുന്ന രീതിയിൽ മാത്രമേ ഭവനത്തിൽ കണ്ണാടി സ്ഥാപിക്കാവൂ, അല്ലെങ്കിൽ ദോഷമാകും പരിണിതഫലം.
ഭവനത്തിലേക്ക് ഏറ്റവും കൂടുതൽ പോസിറ്റീവ് ഊർജം പ്രവഹിക്കുന്നത് കിഴക്കു ഭാഗത്തുനിന്നാണ് . ഈ അനുകൂല ഊർജത്തെ പ്രതിഫലിപ്പിക്കുന്നതിനാൽ കിഴക്കു ഭാഗത്തേക്ക് അഭിമുഖമായി കണ്ണാടി സ്ഥാപിക്കാൻ പാടില്ല .
കുബേരന്റെ ദിക്കാണ് വടക്കുഭാഗം. ധനാഗമനത്തെ വികർഷിക്കുന്നതിനാൽ വടക്കു ഭാഗത്തേക്ക് ദർശനമായി കണ്ണാടി അരുത്. കിഴക്കോട്ടോ വടക്കോട്ടോ അഭിമുഖമായി കണ്ണാടി സ്ഥാപിച്ചിട്ടുണ്ടെങ്കിൽ അത് ഉപയോഗശേഷം തുണി കൊണ്ട് മൂടുന്നതാണ് ഉത്തമം.
ഭവനത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് പ്രധാനവാതിൽ .ഭാവനത്തിലേക്കുള്ള പോസിറ്റീവ് ഊർജത്തെ പ്രതിഫലിപ്പിക്കുന്നതിനാൽ പ്രധാന വാതിലിനു നേരെ കണ്ണാടി തൂക്കരുത്.
പണം സൂക്ഷിച്ചിരിക്കുന്ന അലമാരയ്ക്കു എതിർഭാഗത്തായി കണ്ണാടി സ്ഥാപിക്കുന്നത് സമ്പത്തിനെ ഇരട്ടിപ്പിക്കും .വാസ്തുപ്രകാരം ധനാഗമനത്തിന് ഭവനത്തിന്റെ തെക്കുപടിഞ്ഞാറെ മൂലയിൽ വടക്കോട്ടു ദർശനമായി വേണം പണപ്പെട്ടി സ്ഥാപിക്കാൻ. ഈ പണപ്പെട്ടി പ്രതിഫലിപ്പിക്കുന്ന രീതിയിൽ തെക്കോട്ടു ദർശനമായി കണ്ണാടിസ്ഥാപിക്കുന്നത് ഉത്തമം. പണപ്പെട്ടിക്കടുത്തു കണ്ണാടിവയ്ക്കുന്നതും നന്ന്.

നിലത്തുനിന്നും 4-5 അടി ഉയരത്തില്‍ മാത്രമേ കണ്ണാടി ഭിത്തിയിൽ സ്ഥാപിക്കാവൂ. വാസ്തുപ്രകാരം ചതുരമോ സമചതുരമോ ആകൃതിയിലുള്ള കണ്ണാടിയാണ് നന്ന്. ചട്ടയോടുകൂടിയ കണ്ണാടിയെങ്കിൽ അത്യുത്തമം. പാടുകൾ ഉള്ളതോ ചെളിപിടിച്ചതോ പൊട്ടിയതോ ആയ കണ്ണാടികൾ ഭവനത്തിൽ പാടില്ല.
കുടുംബത്തിൽ അസ്വസ്ഥതക്കു കാരണമാകുന്നതിനാൽ രണ്ടു കണ്ണാടികൾ പരസ്പരം അഭിമുഖമായി വയ്ക്കരുത് . അഗ്നികോണായ തെക്കുകിഴക്കു ഭാഗത്തു കണ്ണാടി സ്ഥാപിക്കുന്നത് ഒഴിവാക്കുക. കിടപ്പുമുറിയിൽ കണ്ണാടിയുണ്ടെങ്കിൽ ഉറങ്ങാൻ പോവുന്നതിനു മുന്നേ തുണി ഉപയോഗിച്ച് മൂടുന്നത് ഉത്തമം. കട്ടിലിന്റെയും സോഫയുടെയും പുറകിലായി കണ്ണാടി സ്ഥാപിക്കരുത്. ബാത്‌റൂമിന്റെ കിഴക്ക് അല്ലെങ്കില്‍ വടക്ക് ഭിത്തിയിൽ കണ്ണാടി തൂക്കുന്നത് ആരോഗ്യപരമായ ഗുണങ്ങള്‍ക്ക് നന്ന്.
പോസിറ്റീവ് ഊർജം പ്രദാനം ചെയ്യുന്ന ലാഫിങ്ബുദ്ധ പോലുള്ള വസ്തുക്കൾ പ്രതിഫലിക്കുന്ന രീതിയിൽ കണ്ണാടി സ്ഥാപിക്കുന്നത് ഭവനത്തിൽ അനുകൂല ഊർജം നിറയ്ക്കും. ഭാവനത്തിലേക്കുള്ള പോസിറ്റീവ് ഊർജത്തെ പ്രതിഫലിപ്പിക്കുന്നതിനാൽ ഉമ്മറത്തിണ്ണയിൽ കണ്ണാടി ഒഴിവാക്കുന്നതാണ് ഉത്തമം.
ഭവനത്തിന്റെ മധ്യഭാഗം തുറസ്സായി സൂക്ഷിക്കണമെന്നാണ് വാസ്തു ശാസ്ത്രം അനുശാസിക്കുന്നത്. ഈ ഭാഗത്ത് ഭിത്തിയുണ്ടെങ്കിൽ അതിൽ കണ്ണാടി സ്ഥാപിക്കുന്നത് ദോഷഫലങ്ങൾ കുറയ്ക്കും . കുട്ടികളുടെ പഠനമുറിയിൽ കണ്ണാടിയുള്ളത് പഠിത്തത്തിൽ ഏകാഗ്രത കുറയുന്നതിനു കാരണമാകും .