ചൊവ്വയുടെ രാശിമാറ്റം ; ഈ കാലയളവിൽ ഓരോ നാളുകാരും ശ്രദ്ധിക്കുക


ശനിയും വ്യാഴവും കഴിഞ്ഞാൽ താരാഗ്രഹങ്ങളിൽ ഏറ്റവും കുടുതൽ സമയം ഒരു രാശിയിൽ സഞ്ചരിക്കുന്നത് ചൊവ്വയാണ്. ഏകദേശം ഒന്നര മാസത്തിലധികം നാൾ. എല്ലാവരും പറയുന്നത് ശനിയാണ് ഏറ്റവും കൂടുതൽ ദുരിതം തരുന്നതെന്ന് പക്ഷേ ക്രൂരദൃക്ക് എന്നുള്ള പേരു തന്നെ ചൊവ്വയ്ക്കുണ്ട്.
ജ്യോതിഷത്തിൽ ഏറ്റവും ക്രൂരനായ ഗ്രഹം ചൊവ്വ ആണെന്നു പോലും തോന്നിപ്പോകും ചില സാഹചര്യങ്ങളിൽ , പക്ഷേ അതുപോലെ തന്നെ സപ്തഗുണത്തിന്റെ കാരകൻ കൂടിയാണ് ചൊവ്വ. ചൊവ്വ അനുകൂലമായി വരികയാണെങ്കിൽ ആ വ്യക്തിക്ക് സമചിത്തത, ആരോഗ്യം, സൗന്ദര്യം ഇതെല്ലാം ഉണ്ടാകുന്നതാണ്. ശനിയും വ്യാഴവും സ്വക്ഷേത്ര ബലവാന്മാരായിട്ടാണ് രാശി മാറി സ്ഥിതി ചെയ്യുന്നത്.
അതിനാൽ അവയുടെ പ്രഭാവം കൂടുതലായിരിക്കും. ചൊവ്വയ്ക്ക് ആചാര്യന്മാർ പറഞ്ഞ ഗുണങ്ങളും ദോഷങ്ങളും ഉണ്ടായിരിക്കും. ചൊവ്വ ദോഷം ചെയ്യുന്ന ഏതെങ്കിലും രാശികളിൽ ശനിക്കും വ്യാഴത്തിനും പ്രഭാവം കൂടുതൽ ഉണ്ടെങ്കില്‍ ആ ദോഷഫലം അനുഭവ്യമാകാതിരിക്കാനുള്ള സാധ്യതകൾ ഉണ്ട്.
വ്യാഴത്തിന്റെയോ ശനിയുടേയോ അത്രയും സ്വക്ഷേത്രബലവാനായല്ല ചൊവ്വ മീനം രാശിയിലേക്കു മാറുന്നത്. മീനം രാശിയിൽ സ്വതവേ ചൊവ്വായ്ക്കു ബലം ഉണ്ട് എങ്കിൽ പോലും മീനം രാശിയിൽ വ്യാഴം നിൽക്കുന്നതു കൊണ്ട് ചൊവ്വയുടെ ദോഷഫലങ്ങൾക്ക് വളരെയധികം കുറവുണ്ടാകും. ഇപ്പോൾ ചൊവ്വ നാലു രാശികളിലേ ഗുണഫലം നൽകുകയുള്ളൂ എന്നതാണ് ആചാര്യന്മാർ പറയുന്നത്.
അതായത് ഉപചയ സ്ഥാനങ്ങളിൽ ചൊവ്വ ഗുണഫലവും മറ്റുള്ള കൂറുകളിൽ ചൊവ്വ ദോഷഫലമാണ് നൽകുന്നത് ഉപചയ സ്ഥാനങ്ങൾ എന്നു പറയുന്നത് 3, 6, 10, 11 ഭാവങ്ങളാണ്. ഇതിൽ പത്താം ഭാവം എന്നു പറയുന്നത് ആ ഭാവത്തിൽ നിൽക്കുന്ന ഗ്രഹമോ ആ ഭാവമോ ചൊവ്വാമായി അനുകൂലമായി നിൽക്കുന്ന ഭാവമാണെങ്കിൽ മാത്രമേ പത്താം ഭാവത്തിൽ നിൽക്കുന്ന നക്ഷത്രക്കാർക്ക് ഗുണഫലമുണ്ടാകൂ. ഇതാണ് ചൊവ്വായുടെ ഏറ്റവും വലിയ പ്രത്യേകത.

ചൊവ്വയുടെ ഗുണഫലം ലഭിക്കുന്ന കൂറുകൾ ഏതൊക്കെ എന്നു നോക്കാം.
ഇടവക്കൂറുകാർക്കും മിഥുനക്കൂറുകാർക്കും തുലാക്കൂറുകാർക്കും മകരക്കൂറുകാർക്കും മാത്രമാണ് സമ്പൂർണമായ ഗുണഫലം ചൊവ്വയിൽ നിന്ന് ഉണ്ടാവുക. മറ്റു കൂറുകാർക്കെല്ലാം ദോഷഫലങ്ങളാണ് ലഭിക്കുന്നത് എന്നാണ് പ്രഥമദൃഷ്ട്യാ മനസ്സിലാക്കാൻ കഴിയുന്നത്.
ദോഷഫലം എന്നു പറയുമ്പോൾ ഈ ഫലം അനുഭവിക്കുന്നത് ആരൊക്കെയാണ് ഏതൊക്കെ നക്ഷത്രക്കാരാണ് എന്നു നോക്കാം കാരണം ചൊവ്വായ്ക്കു സമനായിട്ടു നിൽക്കുന്ന ഗ്രഹങ്ങളുടെ നക്ഷത്രങ്ങൾക്ക് ദോഷഫലങ്ങൾ സാമാന്യം കുറവായിരിക്കും. അതേ സമയം പാപനായി ചൊവ്വായുടെ ശത്രുവായി നിൽക്കുന്ന നക്ഷത്രങ്ങളുടെ ഗ്രഹങ്ങൾക്ക് തീർച്ചയായും കൂടുതൽ ദോഷങ്ങൾ ഉണ്ടാകാം.
ചൊവ്വ ഓരോ കൂറിലും സഞ്ചരിച്ചാലുണ്ടാകുന്ന ഫലങ്ങൾ
മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 15 നാഴിക)
മേടക്കൂറിന്റെ 12 ാം ഭാവത്തിലാണ് ചൊവ്വ സഞ്ചരിക്കുന്നത്. ചൊവ്വ 12 ൽ സഞ്ചരിച്ചാൽ ദുർവ്യയം, കേസ്, വഴക്ക്, ആശുപത്രിവാസം, ശരീരത്തിന് ഒടിവ് ചതവ് മുറിവ്, എല്ലാ കാര്യങ്ങളിലും തടസ്സം, സുഹൃത്തുക്കളിൽ നിന്നുള്ള വിരോധം എന്നിവ കാണുന്നു. ഏറ്റവും കൂടുതൽ ചൊവ്വായുടെ ദുരിതം അനുഭവിക്കാൻ സാധ്യതയുള്ളത് അശ്വതി നക്ഷത്രക്കാർക്കാണ്.
അശ്വതി നക്ഷത്രക്കാർക്ക് ശാരീരികമായി ക്ലേശങ്ങൾ കാണുന്നു. രക്തസംബന്ധമായോ പിത്ത സംബന്ധമായോ ഉള്ള രോഗങ്ങൾ അലട്ടാം. ധനനാശം, അതിവ്യയം, രോഗങ്ങൾ, കേസ്, വഴക്ക് എന്നിവ കാണുന്നു. ഈ നക്ഷത്രക്കാർ മറ്റുള്ളവരുമായി ഇടപെടുമ്പോൾ ശ്രദ്ധിക്കുക. കാരണം നമ്മുടെ പെരുമാറ്റത്തിൽ നിന്ന് മറ്റുള്ളവർക്ക് ബുദ്ധിമുട്ടുകളോ ശത്രുതയോ ഉണ്ടാകാനുള്ള സാധ്യത കാണുന്നു. ഇക്കൂട്ടർ സുബ്രഹ്മണ്യനെ ഭജിക്കുന്നത് അത്യുത്തമമായിരിക്കും.
ഭരണി നക്ഷത്രക്കാർക്ക് ധനനാശം, ബന്ധു കലഹം, ഭാര്യ, സന്താനങ്ങളുമായുള്ള അകൽച്ച, സ്ത്രീവിഷയത്തിൽ അപമാനിതരാകുക തുടങ്ങിയവ ഫലം കാണുന്നു. സുബ്രഹ്മണ്യനെ ഭജിക്കുന്നത് നന്നായിരിക്കും.
കാർത്തിക നക്ഷത്രക്കാർക്ക് തൊഴിൽപരമായി ബുദ്ധിമുട്ടുകൾ കാണുന്നു. സർക്കാരിൽ നിന്നും ദുരിതം, കലഹം, ദേശ ത്യാഗം ഇവ കാണുന്നു. ശിവഭജനവും സുബ്രഹ്മണ്യ ഭജനവും അനിവാര്യമായി ചെയ്യണം.
ഇടവക്കൂറ്
(കാർത്തിക 45 നാഴിക, രോഹിണി, മകയിരം 30 നാഴിക)
ചൊവ്വയുടെ മാറ്റം കൊണ്ട് ഏറ്റവും കൂടുതൽ ഗുണം അനുഭവിക്കുന്ന കൂറാണ് ഇടവക്കൂറ്. പതിനൊന്നാം ഭാവത്തിൽ ചൊവ്വ സഞ്ചരിക്കുന്നു. സര്‍വ അഭീഷ്ട സിദ്ധിയാണ് ഫലം. ധനലാഭം, തൊഴിൽ ലാഭം, വിവാഹം, പ്രണയ സാഫല്യം എന്നിവ കാണുന്നു.
കാർത്തിക മുക്കാൽ ഭാഗത്തുള്ള നക്ഷത്രക്കാർക്ക് തൊഴിൽപരമായ ഉന്നതി, മേലധികാരികളില്‍ നിന്ന് പ്രശംസ, ധനലാഭം, തൊഴില്‍മേഖലയിൽ സ്ഥാനലാഭം ഇവ കാണുന്നു.
രോഹിണി നക്ഷത്രക്കാർക്ക് വിവാഹം നടക്കും, അപ്രതീക്ഷിത ധനലാഭം, കിട്ടാനുള്ള പണം തിരികെ ലഭിക്കും, കുടുംബത്തിൽ സമാധാനം, ഭാര്യാസുഖം, സന്താനങ്ങളുമായി നല്ല ചേർച്ചയിൽ പോകും.
ചൊവ്വ രാശിമാറ്റത്തിലൂടെ ഏറ്റവുമധികം ഗുണം കിട്ടുന്ന മകയിരം നക്ഷത്രക്കാർക്ക് തൊഴിൽ ലാഭം, ധനലാഭം, പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിക്കും, സർവഅഭീഷ്ട സിദ്ധി ഇവ കാണുന്നു.
മിഥുനക്കൂറ്
(മകയിരം 30 നാഴിക, തിരുവാതിര, പുണർതം 45 നാഴിക)
പൊതുവെ രണ്ടു രീതിയിലുള്ള ഫലമാണ് ലഭ്യമാകുക. ഒന്ന് പത്താം ഭാവത്തിൽ ശുഭത്വവും അശുഭത്വവും ചൊവ്വ കൊടുക്കുന്നുണ്ട്. അതുകൊണ്ട് പത്താംഭാവം തൊഴിലിന്റെയും പ്രവൃത്തിയുടെയും ഭാവമാണ്. ആ ഭാവത്തിന് ഗുണങ്ങളും ദോഷഫലങ്ങളും ഉണ്ടാകും. ഇത് നക്ഷത്രങ്ങളെ ആശ്രയിച്ചിരിക്കും. മകയിരം നക്ഷത്രക്കാർക്ക് അത്യന്തം ഗുണകരമായിരിക്കും ഈ രാശി മാറ്റം അതായത് തൊഴിൽ മേഖലയിൽ അത്യന്തമായിട്ടുള്ള ഗുണഫലം ഉണ്ടാകും. ഉന്നതി, ഉയർച്ച, സാമ്പത്തിക ലാഭം ഇവ കാണുന്നു.
തിരുവാതിര നക്ഷത്രക്കാർക്ക് സാമാന്യം ദോഷഫലങ്ങളാണ് കാണുന്നത്. തൊഴിൽ നഷ്ടം, തൊഴിലിടങ്ങളിൽ നിന്ന് ശത്രുത ഇവ കാണുന്നു. ഈ നക്ഷത്രക്കാർ നാഗദേവതകളെ പൂജിക്കണം.
പുണർതം നക്ഷത്രക്കാർക്ക് വളരെയധികം ഗുണം കാണുന്നു. കർമത്തിൽ ഉന്നതി, ധനലാഭം, അഭീഷ്ടസിദ്ധി ഇവ കാണുന്നു. പുണർതം നക്ഷത്രം വ്യാഴത്തിന്റെ നക്ഷത്രമാണ്. വ്യാഴത്തോടൊപ്പമാണ് പത്താം ഭാവത്തിൽ ചൊവ്വ സഞ്ചരിക്കുന്നത്. അതുകൊണ്ട് തൊഴിൽപരമായ നേട്ടം, ധനലാഭം ഇവ കാണുന്നു.
കർക്കടകക്കൂറ്
(പുണർതം 15 നാഴിക, പൂയം, ആയില്യം)
കർക്കടക കൂറിന്റെ ഒമ്പതാം ഭാവത്തിൽ കൂടി ചൊവ്വ സഞ്ചരിക്കുന്നു. ചൊവ്വ ഒമ്പതിൽ സഞ്ചരിക്കുമ്പോൾ ഭാഗ്യഹാനി ആണ് സംഭവിക്കുന്നത്. ഈശ്വരാധീനം കുറയും. ശാരീരികവും മാനസികവുമായിട്ടുള്ള ബുദ്ധിമുട്ട് കാണുന്നു. ധനനാശം, കേസ്, വഴക്ക്, രോഗം ഇവ കാണുന്നു.
പുണർതം വ്യാഴത്തിന്റെ നക്ഷത്രമാണ് വ്യാഴം ഒമ്പതിൽ സഞ്ചരിക്കുന്നതു കൊണ്ട് പുണർതം നക്ഷത്രക്കാർക്ക് വളരെയധികം ഭാഗ്യ അനുഭവങ്ങൾ വന്നു ചേരും.
പൂയം നക്ഷത്രക്കാർക്ക് ദുരിതമാണ് ഫലം. ക്രിമിനൽ കേസ്, തൊഴിൽ മാറ്റം, രോഗം ഇവകാണുന്നു. ദേവീഭജനം നടത്തുക.
ആയില്യം നക്ഷത്രക്കാർക്ക് സമ്മിശ്രഫലമാണ് കാണുന്നത്. ആയില്യം ബുധന്റെ നക്ഷത്രമാണ്. എഴുത്തുകുത്തുകളില്‍ അപാകത, സർക്കാരിൽ നിന്നും വസ്തുസംബന്ധമായ തടസ്സങ്ങൾ, കേസ് എന്നിവ കാണുന്നു. ദേവീഭജനം നടത്തുക.
ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം 15 നാഴിക)
ഏറ്റവും കൂടുതല്‍ ദുരിതപൂർണമായ സമയമാണ് ചിങ്ങക്കൂറുകാർക്ക്. അപവാദം കേൾക്കേണ്ടി വരിക , ധനനാശം, രോഗാദിദുരിതങ്ങൾ, സർക്കാരിൽ നിന്നുള്ള ദുരിതങ്ങൾ ഇവയെല്ലാമാണ് ഫലം. എല്ലാവിധത്തിലുമുള്ള ദുരിതങ്ങൾ വന്നു ചേരാം. അഷ്ടമത്തിലൂടെ ചൊവ്വ സഞ്ചരിക്കുന്നത് സകലവിധത്തിലുള്ള ദുരിതങ്ങൾക്കും കാരണമാകും.
മകം നക്ഷത്രക്കാരാണ് ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത്. രോഗദുരിതങ്ങൾ അധികരിച്ചിരിക്കും. രക്തസംബന്ധമായ രോഗങ്ങൾ, ആശുപത്രി വാസം ഇവ കാണുന്നു. ശിവ ഭജനം, സുബ്രഹ്മണ്യ ഭജനം ഇവ നടത്തുക.
പൂരം നക്ഷത്രക്കാർക്ക് വസ്തു, വാഹനം ഇവ മൂലം ദുരിതങ്ങൾ കാണുന്നു. സാമ്പത്തികമായി വളരെയധികം ക്ലേശം അനുഭവപ്പെടാം. ശിവ ഭജനം, സുബ്രഹ്മണ്യ ഭജനം ഇവ നടത്തുക.
ഉത്രം കാൽ നക്ഷത്രക്കാർക്ക് സർക്കാരിൽ നിന്ന് ദുരിതം, സാമ്പത്തിക ക്ലേശം ഇവ കാണുന്നു.
കന്നിക്കൂറ്
(ഉത്രം 45 നാഴിക, അത്തം, ചിത്തിര 30 നാഴിക)
കന്നിക്കൂറിന്റെ ഏഴാം രാശിയിൽ ചൊവ്വ സഞ്ചരിക്കുന്ന സമയമാണ്. ഏഴിൽ ചൊവ്വ നിവൃത്തിക്ക് ദുരിതമുണ്ടാക്കുന്നതാണ്.
ഉത്രത്തിൽ മുക്കാൽ ഭാഗക്കാർക്ക് സർക്കാർ വക ദുരിതങ്ങൾ, അനാവശ്യ യാത്രകൾ, ചെലവ്, ശാരീരിക ക്ലേശം, മാനസിക ബുദ്ധിമുട്ട്, ബാങ്ക് സംബന്ധമായ ബുദ്ധിമുട്ട് ഇവ കാണുന്നു.
അത്തം നക്ഷത്രക്കാർക്ക് സാമ്പത്തിക നാശം കാണുന്നു. ഭാര്യ, പുത്രന്മാർ തുടങ്ങിയവരുമായി വിരോധം, ഭാര്യാവിരഹം, ഭാര്യവീട്ടുകാരുമായി കലഹം ഇവ കാണുന്നു.
ചിത്തിര പകുതി ഭാഗക്കാർക്ക് പൊതുവേ ഏഴാം ഭാവത്തിൽ ചൊവ്വ സഞ്ചരിക്കുന്നത് അല്പം ഗുണാനുഭവങ്ങൾ കൊടുക്കുന്നതായിരിക്കും. വിവാഹതടസ്സം മാറും, ധനലാഭം, യാത്രാ നേട്ടം ഇവ കാണുന്നു.
തുലാക്കൂറ്
(ചിത്തിര 30 നാഴിക, ചോതി, വിശാഖം 45 നാഴിക)
ചൊവ്വ തുലാക്കൂറിന്റെ ആറാംഭാവത്തിൽക്കൂടിയാണ് സഞ്ചരിക്കുന്നത്. ഒരു രാശിയുടെ ആറാംഭാവത്തിൽ ചൊവ്വ സഞ്ചരിക്കുന്നത് ഉത്തമമായിരിക്കും. സർവവിധ അഭീഷ്ടസിദ്ധിയും വന്നു ചേരും.
ചിത്തിര നക്ഷത്രത്തിന് വളരെയധികം പ്രശസ്തി, ഉന്നതി, ധനലാഭം, വിവാഹം, കുടുംബപരമായ ഗുണം എന്നിവ കാണുന്നു.
ശനിയുടെ നക്ഷത്രമായ ചോതി നക്ഷത്രത്തിലൂടെ ചൊവ്വ സഞ്ചരിക്കുമ്പോൾ പ്രശസ്തി, ഉന്നതി, ധനലാഭം, കുടുംബപരമായ ഗുണം എന്നിവ കാണുന്നു.
വിശാഖം മുക്കാൽ പങ്കും ഈ രാശിയിൽ ആണുള്ളത്. എന്നാൽ ഈ നക്ഷത്രങ്ങൾക്കെല്ലാം ഗുണഫലങ്ങൾ ശാസ്ത്രീയമായി പറയുമെങ്കിലും അഞ്ചാം ഭാവത്തിൽ ശനിയും ആറാം ഭാവത്തിൽ വ്യാഴവും സഞ്ചരിക്കുന്നതു കൊണ്ട് ഈ ഗുണഫലങ്ങൾ എത്രത്തോളം ലഭിക്കും എന്നത് ചിന്തിക്കേണ്ടിയിരിക്കുന്നു.
വ്യാഴം ആറിലും ശനി അഞ്ചിലും സഞ്ചരിക്കുന്നത് ഒരു രാശിക്കും ഗുണകരമല്ല. അതുകൊണ്ടു തന്നെ ചൊവ്വായുടെ ആറിലെ സഞ്ചാരം കൊണ്ട് ഉണ്ടാകുന്ന ഗുണം അതിന്റെ ലഭ്യത എത്രയുണ്ടെന്ന് വിശദമായി പഠിക്കേണ്ടിയിരിക്കുന്നു. കാരണം ശനിയും വ്യാഴവും സ്വക്ഷേത്രത്തിൽ ബലവാന്മാരാണ്. ബലവാന്മാരെക്കൊണ്ട് ഫലം പറയണം എന്നാണ് ആചാര്യമതം
വൃശ്ചികക്കൂറ്
(വിശാഖം 15 നാഴിക, അനിഴം, തൃക്കേട്ട)
വൃശ്ചിക കൂറിന്റെ അഞ്ചാം ഭാവത്തിലൂടെ ചൊവ്വ സഞ്ചരിക്കുന്നു. അഞ്ചാംഭാവത്തിൽ ചൊവ്വ സഞ്ചരിക്കുന്നത് ഗുണകരമല്ല. പ്രത്യേകിച്ച് ത്രികോണ സ്ഥാനമാണ്. അത് ആത്മസ്ഥാനവുമാണ്. അങ്ങനെയുള്ള അഞ്ചാം ഭാവത്തിലൂടെ ചൊവ്വ സഞ്ചരിക്കുന്നത് ശാരീരികമായിട്ടും മാനസികമായിട്ടും ദുരിതങ്ങൾ ഉണ്ടാക്കും. മനോദുരിതങ്ങൾ ഏറി നിൽക്കും. സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടും. രോഗ ദുരിതങ്ങൾ മൂലം കഷ്ടത അനുഭവപ്പെടും.
എങ്കിലും അനിഴം നക്ഷത്രക്കാർക്ക് സത്ഗുണങ്ങൾ ഉണ്ടാകുവാനുള്ള സാധ്യത കാണുന്നു. കാരണം ശനി സ്വക്ഷേത്ര ബലവാനായിട്ടാണ് നാലിൽ സഞ്ചരിക്കുന്നത്. ശനി നാലിൽ സഞ്ചരിക്കുന്നത് ഗുണകരമല്ല. എങ്കിലും ശനി സ്വക്ഷേത്രബലവാനായതു കൊണ്ട് ചില ഗുണങ്ങൾ കാണുന്നു.
തൃക്കേട്ട നക്ഷത്രം ബുധന്റെ നക്ഷത്രമാണ്. അതുകൊണ്ട് തന്നെ ഗുണകരമായ യാതൊരു ഫലങ്ങളും കാണുന്നില്ല. കേട്ട നക്ഷത്രക്കാർക്ക് രക്തസംബന്ധമായോ പിത്ത സംബന്ധമായോ ഉള്ള രോഗങ്ങൾക്ക് സാധ്യത കാണുന്നു. സാമ്പത്തിക ദുരിതങ്ങൾക്ക് സാധ്യത കാണുന്നു. തൃണബാധ്യതകൾക്ക് സാധ്യത ഉണ്ടാവാം.
വിശാഖം കാലുകാർക്ക് വ്യാഴം അഞ്ചിൽ സഞ്ചരിക്കുന്നതു കൊണ്ട് ഗുണങ്ങൾ അല്പം ലഭ്യത ഉണ്ടായേക്കാം.
ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
ധനുക്കൂറിന്റെ നാലാം ഭാവത്തിൽ ചൊവ്വ സഞ്ചരിക്കുന്നു. നാലാം ഭാവത്തിൽ ചൊവ്വ സഞ്ചരിക്കുന്നത് ഒരിക്കലും ഗുണകരമല്ല. രോഗദുരിതങ്ങൾ, കേസ്, വഴക്ക്, വാഹനസംബന്ധമായ ദുരിതങ്ങൾ, അപകടങ്ങൾ, ഒടിവു ചതവു മുറിവുകൾ, ബന്ധുകലഹം എന്നിവയ്ക്കു സാധ്യത. എന്നാൽ ഈ കൂറിന്റെ മൂന്നിൽ ശനി സഞ്ചരിക്കുന്നത് അത്യന്തം ഗുണകരമാണ്. ശനി ബലവാനുമാണ്. മൂന്നാം ഭാവത്തിൽ ശനി സഞ്ചരിച്ചാൽ മുടി കെട്ടി വാഴും എന്നൊരു ചൊല്ലു തന്നെയുണ്ട്. അതുപോലെ നാലാംഭാവത്തിൽ ബലവാനായ വ്യാഴവും സഞ്ചരിക്കുന്നു. അതിനാല്‍ ചൊവ്വ നൽകുന്ന ദോഷം ഫലം അനുഭവത്തിൽ വരാൻ സാധ്യത കുറവാണ്.
മകരക്കൂറ്
(ഉത്രാടം 45 നാഴിക, തിരുവോണം, അവിട്ടം 30 നാഴിക)
മകര കൂറുകാർക്ക് ചൊവ്വായുടെ ചരസഞ്ചാരം അനുകൂലമായിരിക്കും. മകരക്കൂറിന്റ മൂന്നാം ഭാവത്തിൽ കൂടി ചൊവ്വ സഞ്ചരിക്കുന്നത് വളരെയധികം ഗുണപ്രദമാണെന്ന് പറയുന്നു. മൂന്നിലെ ചൊവ്വ രാജയോഗത്തിന്റെ ഫലം തരും എന്നാണ് ആചാര്യമതം. മകരക്കൂറിന്റെ മൂന്നിൽ സഞ്ചരിക്കുന്ന ചൊവ്വ ധനലാഭം, വസ്ത്ര– ആഭരണ ലാഭം, വാഹന ലാഭം, ഔദ്യോഗിക ഉന്നതി, ബഹുമതികൾ ഇവയൊക്കെ വന്നു ചേരും.
ഉത്രാടം നക്ഷത്രത്തിന് സർക്കാരിൽ നിന്നുള്ള ആനുകൂല്യങ്ങളും ബാങ്ക്, ധനഇടപാടു സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നും ഉള്ള ആനുകൂല്യങ്ങളും ലഭ്യമാകും.
തിരുവോണം നക്ഷത്രക്കാർക്ക് വൈവാഹിക ജീവിതത്തിലും കുടുംബപരമായും സന്താനസുഖവും സൗഖ്യവും എല്ലാം കാണുന്നു.
അവിട്ടം നക്ഷത്രം ചൊവ്വയുടെ നക്ഷത്രമാണ്. ചൊവ്വയുടെ നക്ഷത്രക്കാർക്ക് അത്യന്തം ഉന്നതി ലഭിക്കണം എന്നാണ് ശാസ്ത്രമതം. എങ്കിലും രണ്ടാം ഭാവത്തിൽ ശനി സഞ്ചരിക്കുന്നു. രണ്ടാംഭാവത്തിൽ ശനി സഞ്ചരിക്കുന്നത് ഏഴര ശനിയുടെ അന്ത്യഭാഗമാണ്. അതുപോലെ മൂന്നിലെ വ്യാഴത്തിന്റെ സഞ്ചാരവും ഗുണകരമല്ല. ഈ ശനിയും വ്യാഴവും ബലവാന്മാരാണ്. അതുകൊണ്ട് ഈ കൂറുകാർക്ക് കിട്ടേണ്ട ഗുണഫലങ്ങളുടെ ലഭ്യത ചിന്തിക്കേണ്ടിയിരിക്കുന്നു.
കുംഭക്കൂറ്
(അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി 45 നാഴിക)
കുംഭക്കൂറിന്റെ രണ്ടാം ഭാവത്തിൽ ചൊവ്വ സഞ്ചരിക്കുന്നു. രണ്ടിൽ ചൊവ്വ സഞ്ചരിക്കുന്നത് അത്ര ഗുണകരമല്ല. രണ്ടാം ഭാവത്തിൽ ചൊവ്വ സഞ്ചരിക്കുമ്പോൾ നേത്രരോഗം, കേസ്, വഴക്കുകൾ, ക്രിമിനൽ കേസുകളിൽ അകപ്പെടുക, ധനനാശം, ബന്ധുകലഹം, രോഗദുരിതങ്ങൾ എന്നിവ കാണുന്നു.
അവിട്ടം നക്ഷത്രക്കാർക്ക് പൊതുവെ ധനലാഭത്തിന് സാധ്യത കാണുന്നു. ചതയം നക്ഷത്രക്കാർക്ക് സമയം ഒട്ടും അനുകൂലമല്ല. രണ്ടാം ഭാവത്തിൽ വ്യാഴവും സ്വക്ഷേത്ര ബലവാനായി ശനിയും നിൽക്കുന്നു , അതിനാൽ ലഭ്യമാകുന്ന ഫലം ഗുണകരമാകണമെന്ന് നിർബന്ധമില്ല.
പൂരുരുട്ടാതി നക്ഷത്രക്കാർക്ക് രണ്ടാം ഭാവത്തിൽ വ്യാഴം സഞ്ചരിക്കുന്നതു കൊണ്ട് ലാഭം ഉണ്ടാകാം എങ്കിലും ചൊവ്വ രണ്ടിൽ സഞ്ചരിക്കുകയും അതിന്റെ ലഗ്നത്തിൽ ശനി സഞ്ചരിക്കുകയും ചെയ്യുന്നതിനാൽ അവിടെയും ധനലാഭത്തിന്റെ സാധ്യത വിരളമാണ്. അതുകൊണ്ട് ഈ ഭാവത്തിലെ നക്ഷത്രങ്ങളുടെ ഫലം സമ്മിശ്രമായിരിക്കും.
മീനക്കൂറ്
(പൂരുരുട്ടാതി 15 നാഴിക, ഉത്തൃട്ടാതി, രേവതി)
ഈ ലഗ്നത്തിൽ തന്നെ അല്ലെങ്കിൽ ഈ കൂറിൽ തന്നെയാണ് ചൊവ്വ സഞ്ചരിക്കുന്നത്. ജന്മലഗ്നത്തിൽ അല്ലെങ്കിൽ ജന്മക്കൂറിൽ ചൊവ്വ സഞ്ചരിക്കുന്നത് ശാരീരികമായും മാനസികമായും യാതൊരു ഗുണഫലവും നൽകുന്നില്ല. ചൊവ്വ ശാരീരികമായ ദുരിതം നൽകും. രോഗദുരിതങ്ങൾ, ഒടിവു ചതവു മുറിവുകൾ, ധനനാശം, ആശുപത്രിവാസം, സൽകീർത്തിക്ക് ഭംഗം, ദുരിതങ്ങൾ ഇതെല്ലാം ജന്മത്തിൽ നിൽക്കുന്ന അല്ലെങ്കിൽ ലഗ്നത്തിൽ നിൽക്കുന്ന ചൊവ്വ നൽകുന്ന ഫലങ്ങളാണ്.
പൂരുരുട്ടാതി നക്ഷത്രക്കാർക്ക് പൊതുവെ സമയം അത്ര ഗുണകരമല്ല. ഉത്തൃട്ടാതി നക്ഷത്രക്കാർക്ക് തീർച്ചയായും ദോഷഫലങ്ങൾ അധികരിച്ചിരിക്കും. കാരണം ശനിയുടെ നക്ഷത്രമാണ് ഉത്തൃട്ടാതി. ഉത്തൃട്ടാതി നക്ഷത്രക്കാർക്ക് ശാരീരികമായ ക്ലേശങ്ങൾ അധികരിച്ചിരിക്കും. 12 ൽ ശനി സഞ്ചരിക്കുന്നത് കൊണ്ട് നാടു വിട്ടു പോകാനും അധിക ചെലവ് അനുഭവപ്പെടാനും സർക്കാർ സംബന്ധമായ കേസ് വഴക്കുകളിൽ ഉൾപ്പെടാനും സാധ്യതയുണ്ട്.
രേവതി നക്ഷത്രക്കാർ ബുധന്റെ നക്ഷത്രമാണ്. രേവതി നക്ഷത്രക്കാർക്ക് വളരെ ദുരിതപൂർണമായ സാഹചര്യമാണ് ഈ കാലഘട്ടത്തിൽ വരാൻ പോകുന്നത്. എഴുത്തുകുത്തുകളിൽ അപചയങ്ങൾ കാണുന്നു. കേസു വഴക്കുകളിൽ പരാജയം, ധനനാശം, ശാരീരിക ക്ലേശം, ഉഷ്ണ സംബന്ധമായ രോഗങ്ങൾ, പിത്ത സംബന്ധമായ രോഗങ്ങള്‍, ടൈഫോയിഡ് ഇങ്ങനെയുള്ള രോഗങ്ങൾക്ക് സാധ്യത കാണുന്നു.
ഇപ്പോഴത്തെ നിലയിൽ മീനം രാശി എന്നത് വളരെ ദുരിതപൂർണമായ രാശിയാണ്. 12 ൽ ശനി സഞ്ചരിക്കുന്നു ജന്മത്തിൽ വ്യാഴം സഞ്ചരിക്കുന്നു ചൊവ്വ സഞ്ചരിക്കുന്നു. ഈ കൂറുകാർക്ക് തീർച്ചയായും ഗുണഫലങ്ങൾ ലഭ്യമല്ല എന്നു പറയേണ്ടി വരും എങ്കിലും രാശിയിൽ നിൽക്കുന്ന വ്യാഴം സ്വക്ഷേത്രബലവാനായതുകൊണ്ട് ദുരിതഫലങ്ങളുടെ കാഠിന്യത്തിന് അൽപം കുറവ് സംഭവിക്കാൻ സാധ്യതയുണ്ട്.
പൊതുഫലം
ചൊവ്വായുടെ മാത്രം ഫലങ്ങൾ വച്ച് ഒരു നക്ഷത്രക്കാരന്റെ ഫലത്തെ വിധിക്കാൻ പറ്റില്ല. കാരണം സ്വക്ഷേത്രബലവാനായ ശനിയും വ്യാഴവും ചൊവ്വായോടൊപ്പം സഞ്ചിക്കുകയാണ് ഇവരുടെ പ്രഭാവം തീർച്ചയായും ആ വ്യക്തിയുടെ ആ നക്ഷത്രക്കാരന് തീർച്ചയായും ഉണ്ടാകും. ചൊവ്വ തരുന്ന ദോഷഫലങ്ങൾക്ക് അനുകൂലമായിരിക്കുന്ന ശനിയോ വ്യാഴമോ കഷ്ടത കുറയ്ക്കും എന്നു പറയേണ്ടിയിരിക്കുന്നു. എങ്കിലും ചില രാശികൾക്ക് അതായത് വൃശ്ചികം, ധനു, കുംഭം, രാശികൾക്ക് ദുരിതഫലം ഏറിയിരിക്കും.