അടുക്കളയുടെ ചിമ്മിനി പടിഞ്ഞാട്ട് വരുന്നത് ദോഷമോ..?


അടുക്കളയുടെ ചിമ്മിനി പടിഞ്ഞാട്ട് വരുന്നത് ദോഷമോ..?
∙ വീടിന്റെ പ്ലാൻ വരയ്ക്കുമ്പോൾ ചുറ്റുളവ് കോൽകണക്കിൽ നിജപ്പെടുത്താറുണ്ടല്ലോ. ബാത്ത്റൂം, ചിമ്മിനി ഇവയൊക്കെ സാധാരണയായി അല്പം പുറത്തേക്കു തള്ളി നിർമിക്കാറുണ്ട്. ചുറ്റളവു കണക്കാക്കുമ്പോൾ അവയും പരിഗണിക്കേണ്ടതില്ലേ?
തീർച്ചയായും പരിഗണിക്കണം. ചുറ്റളവ് എന്നു പറയുന്നതു നമ്മൾ എല്ലാം കൂടി അളന്നുള്ളതിന്റെ ആകെ തുകയാണ്. ചിമ്മിനിയെന്നുള്ളത് അടുക്കളയുടെ ഒരു ഭാഗമാണ്. അപ്പോൾ അടുക്കളയുടെ ചുറ്റളവിൽ ചിമ്മിനിയും കൂടി കണക്കാക്കണം. ചിമ്മിനിയായാലും ബാത്ത്റൂമായാലും വീടിന്റെ ഭാഗംതന്നയാണ്, അതുകൂടി ചുറ്റളവിൽ പെടുത്തണം.
∙അടുക്കളയുടെ ചിമ്മിനി പടിഞ്ഞാട്ടാണ്. ഇതു നല്ലതാണോ?
അടുക്കളയ്ക്ക് സ്ഥാനം വടക്ക് അല്ലെങ്കിൽ കിഴക്ക് എന്നു പറയുന്നതു പോലെ തന്നെ, ഭക്ഷണം പാകം ചെയ്യുമ്പോൾ വടക്കോട്ടോ കിഴക്കോട്ടോ മുഖമായി നിന്ന് ചെയ്യുന്നതാണ് ഉത്തമം, അതുകൊണ്ടു തന്നെ ചിമ്മിനി പടിഞ്ഞാട്ട് വരുന്നത് നല്ലതല്ല.

∙അടുപ്പും അരകല്ലും അടുത്തുവരുന്നതുകൊണ്ട് കുഴപ്പമുണ്ടോ?
ഇല്ല എന്നാണ് എന്റെ അഭിപ്രായം. എന്നാൽ ചില സ്ഥലങ്ങളിൽ അങ്ങനെയൊരു വിശ്വാസമുണ്ട്. അങ്ങനെ ഒരു ദേശാചാരം ഉണ്ടെന്നല്ലാതെ ശാസ്ത്രത്തിലൊരിടത്തും ഇതേക്കുറിച്ച് പറയുന്നില്ല.
∙കിണർ വീടിന്റെ ഭിത്തിയോടു ചേർന്നു വരുന്നതുകൊണ്ട് ദോഷമുണ്ടോ?
ഇല്ല. കിണറിന്റെ മധ്യത്തിൽ ഭിത്തി വരാത്തവിധത്തിൽ ശ്രദ്ധിക്കണം എന്നു മാത്രം.