ശിവക്ഷേത്രത്തില്‍ തുടര്‍ച്ചയായി 21 ദിവസം പിന്‍വിളക്ക് വഴിപാട് നടത്തിയാല്‍

സര്‍വ്വ ഗ്രഹങ്ങളുടേയും നക്ഷത്രങ്ങളുടേയും നാഥനായ മഹേശ്വരനെ ഭജിക്കുന്നത് ഏറെ ഉത്തമമാണ്. ശിവനെ ആരാധിച്ചാല്‍ തീരാത്ത ദുരിതങ്ങളില്ലെന്നു പഴമക്കാര്‍ പറയുന്നു.ശനി ,സൂര്യന്‍, രാഹു പക്ഷബലമില്ലാത്ത ചന്ദ്രന്‍ എന്നിവയുടെ ദശാപഹാര കാലങ്ങളില്‍ പതിവായി ശിവനെ ഭജിക്കുകയാണെങ്കില്‍ എത്ര കടുത്ത ദോഷങ്ങളും അകന്നു പോകും.
ശിവക്ഷേത്ര ദര്‍ശനത്തിന്‍്റെ പൂര്‍ണഫലം ലഭിക്കണമെങ്കില്‍ പാര്‍വതീ ദേവിക്ക് പിന്‍വിളക്ക് വഴിപാടുകൂടി സമര്‍പ്പിക്കണം എന്നാണ് വിശ്വാസം. ശ്രീകോവിലിന്‍റെ പുറകിലായി സ്ഥാപിച്ചിട്ടുള്ള വിളക്കാണ് പിന്‍വിളക്ക്. ഇത് പാര്‍വ്വതീ ദേവിയാണെന്നാണ് സങ്കല്പം. തുടര്‍ച്ചയായി 21 ദിവസം പിന്‍വിളക്ക് കത്തിക്കുന്നത് അത്യുത്തമമാണ്. പിന്‍വിളക്ക് കത്തിച്ചാല്‍ ദാമ്ബത്യ സൗഖ്യം, പ്രണയ സാഫല്യം എന്നിവ ഫലമായി ലഭിക്കും.
ശിവം എന്നാല്‍ മംഗളം എന്നര്‍ത്ഥം. വീടുകളില്‍ ശിവകുടുംബചിത്രം പൂജാമുറിയിലോ പ്രധാനവാതിലിന് അഭിമുഖമായോ വയ്ക്കുന്നതും അത്യുത്തമമാണ്. ചിത്രം വച്ചാല്‍ മാത്രം പോരാ നിത്യേന മൂന്ന് തവണ മഹാദേവനെയും പാര്‍വതീദേവിയെയും സ്കന്ദനെയും ഗണപതിയേയും സ്മരിച്ചുകൊണ്ട് ശിവകുടുംബ വന്ദനശ്ലോകം ചെല്ലുന്നത് കുടുംബത്തില്‍ ഐക്യവും അഭിവൃദ്ധിയും സമ്മാനിക്കും . കുടുംബാംഗങ്ങള്‍ തമ്മിലുള്ള സ്വരചേര്‍ച്ചയില്ലായ്മ പരിഹരിക്കാന്‍ പ്രധാന മാര്‍ഗ്ഗം കൂടിയാണിത്.
