പൂജാപുഷ്പങ്ങളിൽ പ്രധാനിയായ തുളസിയെ ഈ ദിനങ്ങളിൽ നുള്ളരുത്..!!

വളരെയധികം ഔഷധഗുണമുള്ളതുമായ സസ്യമാണ് തുളസി. ഭഗവാൻ വിഷ്ണുവിന് ഏറ്റവും പ്രധാനപ്പെട്ട പൂജാപുഷ്പമാണ് തുളസി. ലക്ഷ്മീദേവിയുടെ പ്രതിരൂപമായതിനാൽ വിഷ്ണുഭഗവാന്റെ പ്രിയപ്പെട്ടവൾ എന്ന അർഥത്തിൽ വിഷ്ണുപ്രിയ എന്ന നാമത്തിലും അറിയപ്പെടുന്നു.
സംസ്കൃതത്തിൽ തുളസി എന്നാൽ തുലനമില്ലാത്തത് എന്നാണർഥം. തുളസിയുടെ ഗുണങ്ങൾ ഉള്ള മറ്റൊരു ചെടി ഇല്ലാത്തതിനാലാണ് ഈ പേരുവന്നത്. മഹാവിഷ്ണു തുളസിയെ തലയിലും മാറിലും ധരിക്കുന്നതായി പുരാണങ്ങളിലും പറയുന്നു.
തുളസിച്ചെടിയുടെ സമീപത്ത് അശുദ്ധമായി ചെല്ലാൻ പാടില്ല. തുളസി നുള്ളുന്നത് പകല്‍ സമയത്ത് കിഴക്കോട്ട് തിരിഞ്ഞുവേണം . കറുത്തവാവ്, ദ്വാദശി എന്നീ തിഥികളിലും സൂര്യ-ചന്ദ്രഗ്രഹണകാലത്തും സന്ധ്യയ്ക്കും ഏകാദശിക്കും ചൊവ്വ, വെള്ളി ദിവസങ്ങളിലും സംക്രാന്തിയിലും തുളസി നുള്ളരുത്.
ഭവനത്തിന് മുന്നില്‍ തുളസി നട്ടുവളര്‍ത്തുന്നതും അതിനെ പരിപാലിക്കുന്നതും ഉത്തമമാണ്. നിത്യവും നനയ്ക്കുന്നതും സന്ധ്യയ്ക്ക് തുളസിത്തറയില്‍ ദീപം തെളിയിക്കുന്നതും ശ്രേഷ്ഠമാണ്. വ്യാഴം, ബുധന്‍, ശുക്രന്‍ എന്നീ ദശാകാലങ്ങളുള്ളവര്‍ തുളസിയെ പ്രദക്ഷിണം വയ്ക്കുന്നത് ദോഷശാന്തിക്ക് ഉത്തമമാണ്. പൂജയ്ക്കായോ ഔഷധത്തിനായോ മാത്രമേ തുളസി നുള്ളാൻ പാടുള്ളു.
