ദേവാലയത്തിന് സമീപം വീട് നിര്‍മ്മിക്കാമോ..?

ദേവാലയത്തിന് സമീപം വീട് നിര്‍മ്മിക്കാമോ..? അറിയാം ചില കാര്യങ്ങൾ.. ഗൃഹനിര്‍മ്മാണത്തിന് ദേവാലയസാമീപ്യമുള്ള ഭൂമി തിരഞ്ഞെടുക്കേണ്ടത് ദേവാലയങ്ങളുടെ അഥവാ ക്ഷേത്രങ്ങളുടെ പ്രാധാന്യംകൂടി കണക്കിലെടുത്തായിരിക്കണം എന്നാണു വാസ്തു രംഗത്തെ വിദഗ്ദ്ധർ പറയുന്നത്..
കുടുംബത്തിനനുസരിച്ച് ആരാധിക്കുന്ന കുലദൈവങ്ങളുടെയോ, ധര്‍മ്മദൈവങ്ങളുടെയോക്ഷേത്രമാണെങ്കില്‍ മതില്‍ക്കെട്ടിനുള്ളില്‍മാത്രം ക്ഷേത്രപ്രാധാന്യം കണക്കാക്കിയാല്‍ മതിയാകും. മതില്‍ക്കെട്ടിനു പുറത്ത് നാല് വശത്തുമുള്ള പറമ്പുകള്‍ അവയുടെ കിടപ്പനുസരിച്ച് ഗൃഹനിര്‍മ്മാണത്തിന് സ്വീകരിക്കാവുന്നതാണ്.
ക്ഷേത്രങ്ങള്‍ ശ്രീകോവിലും അതിന്റെ പ്രാകാരമായ ചുറ്റമ്പലവുമുള്ളതാണെങ്കില്‍ അങ്ങനെയുള്ള ക്ഷേത്രങ്ങളുടെ സമീപത്ത് വീടു വെയ്ക്കുമ്പോള്‍ പ്രധാനമായി നാല് നടകളും തടസ്സംവരാത്ത രീതിയില്‍ ഒഴിച്ചിടേണ്ടതാണ്. സൗമ്യദേവന്മാര്‍, ഉഗ്രമൂര്‍ത്തികള്‍ എന്നിങ്ങനെ ദേവന്മാരെ രണ്ടാക്കി തിരിച്ചിട്ടുണ്ട്.
വിഷ്ണു, ഭഗവതി, ഗണപതി തുടങ്ങിയ സൗമ്യദേവന്മാരുടെ ക്ഷേത്രമാണെങ്കില്‍ ആ ദേവന്റെ അല്ലെങ്കില്‍ ദേവിയുടെ മുന്‍വശത്തും വലതുവശത്തും ഗൃഹനിര്‍മ്മാണത്തിന് ഉത്തമമായ സ്ഥാനങ്ങളാണ്. ഇടതുവശവും പിന്‍വശവും ഗൃഹനിര്‍മ്മാണത്തിന് അധമസ്ഥാനങ്ങളുമാണ്. എന്നാല്‍ ഇടതു മുന്‍വശവും വലതു പിന്‍വശവും മിശ്രഫലദായകങ്ങളായും മധ്യമമായും കണക്കാക്കേണ്ടതാണ്.

ശിവന്‍, ഭദ്രകാളി തുടങ്ങിയ രൗദ്രമൂര്‍ത്തികളുടെ ക്ഷേത്രങ്ങളാണെങ്കില്‍ അവയുടെ വലതുവശവും മുന്‍വശവും ഗൃഹനിര്‍മ്മാണത്തിന് യോഗ്യമല്ലാത്തതാണ്. ഇടതുവശവും പിന്‍വശവും വാസയോഗ്യമായ ഭൂമികളായി കണക്കാക്കുകയുമാവാം. അതേപോലെ മേല്‍പറഞ്ഞ ദേവീദേവന്മാരുടെ ക്ഷേത്രങ്ങളുടെ ഇടതുമുന്‍വശം, വലതുപിന്‍വശം എന്നീ ദിക്കുകള്‍ മിശ്രഫലദായകങ്ങളും മദ്ധ്യമവുമായി കണക്കാക്കേണ്ടതാണ്.
ശാസ്താക്ഷേത്രങ്ങളെ രൗദ്രഭാവമുള്ള ദേവനായും സൗമ്യദേവനായും രണ്ടു രീതിയിലും കണക്കാക്കാറുണ്ട്. അതായത് ഗൃഹനിര്‍മ്മാണത്തിന് ഉദ്ദേശിക്കുന്ന ഭൂമിയുടെ നിരപ്പിനേക്കാള്‍ ഉയര്‍ന്ന നിരപ്പില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന അയ്യപ്പക്ഷേത്രമാണെങ്കില്‍ ആ ദേവന്‍ സൗമ്യദേവനായി കണക്കാക്കാം.
അതേസമയം ഗൃഹനിര്‍മ്മാണത്തിന് ഉദ്ദേശിക്കുന്ന ഭൂമിയുടെ നിരപ്പിനേക്കാള്‍ താഴ്ന്ന നിരപ്പിലിരിക്കുന്ന അയ്യപ്പക്ഷേത്രമാണെങ്കില്‍ ആ ദേവന്‍ രൗദ്രമൂര്‍ത്തിയായും കണക്കാക്കേണ്ടതാണ്.എല്ലാ അംഗങ്ങളോടും കൂടിയ പഞ്ചപ്രാകാരങ്ങളുള്ള പൂര്‍ണ്ണക്ഷേത്രമാണെങ്കില്‍ അതിന്റെ മതില്‍ക്കെട്ടിനുപുറത്ത് മേല്‍പറഞ്ഞ നിയമമനുസരിച്ച് ഭവനനിര്‍മ്മാണത്തിന് സ്ഥാനം തിരഞ്ഞെടുക്കാവുന്നതാണ്.
രണ്ടോ അതില്‍കൂടുതലോ നിലകളുള്ള ശ്രീകോവിലുകളാണെങ്കില്‍ അവയുടെ നടകള്‍ക്കുനേരെ തടസ്സമായി വരാതെയും ദേവീദേവപ്രാധാന്യമനുസരിച്ച് സ്ഥാനനിര്‍ണ്ണയം നടത്തി രണ്ടു നിലയുള്ള ഗൃഹങ്ങളും രൂപകല്പനചെയ്യുകയോ പണിയുകയോ ചെയ്യാവുന്നതുമാണ്.
ക്ഷേത്രത്തിന്റെ അടുത്ത് ക്ഷേത്രത്തിനേക്കാള്‍ ഉയരത്തില്‍ ഇരുനിലമാളിക പണിയാന്‍ പാടില്ലാത്തതാണ്. അത് ദോഷം ചെയ്യുമെന്നാണ് ശാസ്ത്രം. എന്നാല്‍ ക്ഷേത്രത്തിന്റെ ഉയരം എന്നതുകൊണ്ടുദ്ദേശിക്കുന്നത് ശ്രീകോവിലിന്റെ താഴികക്കുടം അടക്കമുള്ള ഉയരമാണ്. സ്തുപികാന്തം അടക്കം ഇരുപതടി ഉയരമുണ്ടെങ്കില്‍ പണിയുന്ന ഗൃഹത്തിന്റെ അല്പം ഉയരം കുറച്ചിട്ടായാലും രണ്ടുനില പണിയാന്‍ കഴിയുന്നതാണ്.
അമ്പലവാസികളായ വാരിയര്‍, നമ്പീശന്‍, മാരാര്‍, ശാന്തിക്കാര്‍ തുടങ്ങിയവര്‍ക്ക് ദേവീ ദേവപ്രാധാന്യം കണക്കാക്കാതെ ക്ഷേത്രത്തിന്റെ ഏതു വശത്തായാലും ഗൃഹനിര്‍മ്മാണത്തിന് അനുയോജ്യമാണ്. എന്നാല്‍തന്നെയും ക്ഷേത്രത്തിന്റെ നടകള്‍ ഒഴിവാക്കിത്തന്നെയാണ് ഗൃഹനിര്‍മ്മാണം നടത്തിവരുന്നത്.
The post ദേവാലയത്തിന് സമീപം വീട് നിര്‍മ്മിക്കാമോ..? first appeared on Keralaonlinenews.