ദീപാവലി ദിനത്തിൽ ഇങ്ങനെ വ്രതം അനുഷ്ഠിച്ചാൽ..!!

ഐതീഹ്യങ്ങൾ ഒരുപാട് കെട്ടുപിണഞ്ഞു കിടക്കുന്നുണ്ടെങ്കിലും ദീപങ്ങളുടെ ഉത്സവമായ ദീപാവലി ദേവീ പ്രീതിക്ക് അത്യുത്തമമായ ദിനമാണ്. ഈ ദിനത്തിൽ വ്രതമനുഷ്ഠിച്ചാൽ കുടുംബത്തിൽ ഐശ്വര്യം ഉണ്ടാകുമെന്നാണു പൂർവികരുടെ വിശ്വാസം.
ഇക്കൊല്ലത്തെ ദീപാവലി നവംബർ 04 വ്യാഴാഴ്ചയാണ് വരുന്നത് . ദീപാവലി ആഘോഷങ്ങൾ ഏറ്റവും പ്രധാനമായി നടക്കുന്നത് ഉത്തരേന്ത്യയിലാണ്. ഈ ദിനത്തിൽ വ്രതം അനുഷ്ഠിക്കുന്നതിലൂടെ ലഭിക്കുന്ന ഐശ്വര്യവും ദേവീകടാക്ഷവും വർഷം മുഴുവൻ നിലനിൽക്കുമെന്നാണ് വിശ്വാസം.
വ്രതം അനുഷ്ഠിക്കേണ്ടത് ഇങ്ങനെ?
ദീപാവലിയുടെ തലേന്ന് സൂര്യാസ്തമയം മുതൽ വ്രതം ആരംഭിക്കാം. ഒരിക്കലൂണ് അഭികാമ്യം. ലക്ഷ്മീപ്രീതികരമായ വ്രതാനുഷ്ഠാനമായതിനാൽ പൂർണ ഉപവാസം പാടില്ല. ലഘുഭക്ഷണം ആവാം.
സൂര്യോദയത്തിനു മുന്നേ കുളിച്ച് നിലവിളക്ക് കൊളുത്തി ലക്ഷ്മീ പ്രീതികരമായ മന്ത്രങ്ങൾ ജപിക്കണം. മഹാലക്ഷ്മീ അഷ്ടകം കുറഞ്ഞത് മൂന്നു തവണ ജപിക്കുന്നത് സർവൈശ്വര്യത്തിന് ഉത്തമമാണ്. ലളിതാ സഹസ്രനാമം ജപിച്ച ശേഷം കനകധാരാസ്തോത്രം കൂടി ജപിക്കുന്നത് ദേവീ കടാക്ഷത്തിനും സാമ്പത്തിക ഉന്നമനത്തിനും കാരണമാകും. ദേവീ ക്ഷേത്രദർശനവും അന്നദാനവും ഉത്തമ ഫലം നൽകും.
പ്രഭാതത്തിലും പ്രദോഷത്തിലും 108 തവണ വീതം ‘ഓം ശ്രിയൈ നമ:’ എന്ന ലക്ഷ്മീ മന്ത്രം ജപിക്കുന്നത് സവിശേഷ ഫലദായകമാണ്. ഭവനത്തിൽ ലക്ഷ്മീകടാക്ഷമുണ്ടെങ്കിൽ എല്ലാവിധ ഐശ്വര്യങ്ങളും സിദ്ധിക്കും എന്നാണ് വിശ്വാസം. സർവൈശ്വര്യത്തിന്റെ ദേവതയാണ് ലക്ഷ്മീ ദേവി.
ഭഗവാൻ മഹാവിഷ്ണുവിന്റെ പത്നിയായ മഹാലക്ഷ്മി ആദിപരാശക്തിയുടെ അവതാരമാണ്. ലക്ഷ്മീ പ്രധാനമായ ഈ ദിനത്തിൽ ദേവിയെ ഭജിക്കുന്നതിലൂടെ സാമ്പത്തിക ദുരിതങ്ങൾ അകന്നു പോകും.
