ക്ഷിപ്രപ്രസാദിയായ നരസിംഹമൂര്‍ത്തിയെ ഭജിക്കേണ്ടത് ഇങ്ങനെ..

മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളില്‍ ഏറ്റവും പ്രധാനമാണ് നരസിംഹാവതാരം. ശത്രുസംഹാരത്തിനായി ഉടലെടുത്ത ഉഗ്രമൂര്‍ത്തിയാണെങ്കിലും ഭക്തരില്‍ ക്ഷിപ്രപ്രസാദിയാണ് നരസിംഹമൂര്‍ത്തി.
പ്രഹ്ലാദന്റെ വിളികേട്ട നിമിഷം തന്നെ തൂണ് പിളര്‍ന്നു നരസിംഹമൂര്‍ത്തി പ്രത്യക്ഷനായത് അതിന് ഉദാഹരണമാണ്. തൊഴില്‍ വിവാഹ തടസ്സങ്ങള്‍ നീങ്ങാന്‍ നരസിംഹമൂര്‍ത്തി ക്ഷേത്രങ്ങളില്‍ മനഃശുദ്ധിയോടെയും ഭക്തിയോടെയും നെയ്‌വിളക്ക് കത്തിച്ചു പ്രാര്‍ത്ഥിക്കുന്നത് ഉത്തമമാണ്.
വായുദേവന്റെ നാളായ ചോതിനക്ഷത്ര ദിനത്തില്‍ ഭഗവാനെ തൊഴുതു പ്രാര്‍ത്ഥിച്ചാല്‍ ആപത്തുകളില്‍ നിന്ന് രക്ഷനേടാം. കടബാധ്യത നീക്കി കുടുംബത്തില്‍ ഐശ്വര്യം നിലനില്‍ക്കാന്‍ പതിവായി ചോതിനക്ഷത്ര ദിവസം നരസിംഹ ക്ഷേത്ര ദര്‍ശനം നടത്തുകയോ ഭവനത്തിലിരുന്നു നരസിംഹമൂര്‍ത്തി പ്രീതികരമായ ഭജനകള്‍ നടത്തുകയോ ചെയ്യുന്നത് നല്ലതാണ്.
ഉഗ്രവീരം മഹാവിഷ്ണും
ജ്വലന്തം സര്‍വ്വതോ മുഖം
നൃസിംഹം ഭീഷണം ഭദ്രം
മൃത്യു മൃത്യും നമാമ്യഹം. ഇതാണ് ചൊല്ലേണ്ട മന്ത്രം.
നരസിംഹാവതാരം ത്രിസന്ധ്യാനേരത്തായതിനാല്‍ ആ സമയത്ത് ഭക്തിയോടെ നരസിംഹമൂര്‍ത്തി മന്ത്രം ചൊല്ലുന്നതും ക്ഷേത്ര ദര്‍ശനം നടത്തുന്നതും ഇരട്ടിഫലം നല്‍കുമെന്നാണ് വിശ്വാസം.തുളസിമാല സമര്‍പ്പിക്കുന്നതും അനുയോജ്യമാണ്.
