ഇന്ന് സ്കന്ദഷഷ്ഠി : സുബ്രഹ്മണ്യ പ്രീതിക്കായി ഭക്തര്‍ വ്രതമെടുക്കുന്ന പുണ്യദിനം

സുബ്രഹ്മണ്യ പ്രീതിക്കായി ഭക്തര്‍ വ്രതമെടുക്കുന്ന പുണ്യദിനമായ സ്കന്ദഷഷ്ഠി ഇന്ന്. പുത്രനുണ്ടാകാന്‍ ഷഷ്ഠീവ്രതം വിശിഷ്ടമാണെന്നു ധാരാളം പേര്‍ കരുതുന്നു.അതില്‍ പ്രാധാന്യമര്‍ഹിക്കുന്ന ഒരു ഷഷ്ഠി ദിനമാണ് സ്കന്ദ ഷഷ്ഠി.
തുലാമാസത്തിലെ ഷഷ്ഠിദിനത്തിലാണ് സ്കന്ദഷഷ്ഠി ആഘോഷിക്കുന്നത്. പ്രഥമയില്‍ തുടങ്ങി ആറു ദിവസവും നീണ്ടു നില്‍ക്കുന്ന ഒരു വ്രതമാണ് ഷ്ഷ്ഠീ വ്രതം.സ്കന്ദ ഷഷ്ടി അനുഷ്ടാനത്തില്‍ ആറു ദിവസത്തെ വ്രതം നിര്‍ബ്ബന്ധമാണ്.
ആദ്യത്തെ 5 ദിവസങ്ങളില്‍ രാവിലെ ദേഹശുദ്ധി വരുത്തിയ ശേഷം മന ശുദ്ധിയോടെ ഭഗവത് നാമങ്ങള്‍ ഉരുവിട്ട് ആഹാര ക്രമങ്ങളില്‍ പൂര്‍ണ്ണ നിയന്ത്രണം വരുത്തി കഴിയുക എന്നത് വ്രത നിഷ്ഠയുടെ ഭാഗമാണ്. വ്രത ദിവസവും തലേ ദിവസവും പകലുറക്കം അരുത്.ആദ്യ അഞ്ചു ദിവസങ്ങളില്‍ ഒരു നേരം അരി ആഹാരവും മറ്റു സമയങ്ങളില്‍ ലഘു ഭക്ഷണവും ആണ് കഴിക്കാവുന്നത്.
ഷഷ്ഠി വ്രതം അനുഷ്ഠിക്കുന്നവര്‍ ആറാം ദിവസം രാവിലെ മുരുക ക്ഷേത്രത്തില്‍ എത്തുകയും വൈകുന്നേരം വരെ പൂജകളിലും മറ്റും പങ്കെടുത്ത ശേഷം ഷഷ്ഠി വ്രതം അവസാനിപ്പിക്കുകയും ചെയ്യുന്നു.
സര്‍പ്പാകൃതി പൂണ്ട് തിരോധാനം ചെയ്ത ശ്രീമുരുകനെ സ്വരൂപത്തില്‍ തന്നെ വീണ്ട് കിട്ടുന്നതിനു വേണ്ടി മാതാവായ ശ്രീപാര്‍വ്വതീ ദേവി 108 ഷഷ്ഠി വ്രതമെടുത്ത് പ്രത്യക്ഷപ്പെടുത്തിയതായും താരകാസുര നിഗ്രഹത്തിനായുള്ള യുദ്ധസമയത്ത് അപ്രത്യക്ഷനായ ശ്രീ മുരുകനെ യുദ്ധക്കളത്തില്‍ വീണ്ടും എത്തിക്കുവനായി ദേവന്മാര്‍ വ്രതമെടുത്ത് ഫലസിദ്ധി നേടിയതായും പുരാണങ്ങളില്‍ പറയുന്നു. പൂര്‍ണ്ണ ഭക്തിയോടെ ഷഷ്ഠി വ്രതം അനുഷ്ഠിക്കുന്നവര്‍ക്ക് ഉദ്ദിഷ്ടകാര്യസിദ്ധി ലഭിക്കുമെന്നാണ് വിശ്വാസം.
