അധ്വാനത്തിന്റെ ഉപ്പുപുരളുന്ന ശബരിമലയിലെ കൊപ്രാക്കളങ്ങള്‍

അധ്വാനത്തിന്റെ ഉപ്പുപുരളുന്ന ശബരിമലയിലെ കൊപ്രാക്കളങ്ങള്‍

ശബരിമല: നെയ്യഭിഷേക പ്രിയനായ സ്വാമി അയ്യപ്പന് നാളികേര പ്രിയനെന്നും വിശേഷണമുണ്ട്. കേരളത്തെ കേരളമാക്കിയ നാളികേരമാണ് അയ്യപ്പന്‍റെ ഇഷ്ട നേദ്യം. അതുകൊണ്ടാണ് അയ്യപ്പന്മാര്‍ പമ്പയിലും പതിനെട്ടാംപടിയ്ക്ക് അരികിലും നാളികേരം ഉടയ്ക്കുന്നതും അഭിഷേകത്തിനുള്ള നെയ്യ് തേങ്ങയില്‍ നിറച്ചുകൊണ്ട് വരുന്നതും.

വര്‍ഷം തോറും എത്തുന്ന ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ കൊണ്ടുവരുന്ന നാളികേരം മുഴുവന്‍ നശിച്ചുപോകാതെ സംരക്ഷിച്ചും സംഭരിച്ചും സംസ്കരിച്ചും തിരിച്ച് നാട്ടിലെത്തിക്കുന്ന വലിയ വിഭാഗമുണ്ട് ശബരിമലയില്‍. നട തുറക്കുമ്പോള്‍ തീര്‍ഥാടകര്‍ക്കൊപ്പം മലകയറി ഒടുവില്‍ മകരവിളക്കും കഴിഞ്ഞ് നട അടയ്ക്കുമ്പോള്‍ മല ഇറങ്ങുന്നവര്‍.

അത്രയുംകാലം അധ്വാനം മാത്രം കൈമുതലാക്കി സന്നിധാനത്തെ കൊപ്രാക്കളത്തില്‍ രാപ്പകല്‍ പണിയെടുക്കുന്ന കൊപ്രാ തൊഴിലാളികള്‍. നാട്ടില്‍ പത്തുമാസം എല്ലുമുറിയെ പണിതാലും ദുര്‍വ്യയങ്ങളും അമിത ചിലവും കീശ കാലിയാക്കുമ്പോള്‍ അയ്യപ്പസ്വാമിയുടെ പ്രസാദം ഭക്ഷിച്ച് അധ്വാനം ഭക്തിയാക്കി മാറ്റി വേല ചെയ്ത് ഇത്തിരിയെങ്കിലും സമ്പാദിക്കുന്നവര്‍, കടങ്ങൾ തീർക്കുന്നവർ.

ഭക്തിയോടൊപ്പം അധ്വാനത്തിന്‍റെ ഉപ്പ് പുരളുന്ന കഥകളാണ് ശബരിമലയിലെ കൊപ്രാക്കളങ്ങള്‍ക്ക് പറയുവാനുള്ളത്. എട്ട് കങ്കാണിമാര്‍ക്ക് കീഴില്‍ ഏകദേശം അഞ്ഞുറിന് അടുത്ത് തൊഴിലാളികളായിരുന്നു സന്നിധാനത്തെ കൊപ്രാക്കളത്തില്‍ പണിയെടുത്തിരുന്നത്.

കൊവിഡും പ്രളയവുമെല്ലാം തീർത്ഥാടകരുടെ എണ്ണത്തിൽ കുറവ് വരുത്തിയതോടെ തേങ്ങയുടെ വരവും തൊഴിലാളികളുടെ എണ്ണവും കുറഞ്ഞു. ഇക്കുറി നൂറ്റിഅമ്പതിലേറെ തൊഴിലാളികളാണ് കളത്തിൽ വേലചെയ്യുന്നത്. കങ്കാണിമാരുടെ എണ്ണം ആറായി. പുലര്‍ച്ചെ നാലുമണിയോടെ തുടങ്ങുന്ന അധ്വാനം രാവിലെ ഒമ്പതിന് തീരുന്നു.

പിന്നീടങ്ങോട്ട് മുഴുവന്‍ അധികസമയ ജോലിയിലാണിവര്‍. അധിക വരുമാനമുണ്ട്. ശരാശരി അഞ്ഞൂറ് രൂപയാണ് ഒരു ദിവസം ഒരാൾക്കുള്ള പ്രതിഫലം. അഞ്ചു കൂട്ട തേങ്ങ ചിരട്ടയിൽ നിന്നും അത് കഴിഞ്ഞാൽ പിന്നീടുള്ള ഓരോ കുട്ടയ്ക്കും എഴുപതു രൂപ വച്ച് പ്രതിഫലം നൽകും. ഇങ്ങനെ ദിവസം ആയിരവും ആയിരത്തി അഞ്ഞൂറും രൂപ വരെ നേടുന്നവരുണ്ട്.

അനുഷ്ഠാനാവശ്യം കഴിഞ്ഞ് ശേഖരിക്കുന്ന തേങ്ങ പുക കയറ്റി കാമ്പുമാറ്റി വെയിലത്തോ ഡ്രയറിലോ ഉണക്കി കൊപ്രയാക്കുന്ന പ്രവൃത്തിയാണ് കൊപ്രാക്കളങ്ങളില്‍ നടക്കുന്നത്. പിന്നീടിത് ട്രാക്ടറില്‍ പമ്പയിലെത്തിച്ച് വിവിധ മില്ലുകള്‍ക്ക് എണ്ണയാക്കാന്‍ നല്‍കുന്നു.

തേങ്ങ ശേഖരിക്കാനുള്ള അവകാശം ലേലം ചെയ്യുകയാണ് പതിവ്. രണ്ടുവര്‍ഷമായി വേലഞ്ചിറ ഭാസ്കരനാണ് തേങ്ങസംഭരണ അവകാശം നേടിയത്. കഴിഞ്ഞവര്‍ഷം ഒരു കോടി രൂപയ്ക്ക് നേടിയ അവകാശം ഇക്കുറി ഒരു കോടി തൊണ്ണൂറ്റിരണ്ട് ലക്ഷം രൂപയ്ക്കാണ് ഭാസ്കരൻ സ്വന്തമാക്കിയത്.

കൊറോണ വ്യാപനം കഴിഞ്ഞവർഷം വലിയ തിരിച്ചടിയാണ് നൽകിയതെന്നും ഇക്കുറി തുടക്കം മോശമായിരുന്നെങ്കിലും പതിയെ തീർത്ഥാടകരുടെ എണ്ണം കൂടിയത് പ്രതീക്ഷയ്ക്ക് വകനൽകുന്നെണ്ടെന്നും ഭാസ്ക്കരന്‍ പറഞ്ഞു. ഇത്തവണ വെളിച്ചെണ്ണയ്ക്കും തേങ്ങയ്ക്കും ഉണ്ടായ വിലവര്‍ധന പ്രതീക്ഷ നല്‍കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

ശബരിമലയിൽ മുന്‍പു തന്നെ സജീവമായിരുന്നു കൊപ്രാക്കളങ്ങള്‍. കാടുവെട്ടി കളമൊരുക്കി മരംവെട്ടി വിറകാക്കിയായിരുന്നു അന്നത്തെ സംസ്ക്കരണം. എന്നാല്‍ ക്ഷേത്രപരിസര വികസനത്തിനായി കൊപ്രാക്കളത്തിന്‍റെ സ്ഥാനം പലപ്പോഴും മാറിക്കൊണ്ടിരുന്നു. എങ്കിലും ശബരിമല ക്ഷേത്രത്തിന്‍റെ വികസന ചരിത്രത്തില്‍ കൊപ്രാക്കളങ്ങള്‍ക്കും അവിടുത്തെ തൊഴിലാളികള്‍ക്കും വലിയ സ്ഥാനമുണ്ട്.

The post അധ്വാനത്തിന്റെ ഉപ്പുപുരളുന്ന ശബരിമലയിലെ കൊപ്രാക്കളങ്ങള്‍ first appeared on Keralaonlinenews.

Tags