നിങ്ങൾക്കും സാധിക്കും...! അൽപം ശ്രദ്ധിച്ചാൽ വീട്ടിൽ തന്നെ മുന്തിരിത്തോട്ടം ഉണ്ടാക്കാം
കേരളത്തിലും നട്ടുവളർത്താൻ കഴിയുന്ന ഫലവൃക്ഷങ്ങളിലൊന്നാണ് മുന്തിരി. ചെറിയ ശ്രദ്ധ നൽകിയാൽ വീട്ടുമുറ്റത്തുതന്നെ മുന്തിരി കൃഷി വിജയകരമായി നടത്താം. നല്ല സൂര്യപ്രകാശം ലഭിക്കുന്നത് വളർച്ചയ്ക്കും വിളവിനും ഏറെ പ്രധാനമാണ്. വെളിച്ചം കുറവുള്ള സ്ഥലങ്ങളിൽ നട്ടാലും, ചെടികളെ സൂര്യപ്രകാശമുള്ള ഭാഗത്തേക്ക് പടർത്തി വളർത്താം. സ്ഥലപരിമിതിയുള്ളവർക്കും ഈ രീതിയിൽ കൃഷി ചെയ്യാൻ കഴിയും. മണ്ണിൽ നേരിട്ട് നട്ടുവളർത്തുന്നതാണ് മികച്ച ഫലത്തിന് അനുയോജ്യം.
നടീൽ
1 മീറ്റർ ആഴവും വീതിയുമുള്ള കുഴി എടുത്ത ശേഷം അതിലേക്കു ധാരാളം കമ്പോസ്റ്റ്, ചാണകപ്പൊടി എന്നിവ നിറക്കണം. ഇതിലേക്ക് 1 കിലോ എല്ലുപൊടി, 1 കിലോ വേപ്പിൻ പിണ്ണാക്ക്, 1 കിലോ പൊട്ടാഷ്, 1 കിലോ രാജ്ഫോസ് എന്നിവ കൂടി നിറക്കണം. ശേഷം കുഴി മണ്ണിട്ട് മൂടാം. തൈകൾ നടാൻ സമയം വാം (വെസിക്കുലാർ ആർബസ് ക്കുലാർ മൈക്കോ റൈസ) കൂടി മണ്ണിൽ ചേർക്കാം. മണ്ണിൽ ലഭ്യമായ ഫോസ്ഫറസിനെ കൂടിയ അളവിൽ ചെടികളെ വലിച്ചെടുക്കാൻ സഹായിക്കുന്നതിനു പുറമെ നൈട്രജൻ, പൊട്ടാസ്യം തുടങ്ങിയ മൂലകങ്ങളും വെള്ളവും ധാരാളം ആഗിരണം ചെയ്യുന്നതിന് വാം ചെടികളെ സഹായിക്കും. എല്ലാ ദിവസവും ചെടി നന്നായി നനച്ചു കൊടുക്കണം.
കടല പിണ്ണാക്ക് പുളിപ്പിച്ചത് എല്ലാ മാസവും നൽകുന്നത് ചെടികളുടെ വളർച്ചയെ സഹായിക്കും. 100-250 ഗ്രാം കടല പിണ്ണാക്ക് 1-2 ലിറ്റർ വെള്ളത്തിൽ ഒരു ദിവസം വെച്ചതിന്റെ തെളി ഒഴിച്ച് കൊടുത്താൽ മതിയാവും. ഇടയ്ക്കിടെ ചാണകപ്പൊടി, എല്ലുപൊടി എന്നിവ നൽകുന്നതും മുന്തിരി ചെടികളുടെ സുഗമമായ വളർച്ചയ്ക്ക് നല്ലതാണ്.
പ്രൂണിങ് (കോതി ഒതുക്കൽ)
ചെടി കാട് പോലെ വളർന്നു, കായ ഉണ്ടാവുന്നില്ല – പലരും പറയുന്ന പരാതി ആണിത്. മുന്തിരി ചെടികളിൽ അവയുടെ കൊമ്പ് കോതൽ പരമ പ്രധാനമാണ്. 1.5 വർഷം പ്രായമായ ചെടികളിലെ പെൻസിൽ വണ്ണമുള്ള ശാഖകളിലാണ് പൂക്കൾ ഉണ്ടാവുക, വർഷത്തിൽ 3 തവണ മുന്തിരി പൂക്കും. മഴയില്ലാത്ത സമയം നോക്കി പ്രൂണിംഗ് ചെയ്യാം. പെൻസിൽ വണ്ണമുള്ള ശാഖകൾ നിർത്തി, ചെടിയിലെ മറ്റിലകൾ, സ്പ്രിംഗ് വള്ളികൾ ഇവ മുറിച്ചു കളയണം. ഇതിന് ശേഷം ചെടിയിൽ ഉണ്ടാവുന്ന ശിഖരങ്ങളിൽ ഇലകളും അതോടൊപ്പം പൂക്കളും പ്രത്യക്ഷപ്പെടും. പൂവിട്ട ശേഷം 3 മാസം കൊണ്ടാണ് കായ പഴുത്തു തുടങ്ങുക. ഈ ഘട്ടത്തിൽ കായകൾ പ്ലാസ്റ്റിക്ക് കവറുകൾ കൊണ്ട് പൊതിഞ്ഞു സൂക്ഷിക്കുന്നത് നല്ലതാണ്.
മുന്തിരി കുലകൾ ചെടിയിൽ വെച്ചുതന്നെ പഴുക്കാൻ അനുവദിക്കണം. പഴുത്തു തുടങ്ങുന്ന സമയത്ത് ജലസേചനം പാടില്ല. കായകൾക്കു നല്ല മധുരം ലഭിക്കാനാണ് ഇങ്ങിനെ ചെയ്യുന്നത്. സ്യൂഡോമോണസ് മാസത്തിൽ ഒരിക്കൽ പ്രയോഗിക്കുന്നത് ചെടികൾക്ക് നല്ലതാണ്. വിളവെടുപ്പിനുശേഷം കൊമ്പുകോതിയാൽ രണ്ടു വർഷത്തിനുള്ളിൽ മൂന്നുതവണ വിളവെടുക്കാം. പഴങ്ങൾ കിളി കൊത്താതിരിക്കാൻ നെറ്റ് വിരിച്ച് സംരക്ഷിക്കാം. നന്നായി പരിചരിച്ചാൽ മുന്തിരി 30 വർഷം വരെ നിലനിൽക്കും.
.jpg)

