വീട്ടിൽ പച്ചക്കറി തോട്ടമുണ്ടാക്കാൻ ഇതാ എളുപ്പ വഴികൾ
Apr 10, 2025, 08:30 IST


വീട്ടിലൊരു തോട്ടമുണ്ടാകുന്നതിലൂടെ പച്ചക്കറികൾ ഫ്രഷ് ആയി ലഭിക്കുകയും വീടിന് ഒരു ഏസ്തറ്റിക് ലുക്ക് കിട്ടുകയും ചെയ്യുന്നു. പച്ചക്കറി തോട്ടമുണ്ടാക്കാൻ ഈ എളുപ്പ വഴികൾ ചെയ്തുനോക്കൂ.
സ്ഥലം
അധിക ചെടികൾക്കും ആവശ്യം ശരിയായ രീതിയിലുള്ള സൂര്യപ്രകാശമാണ്. അതുകൊണ്ട് തന്നെ നല്ല രീതിയിൽ സൂര്യപ്രകാശം ലഭിക്കുന്ന വായുസഞ്ചാരമുള്ള സ്ഥലം ആണ് ചെടികൾ നട്ടുപിടിപ്പിക്കാൻ തെരഞ്ഞെടുക്കേണ്ടത്. വീടിന് പുറത്താണ് നിങ്ങൾ ഗാർഡൻ ഒരുക്കുന്നതെങ്കിൽ മണ്ണിന്റെ ഗുണം മനസിലാക്കി ചെയ്യാവുന്നതാണ്. ഇനി വീടിന്റെ ടെറസിലോ ബാൽക്കണിയിലോ ആണ് ഗാർഡൻ ഒരുക്കുന്നതെങ്കിൽ ഹാങ്ങ് പൊട്സ് അല്ലെങ്കിൽ റൈലിങ് പ്ലാന്റേഴ്‌സ് ഉപയോഗിച്ച് ഗാർഡൻ ഉണ്ടാക്കാൻ സാധിക്കും.
വേഗത്തിൽ വളരുന്ന ചെടികൾ
തുടക്കത്തിൽ തന്നെ വളരാൻ സമയമെടുക്കുന്നതോ അധിക പരിചരണം ആവശ്യമായതോ ആയ ചെടികൾ വളർത്താൻ തെരഞ്ഞെടുക്കരുത്. പകരം വേഗത്തിൽ വളരുന്നവ തെരഞ്ഞെടുക്കുന്നതാണ് നല്ലത്. മിന്റ്, കൊറിയണ്ടർ തുടങ്ങിയ ചെടികൾ എളുപ്പത്തിൽ വളരുന്നവയാണ്. പച്ചക്കറികളായ തക്കാളി, ചീര, റാഡിഷ് എന്നിവയും എളുപ്പത്തിൽ വളരും.

മണ്ണും വളവും
നന്നായി സസ്യങ്ങൾ വളരണമെങ്കിൽ നല്ല ഗുണമുള്ള മണ്ണ് വേണം. ചെടികൾക്ക് പോഷക ഗുണങ്ങൾ ലഭിക്കുന്നത് മണ്ണിൽ നിന്നുമാണ്. അതുകൊണ്ട് തന്നെ നല്ല ഗുണമുള്ള പോട്ടിങ് മിക്സ് ഉണ്ടാക്കി വേണം ചെടികൾ നട്ടുപിടിപ്പിക്കാൻ. ചിലർ കണ്ടെയ്നറുകളിൽ ചെടികൾ വളർത്താറുണ്ട്. അത്തരം സാഹചര്യങ്ങളിൽ വായുസഞ്ചാരവും, വേരുകൾ വളരാനുള്ള സ്ഥലവും ഉണ്ടെന്ന് ഉറപ്പ് വരുത്തണം. വളമായി പച്ചക്കറി അവശിഷ്ടങ്ങൾ, മുട്ടത്തോട് അല്ലെങ്കിൽ വെർമി കംബോസ്റ്റ്, ചാണകം എന്നിവയും ഉപയോഗിക്കാം.
പരിപാലനം
ചെടികൾക്ക് ആവശ്യമായ വെള്ളം ഒഴിച്ചുകൊടുക്കുന്നതാണ് ഗാർഡനിങ്ങിലെ പ്രധാനമായ ജോലി. അമിതമായി വെള്ളം ഒഴിച്ച് കൊടുക്കുകന്നതും എന്നാൽ വെള്ളം കുറച്ച് ഉപയോഗിക്കുന്നതും ചെടികൾ നശിച്ചുപോകാൻ കാരണമാകും. ഓരോ ചെടികൾക്കും വ്യത്യസ്ത രീതികളാണുള്ളത്. അവ മനസിലാക്കി വേണം വെള്ളം നനക്കേണ്ടത്. അതിരാവിലെയോ അല്ലെങ്കിൽ വൈകിട്ടോ ആണ് ചെടികൾ നനക്കാൻ ഏറ്റവും ഉചിതമായ സമയം. പ്രകൃതിയിലെ ചൂട് കുറഞ്ഞ് വരുന്ന സമയമാണ് ഇത്. നിരന്തരമായി വെള്ളം ഒഴിച്ച് കൊടുക്കുന്നത് തടയാൻ, ഈർപ്പത്തെ നിലനിർത്താൻ സഹായിക്കുന്ന പുല്ല് അല്ലെങ്കിൽ ഉണങ്ങിയ ഇലകളോ ചെടിക്ക് ചുറ്റും ഇട്ടുകൊടുക്കാവുന്നതാണ്. കൃത്യമായ സമയങ്ങളിൽ ചെടികളെ നിരീക്ഷിച്ച് കേടായതോ പഴുത്തതോ ആയ ഇലകൾ പിഴുത് കളയണം. ഇത് ചെടികളിൽ പുതിയ ഇല വരാൻ സഹായിക്കും