വീട്ടിൽ എളുപ്പത്തിൽ തക്കാളി കൃഷി ചെയ്യാം ; വിളവ് വർധിപ്പിക്കാൻ ഇങ്ങനെ ചെയ്യൂ....

Tomato cultivation

വീട്ടിൽ തന്നെ എളുപ്പമായി വളർത്താനാകുന്ന പച്ചക്കറികളിൽ ഒന്നാണ് തക്കാളി. അടുക്കളത്തോട്ടത്തിൽ അനിവാര്യമായ ഈ വിള, ചെടിച്ചട്ടികൾ, ചാക്കുകൾ, ഗ്രോ ബാഗുകൾ തുടങ്ങിയവയിൽ വളരെ സുഖമായി വളർത്താം. വിത്ത് പാകി മുളപ്പിച്ചതിന് ശേഷം തൈകൾ മാറ്റി നട്ടാൽ മികച്ച വളർച്ച ലഭിക്കും. ഉഷ്ണകാല സസ്യമായ തക്കാളി, വരണ്ട കാലാവസ്ഥയുള്ള ഉഷ്ണമേഖല പ്രദേശങ്ങളിൽ നല്ല രീതിയിൽ വളരും. എന്നാൽ കീടാക്രമണം കൂടുതലായി നേരിടുന്ന വിളയാണെന്നതിനാൽ കൃത്യമായ പരിചരണവും സംരക്ഷണവും അത്യാവശ്യമാണ്.

വിത്തുകൾ പാകുന്നതിന് മുമ്പ് ഒരു മണിക്കൂർ രണ്ടു ശതമാനം വീര്യമുള്ള സ്യുഡോമോണാസ് ലായനിയിൽ മുക്കി വെക്കുന്നത് വളരെ നല്ലതാണ്. ഒരു മാസം പ്രായമായ തൈകൾ പറിച്ചു നടാം. നടുന്നതിന് മുമ്പും സ്യുഡോമോണാസ് ലായനിയിൽ മുക്കി വെക്കുന്നത് നല്ലതാണ്. നേരിട്ട് മണ്ണിൽ നടുമ്പോൾ മണ്ണ് നന്നായി കിളച്ചിളക്കി, കല്ലും കട്ടയും കളഞ്ഞ്, അടിവളമായി ഉണങ്ങിയ ചാണകം, കമ്പോസ്റ്റ് ഇവ ചേർക്കാം. കുമ്മായം ചേർത്ത് മണ്ണിന്റെ പുളിപ്പ് കുറയ്ക്കുന്നതും നല്ലതാണ്. ചാക്കിലോ ഗ്രോ ബാഗിലോ ആണെങ്കിൽ മണ്ണ്, ചാണകപ്പൊടി, ചകിരിചോറ് എന്നിവ തുല്യ അളവിൽ ചേർത്ത് ഇളക്കി നടാം.

കടല പിണ്ണാക്ക്/കപ്പലണ്ടി പിണ്ണാക്ക് വെള്ളത്തിൽ ഇട്ടു പുളിപ്പിച്ചത് നാലിരട്ടി വെള്ളം ചേർത്ത് ഒഴിച്ച് കൊടുക്കാം. ഫിഷ്‌ അമിനോ ആസിഡ്, പഞ്ചഗവ്യം, ജീവാമൃതം, ഇവയൊക്കെ ഒരാഴ്ച ഇടവിട്ടു കൊടുക്കാം. ചെടി വളർന്നു വരുമ്പോൾ ഒടിഞ്ഞുപോകാതിരിക്കാൻ താങ്ങ് കൊടുക്കണം. സ്യുഡോമോണാസ് ലായനി 10 ദിവസം അല്ലെങ്കിൽ രണ്ടാഴ്ച കൂടുമ്പോൾ ഒഴിച്ച് കൊടുക്കുന്നത് വളരെ നല്ലതാണ്.

രാസവളത്തോട് വളരെ നന്നായി പ്രതികരിക്കുന്ന കുടുംബക്കാരിയായതുകൊണ്ടുതന്നെ തക്കാളിക്ക് വളംചെയ്യുമ്പോൾ ശ്രദ്ധിക്കണം. മടലുകത്തിച്ച ചാരം തക്കാളിക്ക് കൊടുക്കരുത്. രണ്ടാഴ്ചയിലൊരിക്കൽ പൊട്ടാഷ് 20 ഗ്രാം തടത്തിലും സൂക്ഷ്മമൂലക മിശ്രിതം മൂന്നുഗ്രാം ഒരുലിറ്റർ വെള്ളത്തിൽ കലക്കി സ്പ്രേ ചെയ്യുന്നതും ഉത്പാദനം കൂട്ടും.

Tags